2016-04-21 19:12:00

വിശുദ്ധവത്സരം ആഘോഷിക്കാന്‍ വത്തിക്കാനിലേയ്ക്ക് കുട്ടികളുടെ വന്‍പ്രവാഹം


ജൂബിലി ആഘോഷിക്കാന്‍ കുട്ടികള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വത്തിക്കാനില്‍ എത്തിച്ചേരും. ഏപ്രില്‍ 23, 24 25 ദിവസങ്ങളിലാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 13-നും  16-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ വത്തിക്കാനില്‍ സംഗമിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുംമായി 60,000-ല്‍ ഏറെ കുട്ടികള്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പമുള്ള കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ പങ്കെടുക്കുവാന്‍ റെജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്ന്, ജൂബിലി പരിപാടികളുടെ സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for New Evangelization)  പ്രസ്താവന വെളിപ്പെടുത്തി.

ആദ്യദിനമായ ശനിയാഴ്ച. (ഏപ്രില്‍ 23) രാവിലെ മുതല്‍ കുട്ടികള്‍ വത്തിക്കാന്‍റെ രാജവീഥിയിലൂടെ (Via Reconciliation)നിരന്ന്, ജൂബിലികവാടം കടന്ന്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക സന്ദര്‍ശിക്കും.   ഇതിനിടയില്‍ സഭാമാതാവിന്‍റെ മാതൃകരങ്ങളെ പ്രതിനിധാനംചെയ്യുന്ന ബെര്‍ണീനിയുടെ സ്തംഭാവലികളി‍ക്കിടയില്‍ ( Colonnade) ഒരുക്കപ്പെടുന്ന 150 വേദികളില്‍ കുട്ടികളുടെ അനുരജ്ഞനത്തിന്‍റെ കൂദാശ, കുമ്പസാരം നടക്കും.    ഉച്ചതിരിഞ്ഞ് വത്തിക്കാനിലെ ചത്വരത്തില്‍ കുട്ടികള്‍ സമ്മേളിച്ച് പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപത്തെ സാക്ഷ്യംനിറുത്തി വിശ്വാസപ്രഖ്യാപനം നടത്തും.

രാത്രി 8 മണിക്ക് റോമിലെ ഒളിംപിക്സ്റ്റേഡിയം കുട്ടികളുടെ ആത്മീയസംഗമത്തിന് വേദിയാകും. ആത്മീയ കാലാവിരുന്നാകാന്‍ പോകുന്ന ഈ സംഗമത്തില്‍ ക്രൈസ്തവരായ വിശ്വാത്തര കലാകാരന്‍മാരും കലാകാരികളും സിനിമയുടെയും, സംഗീതത്തിന്‍റെയും ഇതരകലകളുടെയും  ലോകത്തുനിന്നുമുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും, അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും.

രണ്ടാം ദിവസമായ ഞായറാഴ്ച (ഏപ്രില്‍ 24)

പ്രാദേശിക സമയം രാവിലെ 10 മണിക്ക്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രത്യേകവേദിയില്‍  പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയില്‍ കുട്ടികള്‍ പങ്കെടുക്കും.. കുട്ടികളുമായി പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.    കുട്ടികള്‍ക്ക് പാപ്പായെ അടുത്തു കാണുവാനും അഭിവാദ്യംചെയ്യുവാനുമുള്ള അവസരംകൂടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

തുടര്‍ന്നുള്ള സമയയവും തിങ്കളാഴ്ചയും (ഏപ്രില്‍ 25) റോമിലെ പ്രശസ്തമായ 7 ചത്വരങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന ‘കാരുണ്യത്തിന്‍റെ കൂടാരങ്ങളു’ടെയും, റോമിലെ മറ്റു ശ്രദ്ധേയമായ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും സന്ദര്‍ശനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തികളെക്കുറിച്ചുള്ള സാക്ഷ്യങ്ങളും പ്രദര്‍ശനവും ഈ വേദികളില്‍ കുട്ടികള്‍ക്കായി ലഭ്യമാക്കുംമെന്ന് സംഘാടകരുടെ (Pontifical Council for New Evangelization) പ്രസ്താവന വെളിപ്പെടുത്തി.

വത്തിക്കാന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ജൂബിലസംഗമം ഫലവത്താക്കുവാനും സുഗമമാക്കുവാനും  റോമാരൂപതയും. മറ്റുസംഘടനകളും, ഇറ്റാലിയന്‍ പൊലീസും സംയുക്തമായി ശ്രദ്ധേയമായ ഒരുക്കത്തിലാണെന്ന് സംഘാടകര്‍ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. 

 Info: http://www.gmg2016.it/giubileo-dei-ragazzi  

http://www.chiesacattolica.it/giovani

 








All the contents on this site are copyrighted ©.