2016-04-15 09:01:00

ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലെത്തും ചുറ്റുപാടുകള്‍ ഏറെ സങ്കീര്‍ണ്ണം


ഏപ്രില്‍ 16-ാം തിയതി രാവിലെ പാപ്പാ വത്തിക്കാനില്‍നിന്നും പുറപ്പെടും. രണ്ടര മണിക്കൂര്‍ പറന്ന് ഗ്രീസിലെത്തുന്ന പാപ്പാ രാജ്യാന്തര മോചനം തേടുന്ന അധികവും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ആ ദിവസം ചിലവൊഴിക്കും. വൈകുന്നേരം 5 മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.

എന്നാല്‍ ഗ്രീസിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ ഏറെ പരിതാപകരമാണെന്ന്, അവിടത്തെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഫ്രാങ്കിസ്ക്കോസ് പാപാമനോലിസ് പ്രസ്താവിച്ചു. 

തുര്‍ക്കിവഴി ഗ്രീസിന്‍റെ ദ്വീപുകളിലേയ്ക്ക് സിറിയ-മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍നിന്നും ആദ്യമാദ്യം എത്തിവയവരെ അനധികൃക കുടിയേറ്റക്കാരായി ഗ്രീസ് സ്വീകരിച്ചു. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഗ്രീസിനു താങ്ങാവുന്നതിലും വന്‍വിപ്രവാസമാണ് ലെസ്ബോസ്പോലുള്ള ദ്വീപുകളിലേയ്ക്കു ഇപ്പോള്‍ നടക്കുന്നത്. കുടിയേറ്റക്കാരുടെ അതിരുകടന്നുള്ള പ്രവൃത്തികള്‍ തദ്ദേശവാസികളുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.  ഭക്ഷണത്തിനും പാര്‍പ്പിടത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ക്ലേശിക്കുന്ന അഭയാര്‍ത്ഥികള്‍, വിശിഷ്യാ കുഞ്ഞുങ്ങളും സ്ത്രീകളും ഏറെയാണെന്നും, ഭക്ഷണം കുടിവെള്ളംപോലുള്ള ആവശ്യങ്ങള്‍ക്കായി പിടിച്ചുപറിയും അതിക്രമങ്ങളും ചിലപ്പോള്‍ അരങ്ങേറുണ്ടെന്നും ഗ്രീസിന്‍റെ ലെസ്ബോസ്, കോസ്, സാമോസ്, ചിയോസ് മുതലായ മറ്റു ദ്വീപുകളും ഈയിടെ സന്ദര്‍ശിച്ചിട്ടുള്ള ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് വ്യക്തമാക്കി.

കത്തോലിക്കര്‍ ഗ്രീസില്‍ ന്യൂനപക്ഷമാണ്. ദേശീയ സഭയ്ക്കോ, അവിടത്തെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്കോ, ഗ്രീസിലെ സര്‍ക്കാരിനുപോലും കൈകാര്യംചെയ്യാനാവാത്ത വന്‍കുടിയേറ്റ പ്രതിഭാസമാണ് ഗ്രീസില്‍ സംഭവിച്ചിരിക്കുന്നത്. യൂറോപ്പ്, അമേരിക്കപോലുള്ള വന്‍ഭൂഖണ്ഡ‍ങ്ങളിലേയ്ക്കുള്ള ഈ മനുഷ്യക്കുതിപ്പിനെ തടയുകയല്ല, ആത്മസംയമനത്തോടെ നേരിടുകയും തുണയ്ക്കുകയുമാണു വേണ്ടതെന്ന്, ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

ഇങ്ങനെയുള്ള ഏറെ സങ്കീര്‍ണ്ണമായ ചുറ്റുപാടിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് ഇടയസന്ദര്‍ശനം നടത്തുന്നത്, ശനിയാഴ്ച രാവിലെ ഏകദിന സന്ദര്‍ശനത്തിനെത്തുന്നത്. വേദനിക്കുന്ന മനുഷ്യര്‍ക്ക് പാപ്പായുടെ ആത്മീയസാമീപ്യം പ്രത്യാശയും സാന്ത്വനവും പകരുമെന്നതില്‍ സംശയമില്ല.  പരിത്യക്തരായ ഈ ജനസഞ്ചയത്തിന്‍റെ ആവശ്യങ്ങളിലേയ്ക്ക് ലോകനേതാക്കളുടെയും, ലോകജനതയെത്തന്നെ കണ്ണുതുറക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ധീരമായ ഇടയസന്ദര്‍ശനമെന്നും ആര്‍ച്ചുബിഷപ്പ് പാപാമനോലിസ് പ്രസ്താവിച്ചു.

 








All the contents on this site are copyrighted ©.