2016-04-15 08:11:00

അരൂപിയുടെ പ്രചോദനങ്ങള്‍ തിരസ്ക്കരിക്കരുത് : പാപ്പായുടെ വചനസമീക്ഷ


ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് അരൂപിയുടെ പ്രചോദനങ്ങള്‍ തിരസ്ക്കരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.

‘നിയമങ്ങളോടുള്ള വിശ്വസ്തത’ പ്രഖ്യാപിച്ച്, പലപ്പോഴും നമ്മുടെ പ്രവൃത്തികള്‍ ന്യായീകരിക്കാന്‍വേണ്ടി, അരൂപിയുടെ പ്രചോദനങ്ങള്‍ തള്ളിക്കളയുന്നുണ്ടെന്ന് അപ്പോസ്തോല നടപടിപ്പുസ്തകത്തിലെ ഫിലിപ്പോസിന്‍റെയും എത്യോപ്യന്‍ ഷണ്ഡന്‍റെയും കൂടിക്കാഴ്ചയെ അധികരിച്ചുകൊണ്ടായിരുന്നു പാപ്പായുടെ വചനചിന്തകള്‍ (നടപടി 8, 26-40). അപ്പസ്തോലന്‍ ഫിലിപ്പോസ് ജരൂസലേത്തുനിന്നും ഗാസായിലേയ്ക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എത്യോപ്യന്‍ ഷണ്ഡനെ കണ്ടുമുട്ടുന്നതും, അരൂപിയുടെ പ്രേരണയാല്‍ അയാളുമായി ഇടപെട്ട്, ജ്ഞാനസ്നാനം നല്കുന്ന സംഭവം വിവരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

ഇന്നത്തെ ലേഖനം വിവരിക്കുന്ന സംഭവത്തിലെ മുഖ്യകഥാപത്രം എത്യോപ്യക്കാരനോ, അപ്പസ്തോലന്‍ ഫിലിപ്പോസോ അല്ല, അദൃശ്യനായ കര്‍ത്താവിന്‍റെ അരൂപിയാണെന്ന് പാപ്പാ സ്ഥാപിച്ചു. സഭയ്ക്ക് ജന്മം നല്കിയ അരൂപിയാണ്, പരിശുദ്ധാത്മാവാണ് സഭയെ എന്നും നയിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജരൂസലേം ദേവാലയത്തിന്‍റെ സുന്ദരകവാടത്തില്‍വച്ച് പത്രോസും യോഹന്നാനും മുടന്തനെ സുഖപ്പെടുത്തിയതും, സ്റ്റീഫന്‍ ക്രിസ്തുവിലുള്ള വിശ്വാസം അത്ഭുതകരമായി പ്രഘോഷിച്ച് രക്തസാക്ഷിത്വം വരിച്ചതും കര്‍ത്താവിന്‍റെ അരൂപിയാലാണെന്ന ആദിമസഭയിലെ സത്യങ്ങള്‍ മറന്ന്, നിയമത്തിന്‍റെ അക്ഷരങ്ങളിലും വള്ളിപുള്ളിയിലും ഇന്നു നാം കടിച്ചുതൂങ്ങുന്നത് മൗഢ്യാമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജരൂസലത്തെ തന്‍റെ തിരക്കിട്ട സഭാപ്രവര്‍ത്തനങ്ങളുടെ പ്ലാനും പദ്ധതിയും മാറ്റിവച്ച് അരൂപി നിര്‍ദ്ദേശിച്ചിടത്തേയ്ക്ക് ഫിലിപ്പോസ് നീങ്ങിയപ്പോഴാണ്, എത്യോപ്യനെ കണ്ടതും, അയാളുടെ ഹൃദയത്തെ കര്‍ത്താവിന്‍റെ അരൂപി സ്പര്‍ശിച്ചതെന്നും, അയാള്‍ ക്രിസ്തുവിന്‍റെ നവജീവനില്‍ പ്രവേശിച്ചത്, വിശ്വാസത്തിന്‍റെ വെളിച്ചം അയാള്‍ക്കു കിട്ടിയതെന്ന് പാപ്പാ വ്യക്തമാക്കി.  അതിനാല്‍ അരൂപിയോടുള്ള തുറവാണ് സഭയെ നയിക്കുന്നതും, വളര്‍ത്തുന്നതെന്നും പാപ്പാ സമര്‍ത്ഥിച്ചു.

ക്രിസ്തുവിനെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന എത്യോപ്യനെ ക്രിസ്തു ശിഷ്യനും വചനപ്രഘോഷകനുമായ ഫിലപ്പോസ് കണ്ടുമുട്ടിയെങ്കിലും, എത്യോപ്യന്‍റെ ഹൃദയത്തില്‍ സന്തോഷം ഉദിച്ചത് അയാളുടെ വചനത്തെക്കുറിച്ചുള്ള ആകാംക്ഷയില്‍ കര്‍ത്താവിന്‍റെ അരൂപി വെളിച്ചം വിതറിയപ്പോഴാണ്. അതിനാല്‍ ദൈവാരൂപിയാണ് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നത്, സന്തോഷത്താല്‍ നിറയ്ക്കുന്നതെന്ന് പാപ്പാ വ്യാക്തമാക്കി.

“കര്‍ത്താവേ, അങ്ങു സംസാരിക്കണമേ, അങ്ങേ ദാസനിതാ ശ്രവിക്കുന്നു!” എന്ന സാമുവല്‍ പ്രവാചകന്‍റെ പ്രാര്‍ത്ഥനയോടെയാണ് തന്‍റെ വചനസമീക്ഷ പാപ്പാ ഉപസംഹരിച്ചത്. സഭയെ മുന്നോട്ടു നയിക്കുവാനും, ക്രൈസ്തവ ഹൃദയങ്ങളെ അനുദിനം നന്മയുടെ പാതയില്‍ മുന്നോട്ടു നയിക്കുന്നതിനും, സാമൂവല്‍ പ്രവാചകന്‍റെ പ്രാര്‍ത്ഥന നമുക്ക് സ്വായത്തമാക്കാം, “കര്‍ത്താവേ, അങ്ങ് സംസാരിക്കണേ, ഇതാ, അങ്ങേ ദാസര്‍ ശ്രവിക്കുന്നു!” കര്‍ത്താവിന്‍റെ അരുപിയോടുള്ള അനുസരണം, വിധേയത്വം പ്രകടമാക്കുന്ന പ്രാര്‍ത്ഥനയാണിതെന്ന് വചനചിന്തകള്‍ ഉപസംഹരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.


 








All the contents on this site are copyrighted ©.