2016-04-14 19:08:00

രക്തസാക്ഷിത്വത്തിന്‍റെ കാലഘട്ടമാണിത് : പാപ്പാ ഫ്രാന്‍സിസ് വൈദികവിദ്യാര്‍ത്ഥികളോട്


റോമിലുള്ള സ്കോട്ട്ലാന്‍റിലെ വൈദികവിദ്യാര്‍ത്ഥികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.  ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളിലാണ് (Consistory Hall) സ്കോട്ടലണ്ടില്‍നിന്നും വന്ന് റോമിലെ Pontifical Scots College-ല്‍ വൈദികപഠനം നടത്തുന്ന  35 വിദ്യാര്‍ത്ഥികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

400 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1616-ല്‍ മാര്‍ച്ച് 11-ാം തിയതി വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി റോമിലെ സ്ക്കോട്ടിഷ് കോളെജില്‍നിന്നും സ്കോട്ട്ണ്ടിലേയ്ക്കു പുറപ്പെട്ട 16 യുവവൈദികരുടെ സമര്‍പ്പണവും ധീരമായ വിശ്വാസപ്രഖ്യാപനവും കൂടിക്കാഴ്ചയില്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വൈദികവിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തത്.

രക്തസാക്ഷിത്വത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, ഇന്നിന്‍റെ ലോകസംസ്ക്കാരം സുവിശേഷത്തിനും സുവിശേഷമൂല്യങ്ങള്‍ക്കും വിരുദ്ധമാകുന്നുണ്ടെന്നും വൈദികവിദ്യാര്‍ത്ഥികളെ പാപ്പാ അനുസ്മരിപ്പിച്ചു. അതിനാല്‍ ധീരരായ സ്ക്കോട്ടിഷ് രക്തസാക്ഷികളെയും മിഷണറിമാരെയും മാതൃകയാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എല്ലാറ്റിനും ഉപരിയായി ക്രിസ്തുവിനെ സ്നേഹിക്കുവാനും അവിടുത്തെ അനുകരിക്കുവാനും വൈദികര്‍ക്കു കഴിയണമെന്നും കൂടിക്കാഴ്ചയില്‍ പാപ്പാ ആഹ്വാനംചെയ്തു.

റോമിലെ ഇതേ സെമിനരിയില്‍നിന്നും സ്ക്കോട്ട്ലണ്ടിലേയ്ക്ക് വിശ്വാസപ്രഘോഷകരായി പോയ നിങ്ങളുടെ പൂര്‍വ്വികരായ വൈദികസഹോദരങ്ങള്‍ പ്രകടമാക്കിയ ധീരതയും സമര്‍പ്പണവും ഉള്‍ക്കൊണ്ടു ജീവിക്കുവാനും, വൈദികപരിശീലനത്തില്‍ മുന്നേറുവാനും ഇന്നത്തെ തലമുറയ്ക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സ്ക്കോട്ട്ലണ്ടിന്‍റെ മണ്ണില്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ഈശോ സഭാംഗമായ മിഷണറി വൈദികന്‍, വിശുദ്ധനായ ജോണ്‍ ഒല്‍ജിവിയെയുടെ മാതൃകയും പ്രഭാഷണമദ്ധ്യേ പാപ്പാ ചൂണ്ടിക്കാട്ടി.

അനുദിന ജീവിതസാഹചര്യങ്ങളില്‍ ഇന്ന് ക്രിസ്തുവില്‍നിന്നും അകന്നിരിക്കുന്നവര്‍ നിരവധിയാണ്. അവരെ നേരില്‍ക്കണ്ടും, നിങ്ങളുടെ ജീവിതത്യാഗവും സമര്‍പ്പണവും അവര്‍ക്ക് മാതൃകയായി  നല്കിക്കൊണ്ടും ജനമദ്ധ്യത്തില്‍, വിശിഷ്യ യുവജനങ്ങളുടെമദ്ധ്യേ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാകാന്‍ ഈ ജൂബിലവത്സരത്തില്‍ പഠനവും രൂപീകരണവും നിങ്ങളെ സഹായിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.