2016-04-14 09:32:00

പാപ്പാ ഫ്രാന്‍സിസിനെ കാത്തിരിക്കുന്ന ഗ്രീസിലെ അഭയാര്‍ത്ഥികള്‍


ലെസ്ബോസിലെ അഭയാര്‍ത്ഥികള്‍ പാപ്പാ ഫ്രാന്‍സിസിനെ കാത്തിരിക്കയാണെന്ന്, കാരിത്താസ് ഇന്‍റര്‍ നാഷണല്‍ ഉപവി പ്രസ്ഥാനത്തിന്‍റെ (Caritas International) ഗ്രീസിലെ വക്താവ്, ടോണിയ പാത്രിക്യാദു പ്രസ്താവിച്ചു. ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ചയാണ് ഗ്രിസിന്‍റെ അഭയാര്‍ത്ഥി ദ്വീപായ ലെസ്ബോസ് പാപ്പാ സന്ദര്‍ശിക്കുന്നത്. കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമനും, ഏദന്‍സിലെ മെത്രാപ്പോലീത്തയും പാപ്പായ്ക്കൊപ്പം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കും.

ഏറെ പ്രത്യാശയോടും ആകാംക്ഷയോടുംകൂടെയാണ് രാജ്യാന്തര നിരോധനത്തിന് വിധേയരായ ആയിരക്കണക്കിന് സിറയന്‍ അഭയാര്‍ത്ഥികള്‍ പാപ്പായുടെ വരവിനെ കാത്തുകഴിയുന്നതെന്ന് സഭയുടെ ഉപവിപ്രസ്ഥാനം, ‘കാരിത്താസി’ന്‍റെ വക്താവ് വെളിപ്പെടുത്തി.

യുദ്ധവും മതപീ‍ഡനവും ദാരിദ്ര്യവുംമൂലം നാടുവിട്ടിറങ്ങിയവരാണ് ഈ സിറിയന്‍ അഭയാര്‍ത്ഥികളെന്നും, അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്ന ഇവരെ തുണയ്ക്കുന്നതിന് കാരിത്താസ്  Caritas International മാത്രമാണ് ഇപ്പോള്‍ ലെബോസിലുള്ള ഏക സന്നദ്ധസംഘടനയുമെന്ന് വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ടോണിയ സാക്ഷ്യപ്പെടുത്തി. ഗ്രീസിലെ ഈ പാവങ്ങളായ അഭയാര്‍ത്ഥികളെ ലോകം മറന്നിട്ടില്ലെന്നും, മോചനം സാദ്ധ്യമാണെന്നും പറയുന്നതുപോലെയാണ് ദ്വീപിലെ അഭയാര്‍ത്ഥികളുടെ പക്കലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനമായി എത്തുന്നതെന്ന്, ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച ലെബ്സോബോസില്‍നിന്നും കാരിത്താസ്-ഗ്രീസിനുവേണ്ടി ഇറക്കിയ പ്രസ്താവിനയില്‍ ടോണിയ കൂട്ടിച്ചേര്‍ത്തു.

2015-ല്‍ പത്തു ലക്ഷം അഭയാര്‍ത്ഥികളാണ് മദ്ധ്യപൂര്‍വ്വദേശങ്ങളില്‍നിന്നും ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നുമായി ഗ്രീസിലേയ്ക്കു കടന്നത്, 2016-ല്‍ ഒന്നര ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നും, കാരിത്താസിനുവേണ്ടി ടോണിയ വ്യക്തമാക്കി. അതില്‍ പകുതിയിലധികവും കുട്ടികളും സ്ത്രീകളുമാണെന്നും ടോണിയ കൂട്ടിച്ചേര്‍ത്തു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുടിയേറുകയാണ് ഇവരുടെ ലക്ഷ്യം.








All the contents on this site are copyrighted ©.