2016-04-13 11:20:00

"ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്"


പതിവുപോലെ, ഈ ബുധനാഴ്ചയും(13/04/16) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍  സമ്മേളിച്ചിരുന്നു. പാപ്പാ, വെളുത്ത,തുറന്ന, വാഹനത്തില്‍ അങ്കണത്തില്‍ എത്തിയപ്പോള്‍  ജനസഞ്ചയത്തിന്‍റെ   ആനന്ദാരവങ്ങളാലും ഗാനങ്ങളാലും അന്തരീക്ഷം മുഖരിതമായി.                

ജനങ്ങള്‍ക്കിടയിലൂടെ ആ വാഹനത്തില്‍ നീങ്ങിയ പാപ്പാ, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും, മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ  പാപ്പാ,  സാവധാനം നടന്ന്  വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ  ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു.

യേശു അവിടെനിന്നു നടന്നു നീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.... അനേകം ചുങ്കക്കാരും പാപികളും വന്ന് അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതു കണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.  (മത്തായി,9,9-13)

ഈ സുവിശേഷഭാഗവായന അവസാനിച്ചതിനെ തുടര്‍ന്ന്  പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.

കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ കാരുണ്യത്തെ അധികരിച്ചു നടത്തിപ്പോന്ന പഴയനിയമാധിഷ്ഠിത പ്രബോധനപരമ്പരയ്ക്കു ശേഷം കഴിഞ്ഞയാഴ്ച  പുതിയ നിയമ വെളിച്ചത്തില്‍ ആരംഭിച്ച പരിചിന്തനം പാപ്പാ തുടര്‍ന്നു.

ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന സുവിശേഷവാക്യമായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. വിചിന്തന സംഗ്രഹം താഴെ ചേര്‍ക്കുന്നു 

 മത്തായിയുടെ വിളിയെക്കുറിച്ചു പ്രതിപാദിക്കുന്ന സുവിശേഷഭാഗം നാം ശ്രവിച്ചു. മത്തായി ഒരു ചുങ്കക്കാരനായിരുന്നു, അതായത് റോമന്‍ ചക്രവര്‍ത്തിക്കു വേണ്ടി നികുതി പിരിക്കുന്നവന്‍ ആയിരുന്നു. ആകയാല്‍ അവന്‍ ഒരു പൊതു പാപിയായി കരുതപ്പെട്ടു. എന്നാല്‍ തന്നെ അനുഗമിക്കാനും തന്‍രെ ശിഷ്യനാകാനും  യേശു അവനെ വിളിക്കുന്നു. ആ വിളി സ്വീകരിച്ച മത്തായി, യേശുവിനെ അവിടത്തെ ശിഷ്യരോടൊപ്പം, വീട്ടിലേക്ക് അത്താഴവിരുന്നിന് ക്ഷണിക്കുന്നു. അതോടെ, യേശുവും ശിഷ്യരും  ചുങ്കക്കാരോടും പാപികളോടും കൂടെ  വിരുന്നില്‍ പങ്കുചേരുന്നതിനെക്കുറിച്ച്  ഫരിസേയരും യേശുവിന്‍റെ ശിഷ്യരും തമ്മില്‍ ഒരു തര്‍ക്കം  ഉടലെടുക്കുന്നു. ഇത്തരക്കാരു‌ടെ വീടുകളില്‍ നീ പോകരുത് എന്ന് അവര്‍ യേശുവിനോടു പറയുന്നു.  എന്നാല്‍ യേശുവാകട്ടെ പാപികളെയും ചുങ്കക്കാരെയും അകറ്റിനിറുത്തുന്നില്ല, തന്നെയുമല്ല അവരുടെ ഭവനങ്ങളില്‍ പോകുകയും അവരോടൊപ്പമിരിക്കുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം അവര്‍ക്കും അവിടത്തെ ശിഷ്യരായിത്തീരാം എന്നാണ്. അതു പോലെതന്നെ, ക്രൈസ്തവരായതു കൊണ്ട് മാത്രം നാം പാപരഹിതരായിത്തീരുന്നില്ല എന്നുമാണ്. നാമോരോരുത്തരും പാപികളാണെന്നിരിക്കിലും മത്തായിയെപോലെ കര്‍ത്താവിന്‍റെ കൃപയില്‍ ശരണംവയ്ക്കുന്നു. നാമെല്ലാവരും പാപികളാണ്, നമെല്ലാവരിലും പാപമുണ്ട. താന്‍ മത്തായിയെ വിളിക്കുകവഴി യേശു പാപികളോടു പറയുന്നത്, താന്‍ അവരുടെ ഗതകാലമൊ അവരുടെ സാമൂഹ്യാവസ്ഥയോ ബാഹ്യാനുഷ്ഠാനങ്ങളോ അല്ല നോക്കുന്നത് പ്രത്യുത താന്‍ അവര്‍ക്കായി പുതിയൊരു ഭാവി തുറന്നിടുന്നു എന്നാണ്. ഒരിക്കല്‍ ഞാന്‍ മനോഹരമായ ഒരു ചൊല്ല് കേട്ടു, അതായത്, ഭൂതകാലമില്ലാത്തൊരു വിശുദ്ധനുമില്ല, ഭാവിയില്ലാത്തൊരു പാപിയുമില്ല അവിടത്തെ വിളിയോടു എളിമയോടും ആത്മാര്‍ത്ഥതയോടും കൂടിയ ഒരു ഹൃദയത്തോടെ പ്രത്യുത്തരിച്ചാല്‍ മാത്രം മതി. സഭ അന്യൂനരുടെ ഒരു സമൂഹമല്ല, മറിച്ച്, പാപികളും മാപ്പ് ആവശ്യമുള്ളവരും ആണെന്ന അവബോധത്തോടു കൂടി കര്‍ത്താവിനെ പിന്‍ചെല്ലുന്ന, യാത്രയിലായിരിക്കുന്ന, ശിഷ്യരാണ്. ആയതിനാല്‍, ക്രിസ്തീയ ജീവിതമെന്നാല്‍ കൃപയിലേക്കു തുറക്കുന്ന എളിമയുടെ വിദ്യാലയമാണ്.

     തങ്ങള്‍ നീതിമാന്മാരാണെന്നും മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടവരാണെന്നും ഭാവിക്കുന്നവര്‍ക്ക് ഇത് അഗ്രാഹ്യമാണ്. രക്ഷ ആവശ്യമുണ്ടെന്ന് തിരിച്ചറിയാന്‍ അഹന്തയും അഹങ്കാരവും ഒരുവനെ അനുവദിക്കുന്നില്ലെന്നു മാത്രമല്ല ദൈവത്തിന്‍റെ  കാരുണ്യവദനം ദര്‍ശിക്കുന്നതിനും കാരുണ്യത്തോടെ വര്‍ത്തിക്കുന്നതിനും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.

     ദിവ്യകാരുണ്യത്തിന്‍റെ മേശയിലിരിക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ഈ വിരുന്നിന്‍ മേശയില്‍ അവിടന്ന് നമ്മെ അവിടത്തെ വചനത്തിന്‍റെ ശക്തിയാലും അവിടത്തോടു നമ്മെ കൂടുതല്‍ ആഴത്തില്‍ ഐക്യപ്പെടുത്തുന്ന കൂദാശയാലും പവിത്രീകരിക്കുന്നു. ഹോസിയ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് അവിടന്ന് നമ്മോടു പറയുന്നു ദൈവം ആഗ്രഹിക്കുന്നത് കരുണയാണ്, ബലിയല്ല, യഥാര്‍ത്ഥ    ഹൃദയപരിവര്‍ത്തനമാണ്, ഔപചാരികമതാനുഷ്ഠാനങ്ങളല്ല എന്ന്.

     പ്രിയ സഹോദരീസഹോദരന്മാരേ, നാമെല്ലാവരും കര്‍ത്താവിന്‍റെ വിരുന്നില്‍ മേശയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അവിടത്തെ ശിഷ്യരോടൊപ്പം അവിടത്തെ ചാരെ ഇരിക്കുക എന്ന ക്ഷണം നമുക്ക് സ്വീകരിക്കാം. യേശുവിന്‍റെ സാന്ത്വനദായവചനം അനുഭവിക്കുകയും ജീവിക്കുകയും ചെയ്യേണ്ട ശിഷ്യരാണ് നാമെല്ലാവരും. ദൈവത്തിന്‍റെ  കാരുണ്യത്താല്‍ പോഷിതരാകേണ്ടവരാണ് നാം, കാരണം അതാണ് നമ്മുടെ രക്ഷ പുറപ്പെടുന്ന സ്രോതസ്സ്.... നന്ദി.                 

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളി‍ല്‍ വായിക്കപ്പെട്ടു.

 ശനിയാഴ്ച( 16/04/16) താന്‍ ഗ്രീസിലെ ലെസ്ബോ ദ്വീപിലെത്തുന്നതിനെപ്പറ്റിയും പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ സൂചിപ്പിക്കുകയും പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരവധി അഭയാര്‍ത്ഥികള്‍ കടുന്നുപോയ ലെസ്ബോ ദ്വീപില്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഏതന്‍സിന്‍റെയും ആകമാന ഗ്രീസിന്‍റെയും ആര്‍ച്ചുബിഷപ്പ് ഹിയെറോണിമൊസ് എന്നീ സഹോദരങ്ങള്‍ക്കൊപ്പമായിരിക്കും താന്‍ എത്തുകയെന്ന് വെളിപ്പെടുത്തിയ ഫ്രാന്‍സീസ് പാപ്പാ അഭയാര്‍ത്ഥികളോടും ലെസ്ബോ നിവാസികളോടും ഏവരെയും സ്വഗതം ചെയ്യുന്നതില്‍ വിശാലമാനസരായ ഗ്രീസിലെ സകല ജനങ്ങളോടുമുള്ള സാമീപ്യവും ഐക്യദാര്‍ഢ്യവും പ്രടിപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വ്യക്തമാക്കി.

     വെളിച്ചവും ശക്തിയും ലഭിക്കാന്‍ പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കുകയും പരിശുദ്ധകന്യകാമറിയത്തിന്‍റെ സഹായം അപേക്ഷിക്കുകയും ചെയ്തുകൊണ്ട് ഈ യാത്രയില്‍ പ്രാര്‍ത്ഥനവഴി തങ്ങളോടൊപ്പമായിരിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.