2016-04-09 14:48:00

പരിത്യജിച്ചവര്‍ക്കും സാന്ത്വന സാമീപ്യമാകുന്ന ഉത്ഥിതന്‍


വിശുദ്ധ ലൂക്കായുടെ സുവിശേഷം 21, 1-19. പെസഹാക്കാലം മൂന്നാംവാരം ഞായര്‍

അധികം സ്നേഹം ലഭിക്കുവാനുള്ള വഴിയെന്താണ്, അഥവാ, അധികം സ്നേഹിക്കുവാനുള്ള വഴിയെന്താണ്? ഇത് എല്ലാ മനുഷ്യന്‍റെയും ജീവിതത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. സ്നേഹം ലഭിക്കുക, സ്നേഹിക്കുക, അതും കൂടുതല്‍ സ്നേഹം ലഭിക്കുക. ഇന്നത്തെ സുവിശേഷം പറഞ്ഞു തരുന്നത് ഇതിലേയ്ക്കുള്ള ഒരു സൂത്രവഴിയാണ്. ഇന്ന് ഈശോ സുവിശേഷത്തില്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന കാര്യമിതാണ്. “ജോനായുടെ പുത്രനായ ശീമോനേ,  നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുവന്നുവോ?” എന്നാണ്. മൂന്നു പ്രാവശ്യമാണ് ഈശോ ആവര്‍ത്തിച്ച് ചോദിക്കുന്നത്. കൂടുതല്‍ സ്നേഹിക്കുന്നുവോ? അധികം സ്നേഹിക്കുവാനുള്ള വഴിയാണ് ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ പറഞ്ഞുതരുന്നത്. അതെന്താ? അത് വളരെ ലളിതമാ!

ഈ സുവിശേഷത്തിന്‍റെ തുടക്കത്തില്‍ ഏഴു ശിഷ്യന്മാരാണ് ഒരുമിച്ച് പോകുന്നത്. പത്രോസാണ് മുന്‍കൈ  എടുക്കുന്നത്. “ഞാന്‍ മീന്‍പിടിക്കാന്‍ പോവുകയാണ്, നിങ്ങള്‍ വരുന്നോ?” ആറു പേരും പത്രോസും ഒരുമിച്ചുകൂടുകയാണ്. അങ്ങനെ ഏഴു പോരാണ് ഒരുമിച്ചു മീന്‍പിടിക്കാന്‍ പോകുന്നത്. ഇതിന്‍റെ പ്രത്യേകത പത്രോസും കൂട്ടരും ആദ്യം ഈശോയുടെ പിറകെ കൂടിയപ്പോള്‍ അവര്‍ ഉപേക്ഷിച്ച തൊഴിലാണ് ഈ മീന്‍പിടുത്തം. “എന്നെ അനുഗമിക്കുക,” എന്ന് ഈശോ പറഞ്ഞപ്പോള്‍, അവര്‍ വഞ്ചിയും വലയും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചവരാണ്. അന്ന് ഈശോയെ അനുഗമിക്കാന്‍ വേണ്ടിയിട്ട്, എന്താണോ ഉപേക്ഷിച്ചത്, അവര്‍ വീണ്ടും അതിന്‍റെ പിറകെ കൂടുന്നു. അതിന്‍റെ അര്‍ത്ഥം, ഇപ്പോള്‍ അവര്‍ ഈശോയെ ഉപേക്ഷിക്കുന്നു, എന്നാണ്. പണ്ട് ഉപേക്ഷിച്ചതിന്‍റെ പിറകെ പോകുന്നതുവഴി, അവരിതാ ഈശോയെ ഉപേക്ഷിക്കുകയാണ്. അങ്ങനെ ക്രിസ്തുവിനെ ഉപേക്ഷിക്കുന്ന ഏഴു ശിഷ്യന്മാരാണ്. അവനെ തള്ളിപ്പറയുന്ന, അവനില്‍നിന്നും അകന്നുപോകുന്ന ഏഴു ശിഷ്യന്മാരെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത്. എന്നാല്‍ ആ ശിഷ്യന്മാരോടുള്ള യേശുവിന്‍റെ പ്രതികരണമാണ് ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഉപേക്ഷിച്ചു പോകുന്നവരെ ക്രിസ്തു ഉപേക്ഷിക്കുന്നില്ല, എന്നതാണ് രസകരമായ സംഭവം. ക്രിസ്തു അവരുടെ അടുത്തേയ്ക്കു വരികയാണ്. എന്നിട്ടോ? എന്നിട്ട് തീരത്തുനിന്നു അവരോട് ചോദിക്കുന്നത്, “കുഞ്ഞുങ്ങളേ, നിങ്ങളുടെ പക്കല്‍ മീന്‍ വല്ലതുമുണ്ടോ?” എന്നാണ്.  രാത്രി അദ്ധ്വാനിച്ചിട്ട് ഒന്നും കിട്ടാത്തവരോടാണ് ചോദ്യം, “നിങ്ങള്‍ക്ക് മീന്‍ വല്ലതും കിട്ടിയോ...?” എന്ന്. ഇല്ലാന്നു പറഞ്ഞപ്പോള്‍, അവിടുന്നു പറഞ്ഞു. “വള്ളത്തിന്‍റെ വലതുവശത്ത് വലയിറക്കുക!” എന്നിട്ടോ...? അവിടെ പിന്നെ നടന്നത് അത്ഭുതകരമായൊരു മീന്‍പിടുത്തമാണ്!

പിന്നീട് അവര്‍ കരയ്ക്ക് അടുക്കുമ്പം കനല്‍ കൂട്ടിയിരിക്കുന്നതും, അതില്‍ മീന്‍ വച്ചിരിക്കുന്നതും, അപ്പവും അവര്‍ കാണുന്നു. അങ്ങനെ കരയ്ക്ക് അടുക്കുന്നവരോട് ഈശോ പറയുന്നു, “മക്കളേ, വന്നു പ്രാതല്‍ കഴിക്കുവിന്‍...!”  തന്നെ ഉപേക്ഷിച്ചു പോകുന്ന. തന്‍റെ മരണത്തിലും പീ‍ഡാനുഭവത്തിലും തന്നെ ഉപേക്ഷിച്ചു പോകുന്നവരോടുള്ള ഈശോയുടെ പ്രതികരണമാണിത്. അവിടുന്ന് അവരെ ഉപേക്ഷിക്കുന്നില്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചവരുടെ പക്കലേയ്ക്കു ചെല്ലുകയും. അവരുടെ അടുത്തേയ്ക്കു ചെല്ലുകയും,  മാത്രമല്ല അവരുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി അവരുടെ ഏറ്റവും പ്രാഥമിക ആവശ്യങ്ങളെ അറിഞ്ഞ്, അവരുടെ കൂടെനിന്ന്, അവരുടെ ശുശ്രൂഷകനായി മാറുന്നു. അങ്ങനെയുള്ളൊരു അന്തരീക്ഷത്തിലാണ് ഈശോ ചോദിക്കുന്നത്,

“ജോനായുടെ പുത്രനായ ശീമോനേ, നീ എന്നെ അധികമായി സ്നേഹിക്കുന്നുവോ?”    അധികം സ്നേഹിക്കുവാനുള്ള വഴിയാണ് ഈശോ കാണിച്ചു തരുന്നത്. ഉപേക്ഷയുടെ നിമിഷങ്ങളില്‍, ഉപേക്ഷയുടെ അവസരങ്ങളില്‍ നമ്മെ ആര് ഉപേക്ഷിക്കുന്നുവോ, അവരെ ഉപേക്ഷിക്കാതെ അവരുടെകൂടെ നില്ക്കുകയും, അടുത്തായിരിക്കുകയും, അവരുടെ ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ ശുശ്രൂഷകരായി കൂടെനില്ക്കുകയും ചെയ്യുക.  ഇതിന് അസാമാന്യമായ ധീരത ആവശ്യമാണ്. അസാമാന്യമായ സുകൃതം, അസാമാന്യമായ പുണ്യം ഇങ്ങിനെയൊരു പ്രതികരണം നമ്മില്‍നിന്നു ക്രിസ്തു ആവശ്യപ്പെടുന്നു. ഇതാണ് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നത്.

ഒരു കുടുംബ കഥ പറയട്ടെ! ഒരിക്കല്‍ ഞാന്‍ അവിടെ കയറിച്ചെല്ലുമ്പോള്‍, സ്വീകരണ മുറിയില്‍ അസാമാന്യമായ വലുപ്പമുള്ളൊരു ഒരു പടം! ഒരു വലിയമ്മിച്ചിയുടെ പടം!! ഞാന്‍ ചോദിച്ചു, ആരുടേതാണിത്. അപ്പോള്‍ കുടുംബനാഥ പറഞ്ഞു. ഭര്‍ത്താവിന്‍റെ അമ്മയുടെ പടമാണിത്. അതു കഴിഞ്ഞ് പിന്നെയും മുന്നോട്ടു പോയി. അവര്‍ക്ക് ഒരു മകളേയുള്ളൂ. ആ മകള്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. അവളുടെ മുറിയിലേയ്ക്കു കടന്നപ്പോള്‍, ആ കൊച്ചുമകളുടെ മുറിയിലും വലിയമ്മിച്ചിയുടെ വലിയപടം!! മറ്റൊന്നും ഇല്ല.  അതെന്താണെന്നു അന്വേഷിച്ചു ചെന്നപ്പഴാ മനസ്സിലായത്. ഭര്‍ത്താവ്, കുടുംബനാഥന്‍ നല്ലൊരു തറവാട്ടില്‍പ്പെട്ട മനുഷ്യനായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞശേഷം, അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഇയാള്‍ പതിയെപ്പതിയെ കുടിയനായി, Alcoholic ആയി. പിന്നെ കുടിയന്‍, മുഴുക്കുടിയനായി മാറി! ഭാര്യയ്ക്ക് ഗള്‍ഫില്‍ ജോലിയുണ്ടായിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടുപോയി.  ഓരോ പ്രാവശ്യവും വീട്ടില്‍ വരുമ്പോള്‍, ഇടയ്ക്കൊക്കെ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോകും, De-addiction Center-ല്‍ കൊണ്ടുപോകും. കുറെനാള്‍ കുടി നിറുത്തും. എന്നിട്ട് പിന്നെയും തുടരും. അങ്ങനെ ജീവിതത്തില്‍ ഒരു നിവൃത്തിയുമില്ലാതെ,  ഭാര്യയും ഭര്‍ത്താവും അസ്വസ്ഥമായി ജീവിതം തുടരുകയാണ്. ഇതിനിടെ ഭാര്യ ഗര്‍ഭിണിയായി. അങ്ങനെ ഒരു കുഞ്ഞും ജനിക്കുന്നു. കുഞ്ഞു ജനിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ ജീവിതത്തിന്‍റെ ക്ലേശങ്ങളുടെ നടുവില്‍ ഇവര്‍ക്ക് ആശ്രയമായിട്ടു നിന്നത് അമ്മയാണ് - ഭര്‍ത്താവിന്‍റെ അമ്മ!

ഏഴു മക്കളായിരുന്നു അമ്മച്ചിക്ക്. നടുവിലെത്തെ മകനാണിവന്‍, കുടിയനായത്. എന്നിട്ടും എവിടെയൊക്കെ ഈ മകന്‍ മാറി താമസിച്ചോ, അവിടെയൊക്കെ ഈ മകന്‍റെ കൂടെ അമ്മയും പോയി താമസിക്കുകയും, അവന്‍ മരുമകളെയും കൊച്ചുമകളെയും നോക്കി വളര്‍ത്തുകയും, അവര്‍ക്ക് ജീവിതത്തില്‍ അത്താണിയായി നില്ക്കുകയുംചെയ്തു. അമ്മ പലപ്പോഴും ആവര്‍ത്തിച്ചു പറയുമായിരുന്നു. “ഇവനാണ് എന്നെക്കൊണ്ടാവശ്യം,” അമ്മ പറയും, “മറ്റുള്ളവരെക്കാള്‍ ഇവനാണ് എന്നെക്കൊണ്ട് ആവശ്യം. അതുകൊണ്ട് ഇവന്‍റെ കൂടെയാണ് ഞാന്‍ താമസിക്കുന്നത്.”

പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. ഈ അമ്മ മരിച്ചു. മരിക്കുന്നതിന് അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ മകന്‍ കുടിനിര്‍ത്തിയിരുന്നു. കുടുനിര്‍ത്തി അവന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. അതുകൊണ്ടാണ് ആ മകന്‍റെ മുറിയില്‍ അമ്മയുടെ അസാധാരണമായ വലുപ്പത്തിലുള്ള പടം! കൊച്ചു മകളുടെ മുറിയിലും ആ പടം മാത്രം!! ആ മകള്‍ പറഞ്ഞത്, “എന്നെ അന്ന് യൂണിവേഴ്സിറ്റിവരെ ആക്കുകയും, എന്നെ ഈ നിലയില്‍ എത്തിക്കുകയും ചെയ്തതിന് ഏറ്റവും വലിയ കാരണക്കാരി, എന്‍റെ വലിയമ്മയാണ്!”

ഇത് ജീവിതാനുഭവമാണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ വിശ്വസിച്ച്,  വിശ്വാസം അര്‍പ്പിച്ച് ജീവിച്ചവര്‍ നമ്മെ ഉപേക്ഷിക്കുകയും, ആ വിശ്വാസം തിരിച്ചു തരാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങളും, അവസരങ്ങളും ഉണ്ടാകും. ഉണ്ടാകുമ്പോള്‍ ഈശോ ആവശ്യപ്പെടുന്നത് എന്താണ്? ഈശോ ആവശ്യപ്പെടുന്നത്, നമ്മെ കൈവെടിയുന്നവരില്‍ നമ്മള്‍ വിശ്വാസം അര്‍പ്പിച്ച്, നമ്മെ ഉപേക്ഷിച്ചവരെ തള്ളിക്കളയാതെ അവരുടെ കൂടെനില്ക്കുക!  “മകളേ, മീന്‍ വല്ലതും കിട്ടിയോ, വന്നു പ്രാതല്‍ കഴിക്കുവിന്‍!”  അവര്‍ വന്നു നോക്കുമ്പോള്‍ തീ കൂട്ടിയിരിക്കുന്നതും, അതില്‍ മീന്‍ വച്ചിരിക്കുന്നതും, പ്രാതലിനുള്ള അപ്പം തയ്യാറാക്കി വച്ചിരിക്കുന്നതും കണ്ടു. അത്രയ്ക്കു വലിയ കരുതല്‍!

നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോയേ, നാഥാ, അധികം സ്നേഹിക്കാനുള്ള വഴി അങ്ങു ഞങ്ങള്‍ക്കു കാണിച്ചുതരണമേ! അധികം സ്നേഹിക്കാനുള്ള വഴിയിലൂടെ നടക്കാന്‍ അങ്ങു ഞങ്ങളെ പഠിപ്പിക്കണമേ! ജീവിതത്തിന്‍റെ വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ അനുഭവിക്കുന്ന പരിത്യക്തതയുടെയും ത്യജിക്കലിന്‍റെയും ജീവിതാനുഭവങ്ങളില്‍ അങ്ങ് ആവശ്യപ്പെടുന്നതുപോലെ കൂടെനില്ക്കാന്‍, ശുശ്രൂഷിച്ചുകൊണ്ടും, കരുതല്‍ നല്കിക്കൊണ്ടും കൂടെനില്ക്കാനുള്ള കൃപ, ശ്രദ്ധ, മനസ്സ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും തരണമേ, ആമേന്‍!    








All the contents on this site are copyrighted ©.