2016-04-08 13:02:00

സിനാഡനന്തര അപ്പസ്തോലികോപദേശം “അമോരിസ് ലെത്തീസിയ”


     ഫ്രാന്‍സീസ് പാപ്പായുടെ സിനാഡനന്തര അപ്പസ്തോലികോപദേശം “അമോരിസ് ലെത്തീസിയ” (AMORIS LAETITIA) വെള്ളിയാഴ്ച (08/04/16) പ്രകാശിതമായി.

     “സ്നേഹത്തിന്‍റെ സന്തോഷം” എന്ന് വിവര്‍ത്തനം ചെയ്യാവുന്ന “അമോരിസ് ലെത്തിസിയ” ​എന്ന ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഘടനയും ഉള്ളടക്കവും ശീര്‍ഷകത്തിന്‍റെ സാംഗത്യവും മറ്റും മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി  കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, പരിശുദ്ധസിംഹാസനത്തിന്‍റെ  വാര്‍ത്താ  കാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) നടന്ന പ്രകാശനവേളയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.

     ഓസ്ത്രിയയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും അന്നാട്ടിലെ വിയെന്ന അതിരൂപതയുടെ ഭരണസാരഥിയുമായ കര്‍ദ്ദിനാള്‍ ഷൊണ്‍ ബോണും ഫ്രാന്‍ചേസ്കൊ മിയാനൊ- ജുസെപ്പീന ദെ സിമോണെ ദമ്പതികളും ഈ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

     വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച ഈ സിനഡാനന്തര അപ്പസ്തോലിക പ്രബോധനം കുടുംബത്തിനകത്തുള്ള സ്നേഹത്തെ അധികരിച്ചുള്ള അനര്‍ഘ രേഖയാണെന്ന് അനുസ്മരിച്ച  കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി പാപ്പായോടുള്ള ഹൃദയംഗമമായ നന്ദി പ്രകാശനചടങ്ങില്‍ പ്രകടിപ്പിച്ചു.

     മെത്രാന്മാരുടെ സിനഡ് കുടുംബങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്ത സാധാരണ അസാധാരണ സമ്മേളനങ്ങളുടെ തീരുമാനങ്ങളും വീക്ഷണങ്ങളുമെല്ലാം ക്രോഡീകരിച്ചു ക്രമപ്പെടുത്തിയതാണ് “അമോരിസ് ലെത്തീസിയ” ‘സ്നേഹത്തിന്‍റെ സന്തോഷം ’ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം.

     ആമുഖത്തിനും സമാപനത്തിനും പുറമെ 9 അദ്ധ്യായങ്ങളുള്ളതാണ് ഈ രേഖ.

     ഒന്നാം അദ്ധ്യായം കുടുംബത്തെക്കുറിച്ച് ദൈവവചനാധിഷ്ഠിതമായുള്ള വിചിന്തനമാണ്. രണ്ടാം അദ്ധ്യായമാകട്ടെ ഇന്നത്തെ കുടുംബയാഥാര്‍ത്ഥ്യത്തെയും
ഇന്ന് കുടുംബങ്ങള്‍ക്കുള്ള വെല്ലുവിളികളെയും കുറിച്ച് പരാമര്‍ശിക്കുന്നു.

     കുടുംബത്തിന്‍റെ വിളി, വൈവാഹിക സ്നേഹം, ഫലദായകമായിത്തീരുന്ന സ്നേഹം, അജപാലനവീക്ഷണങ്ങള്‍, മക്കളുടെ ശിക്ഷണം, പരാജയപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യവും സഹായവും നല്കല്‍, ദാമ്പത്യകുടുംബ ആദ്ധ്യാത്മികത എന്നിവയാണ് 3 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍, യഥാക്രമം, പരാമര്‍ശ   വിഷയങ്ങള്‍.

     തിരുക്കുടുംബത്തോടുള്ള ഒരു പ്രാര്‍ത്ഥനയോടെയാണ് “സ്നേഹത്തിന്‍റെ  സന്തോഷം”, അഥവാ, “അമോരിസ് ലെത്തീസിയ” എന്നീ വാക്കുകളില്‍ ആരംഭിക്കുന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം പാപ്പാ ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.