2016-04-08 13:16:00

നമുക്കു ലഭിച്ചിരിക്കുന്ന കാരുണ്യം പങ്കുവയ്ക്കപ്പെടണം:പാപ്പാ


     നമുക്കു ലഭിച്ചിരിക്കുന്ന കാരുണ്യം, ആദ്ധ്യാത്മികമായും ഭൗതികമായും ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്ക്കാന്‍ ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നുവെന്നു മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

     പാപ്പായെയും സാര്‍വ്വത്രികസഭയെയും ശുശ്രൂഷാദൗത്യനിര്‍വ്വഹണത്തില്‍  സാമ്പത്തികമായും ആദ്ധ്യാത്മികമായും സഹായിക്കുന്ന, അമേരിക്കന്‍ ഐക്യനാടുകള്‍ ആസ്ഥാനമായുള്ള പേപ്പല്‍ ഫൗണ്ടേഷന്‍റെ 225 ഓളം പ്രതിനിധികളെ  വെള്ളിയാഴ്ച (08/04/16) വത്തിക്കാനില്‍ സ്വീകരിച്ചു നന്ദിപ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     ദൈവത്തിന്‍റെ അപരിമേയമായ നന്മയെ പ്രതിഫലിപ്പിക്കുന്ന ഉദാരതയുടെയും ആര്‍ദ്രതയുടെയുമായ അരൂപിയോടുകൂടി,         ആദ്ധ്യാത്മികവും ഭൗതികവുമായ കാരുണ്യപ്രവര്‍ത്തികളിലൂടെ ഈ കാരുണ്യം പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

     പേപ്പല്‍ ഫൗണ്ടേഷന്‍റെ ദൗത്യത്തിന്‍റെ  ഹൃദയസ്ഥാനത്തുനില്ക്കുന്നതാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

     പേപ്പല്‍ ഫൗണ്ടേഷന്‍റെ പ്രതിനിധികളുടെ പതിവുള്ള വാര്‍ഷികസന്ദര്‍ശനം ഇത്തവണ കരുണയുടെ ജൂബിലിവര്‍ഷത്തിലായത് പാപ്പാ എടുത്തു പറഞ്ഞു.

     രൂപത,ഇടവക തുടങ്ങിയ വിവിധ തലങ്ങളില്‍ വിഭിന്നങ്ങളായ പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനു പേപ്പല്‍ ഫൗണ്ടേഷന്‍ ഫലപ്രദമാം വിധം സംഭാവനയേകുന്നത് അനുസ്മരിച്ച പാപ്പാ ദൈവപിതാവിന്‍റെ കരുണ്യാശ്ലേഷം ഉപരിവിശാലമാക്കാന്‍ സഹായിക്കുന്ന നൂതന സംരംഭങ്ങളിലൂടെ ഈ ഫൗണ്ടേഷന്‍ ലോകത്തില്‍ സ്നേഹം പരത്തുകയാണെന്ന് ശ്ലാഘിച്ചു.

     നന്മ പ്രവര്‍ത്തിക്കുന്നതില്‍ ഒരിക്കലും തളരരുതെന്ന് വിശുദ്ധ പൗലോസ് നമ്മെ ഉപദേശിക്കുന്നതും പാപ്പാ തന്‍റെ പ്രഭാഷണത്തിന്‍റെ അവസാനം അനുസ്മരിച്ചു. 








All the contents on this site are copyrighted ©.