2016-04-08 12:30:00

കരയുന്നവരുടെ കണ്ണീരൊപ്പാന്‍ പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലേയ്ക്ക്


ഗ്രീസിലെ ലെസ്ബോസിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം മാനവിക ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സ്പന്ദനമാണ്. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡിയാണ് ഇങ്ങനെ പ്രസ്താവിച്ചത്.  ഗ്രീസിലെ വന്‍അഭയാര്‍ത്ഥി ക്യാമ്പു പാപ്പാ ഫ്രാന്‍സിസ് ഏപ്രില്‍ 16-ാം തിയതി സന്ദര്‍ശിക്കുമെന്ന പ്രസ്താവന പുറത്തുവിട്ട ഉടനെ, ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തന്‍റെ സ്ഥാനരോഹണത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ഇറ്റലിയിലെ ലാമ്പദൂസാ ദ്വീപു പാപ്പാ സന്ദര്‍ശിച്ചത് പ്രതിസന്ധികളില്‍പ്പെട്ട കുടിയേറ്റക്കാരോടുള്ള സഹാനുഭാവത്തിന്‍റെ പ്രകടനമായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. അതുപോലെ ഗ്രീസിലെത്തിയിരിക്കുന്ന ആയിരക്കണക്കിന് വേദനിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായിട്ടാണ് ഏജിയന്‍ കടലില്‍ക്കിടക്കുന്ന ലെസ്ബോസ് ദ്വീപിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് യാത്രചെയ്യുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

ഇതര ക്രൈസ്തവ സഭകളുമായുള്ള ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും ഭാഗമായി, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഏദന്‍സിന്‍റെയും ഗ്രീസിന്‍റെ ആകമാനം മെത്രപ്പോലീത്തയായ ജറോം ദ്വിതിയനും പാപ്പായുടെകൂടെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കും. ഗ്രീസിന്‍റെ പ്രസിഡന്‍റ് പ്രൊക്കോപിസ് പാവുളോപാവുളോസിന്‍റെ ക്ഷണത്തോടൊപ്പം അവിടത്തെ സഭാനേതൃത്വത്തിന്‍റെ പ്രത്യേക ക്ഷണവും ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ വ്യക്തമാക്കി.   

മാനുഷിക പ്രതിസന്ധികളില്‍ വേദനിക്കുന്നവരുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലുകയെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാ സ്വഭാവമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. അഭിയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ അയവുവരുത്തുവാനും, കൂടുതല്‍ പ്രതിബദ്ധത വളര്‍ത്തുവാനും പാപ്പായുടെ സന്ദര്‍ശനം സഹായകമാകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

 

 








All the contents on this site are copyrighted ©.