2016-04-06 18:53:00

അപ്പസ്തോലിക യാത്രകളുടെ സൂത്രധാരന്‍ ഗസ്ബാരിയെ ആദരിച്ചു


വത്തിക്കാന്‍ റേഡിയോ നിലയത്തിന്‍റെ ഭരണകാര്യങ്ങളുടെ ഡയറക്ടറും അന്തര്‍ദേശീയ അപ്പസ്തോലിക യാത്രകളുടെ സൂത്രധാരനുമായിരുന്ന അല്‍ബേര്‍ത്തോ ഗസ്ബാരിയെ പാപ്പാ ഫ്രാന്‍സിസ് ആദരിച്ചു.

ഏപ്രില്‍ 4-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഓഫിസില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു 34 വര്‍ഷക്കാലം പരിശുദ്ധ സിംഹാസനത്തിനുവേണ്ടി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച്, 65-ാമത്തെ വയസ്സില്‍ വിരമിച്ച ഗസ്ബാരിയെ പാപ്പാ പ്രത്യേകമായി ആദരിച്ചത്.

ധീരതയും വിശുദ്ധിയുമുള്ള സഭാസേനവനത്തിനു നല്കുന്നതും, പിയൂസ് 4-ാമന്‍ പാപ്പാ സമ്മാനിച്ചിരുന്നതുമായ ‘യോദ്ധാക്കളുടെ കുരിശ്’ (Medal of the Knight’s Cross)  എന്ന പ്രത്യേക സ്ഥാനികചിഹ്നം അല്‍ബേര്‍ത്തൊ ഗസ്ബാരിയെ അണിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നീണ്ടകാല സേവനങ്ങളെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചത്.

യുവാവായിരുന്നപ്പോള്‍ മുതല്‍ റോഡിയോ വത്തിക്കാനിലൂടെ സഭാ സേവനരംഗത്തു വന്ന ഗസ്ബാരി, പിന്നീട് പാപ്പാമാരുടെ ഔദ്യോഗിക രാജ്യാന്തര യാത്രകളുടെ വിശാദാംശങ്ങള്‍ ഒരുക്കുന്ന ഉത്തരവാദിത്വത്തിലേയ്ക്കും, പിന്നെ അതിന്‍റെ ചരടുപിടിക്കുന്ന സമ്പൂര്‍ണ്ണ ഉത്തരവാദിത്വത്തിലേയ്ക്കും മെല്ലെ ഉയരുകയായിരുന്നു. റോമില്‍നിന്നും വിമാനം കയറുന്നതു മുതല്‍, ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന രാജ്യാന്തര പരിപാടികള്‍ സമാപിപ്പിച്ച്, വീണ്ടും  പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തുംവരെയുള്ള ഓരോ നീക്കങ്ങളുടെയും ചുക്കാന്‍പിടിക്കുന്ന ഏറെ സൂക്ഷ്മവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ജോലി വിശ്വസ്തതയോടെ മൂന്നു പതിറ്റാണ്ടുകളിലേറെ  ഗസ്ബാരി നിര്‍വ്വഹിച്ചെന്ന്, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നന്ദിപറയവെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ പൊതുകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ പ്രസ്താവിചു.

അനുമോദന വേദിയില്‍ സന്നിഹതാരയിരുന്ന ഗസ്ബാരിയുടെ കുടുംബത്തെയും ആര്‍ച്ചുബിഷപ്പ് ബെച്യൂ അനുസ്മരിക്കുകയും, നന്ദിയര്‍പ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.