2016-04-04 18:06:00

രക്ഷയുടെ വാതില്‍ തുറന്നവള്‍ മംഗലവാര്‍ത്തയുടെ മഹോത്സവം


ഏപ്രില്‍ 4-ാം തിയതി മംഗലവാര്‍ത്തത്തിരുനാള്‍ - വത്തിക്കാനിലെ പേപ്പല്‍ വസതി, ‘സാന്താ മാര്‍ത്ത’യിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍:

നസ്രത്തിലെ മറിയം ദൈവഹിതത്തിനു നല്കിയ സമ്മതമാണ് ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതിയുടെ വാതില്‍ തുറക്കുന്നത് (ലൂക്ക 1, 26-30). എവിടെയാണ് താന്‍ പോകുന്നതെന്നൊന്നും അറിയാതെ ദൈവത്തിന്‍റെ വിളിയോട് പൂര്‍വ്വപിതാവായ അബ്രാഹം പ്രത്യുത്തരിച്ചതും രക്ഷാകര ചരിത്രത്തിന്‍റ തുടക്കമാണ്.. അബ്രാഹത്തില്‍ ആരംഭിച്ചതാണ് രക്ഷയുടെ ചരിത്രത്തില്‍ ദൈവഹിതത്തോടുള്ള ഈ സമ്മതത്തിന്‍റെയും വിധേയത്വത്തിന്‍റെയും ശൃംഖല.

ലോകരക്ഷകന്‍ തന്നിലൂടെ പിറക്കുമെന്ന മംഗവാര്‍ത്തയ്ക്കും ദൈവികപദ്ധതിക്കും സമ്മതമോതിയ മറിയത്തെപ്പോലെ ചരിത്രത്തില്‍ ഏറെ പ്രായാധിക്യത്തില്‍ എത്തിയ അബ്രാഹത്തെയും മോശയെയുംപോലുള്ള മറ്റുള്ളവരും ദൈവഹിതത്തോടു സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്‍റെ വിളിയില്‍ സന്ദേഹംപ്രകടിപ്പിക്കുക മാത്രമല്ല, തന്‍റെ കുറവുകള്‍ എടുത്തു പറഞ്ഞു പിന്മാറാന്‍ ശ്രമിച്ച ഏശയാ പ്രവാചകനെപ്പോലെയുള്ളവരെയും ചരിത്രത്തില്‍ കാണാം. കര്‍ത്താവേ, എന്‍റെ അധരങ്ങള്‍ ബലഹീനങ്ങളാണ്. താന്‍ സംസാരശേഷി ഇല്ലാത്തവനാണേ, എന്നെല്ലാം ആദ്യം ഒഴിവുപറഞ്ഞു പിന്മാറാന്‍ പ്രവാചകന്‍ പരിശ്രമിച്ചു. ജറെമിയാ പ്രവാചകനും ഏശയായെപ്പോലെ കര്‍ത്താവിന്‍റെ മുന്നില്‍ തന്‍റെ ബലഹീനതകള്‍ നിരത്തിവച്ചു. തനിക്ക് വാക്ചാതുരിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. എങ്കിലും കര്‍ത്താവിന്‍റെ വിളിയോടു പിന്നിട് പ്രത്യുത്തരിച്ചു.

രക്ഷയുടെ ചരിത്രത്തിലെ അവസാന കണ്ണിയായത് മറിയത്തിന്‍റെ സമ്മതമാണ്. ദൈവത്തിന്‍റെ വിളിയോട് മറിയം ക്രിയാത്മകമായി പ്രതികരിക്കുന്നു. ആ സമ്മതമാണ് ലോകത്ത് രക്ഷ വീണ്ടും പൂവിരിയിക്കുന്നത്. അതായത് പൂര്‍വ്വകാലങ്ങളില്‍ തന്‍റെ ജനത്തോടൊപ്പം ചരിച്ച ദൈവം ഇതാ, കാലത്തികവില്‍ അവരില്‍ ഒരുവനായി ജനിക്കുന്നു. അവിടുന്ന് മനുഷ്യരോടൊത്തു വസിക്കുന്നു. അങ്ങനെയാണ് മറിയത്തിന്‍റെ സമ്മതം ക്രിസ്തുവിലേയ്ക്കുള്ള കവാടമായി മാറുന്നത്. നസ്രത്തിലെ മറിയം, നന്മനിറഞ്ഞവള്‍ രക്ഷയുടെ വാതിലാണ്!

“പിതാവിന്‍റെ ഹിതം നിവര്‍ത്തിതമാക്കാനാണ് ഞാന്‍   വ ന്നിരിക്കുന്നത്.” ക്രിസ്തുവിന്‍റെ സമ്മതം അവിടുത്തെ ജീവിതത്തിന്‍റെ അവസാന നിമിഷംവരെ നിലനിന്നു. കുരിശോളം നില്ക്കുന്നതായിരുന്നു പിതൃഹിതത്തോടുള്ള ക്രിസ്തുവിന്‍റെ സമ്മതം. “പിതാവേ, ഈ പാനപാത്രം അകന്നുപോകട്ടെ! കഴിയുമെങ്കില്‍ എന്നില്‍നിന്നും ഇത് തിരിച്ചെടുക്കണമേ,” എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തു കൂട്ടിച്ചേര്‍ത്തത്, “എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ!” എന്നായിരുന്നു. അതിനാല്‍ അവിടുന്നില്‍ നാം കാണുന്നതും നിവര്‍ത്തിതമാകുന്നതും പിതാവിന്‍റെ ഹിതമാണ്, ദൈവേഷ്ഠത്തിന്‍റെ പൂര്‍ണ്ണതയാണ്!

ജീവിതത്തില്‍ ദൈവഹിതത്തെക്കുറിച്ചു ചിന്തിക്കുവാനും, സമ്മതത്തിലൂടെയും സമര്‍പ്പണത്തിലൂടെയും തുറന്നുകിട്ടിയ ദൈവികവഴികള്‍ക്ക് നന്ദിപറയുവാനുമുള്ള മനോഹരമായ ദിവസമാണ് മംഗലവാര്‍ത്തയുടെ തിരുനാള്‍! ജീവിതത്തിന്‍റെ ഓരോ ദിവസവും നാം ദൈവത്തിന്‍റെ വിളിയോട് സമ്മതം മൂളേണ്ടവരാണ്. ദൈവത്തിന്‍റെ വിളിയോടു വിയോജിപ്പും വിസമ്മതവും നാം പ്രകടമാക്കുന്നുണ്ടോ എന്നും അനുദിനം ആത്മശോധനചെയ്യേണ്ടതാണ്. ആദത്തെയും ഹവ്വായെയുംപോലെ തലകുനിച്ചും വിഘടിച്ചും നടക്കുകയാണോ നാം? ചിലപ്പോള്‍ നാം വിസമ്മതിക്കുന്നില്ല. എന്നാല്‍ ഒന്നും മനസ്സിലാകാത്തതുപോലെ നിസ്സംഗതയിലും മ്ലാനതയിലും നമ്രശിരസ്ക്കരായി മുന്നോട്ടു പോവുകയാണ്. ദൈവഹിതത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരാണോ എന്ന് ഇന്നാളില്‍ ചിന്തിക്കേണ്ടതാണ്.

സമ്മതത്തിന്‍റെ തിരുനാളാണ് മംഗലവാര്‍ത്ത! ദൈവഹിതത്തോടു മറിയം സമ്മതമോതിയ മഹാദിനത്തിന്‍റെ അനുസ്മരണമാണിത്. മറിയത്തിന്‍റെ സമ്മതം രക്ഷാകര ചരിത്രത്തോടുള്ള സമ്മതം മൂളലായിരുന്നു. അത് മനുഷ്യകുലത്തെപ്രതി ദൈവത്തോടുള്ള മറിയത്തിന്‍റെ സമ്മതം മൂളലുമായിരുന്നു. ദൈവം അനാദിയിലെ സൃഷ്ടിച്ച ലോകവും മനുഷ്യനും പുനര്‍ജനിക്കുന്നതും നവീകരിക്കപ്പെടുന്നതും മറിയത്തിന്‍റെ സമ്മതത്തിലാണ്. ജീവിതനൈര്‍മ്മല്യത്താല്‍ അനുപമയായവള്‍ ദൈവത്തോടു പറഞ്ഞ ‘ഫിയാത്താ’ണ്  (fiat), സമ്മതമാണ്  ക്രിസ്തുവില്‍ മനുഷ്യര്‍ക്ക് പുനര്‍ജീവന്‍ നല്കുന്നതും, നമ്മെ നയിക്കുന്നതും.

 ആത്മശോധനചെയ്യാം, അനുദിന ജീവിതത്തില്‍ ദൈവഹിതത്തോട് നാം എങ്ങനെയാണ് സഹകരിക്കുന്നത്? ജീവിത ചുറ്റുപാടുകളില്‍ അവിടുത്തെ പദ്ധതികളോട് എന്നും ക്രിയാത്മകമായി പ്രതികരിക്കുവാനുള്ള കരുത്തു നല്കണമേ, എന്നു പ്രാര്‍ത്ഥിക്കാം. ദൈവഹിത്തോടു വിധേയത്വത്തോടെ പ്രത്യുത്തരിച്ചവരുടെ വഴിയേ ചരിക്കുവാനുള്ള കൃപ കര്‍ത്താവു ഏവര്‍ക്കും നല്‍കട്ടെ!








All the contents on this site are copyrighted ©.