2016-03-30 18:17:00

മാധ്യമലോകത്തെ മദര്‍ ആഞ്ചലിക്ക ഓര്‍മ്മയായി


മാധ്യമലോകത്തെ അത്ഭുതമായിരുന്നു മദര്‍ ആഞ്ചെലിക്ക, EWTN- ചാനലിന്‍റെ സ്ഥാപക ! വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍ ജൊവാന്നി മരിയ വിയാന്‍റെ പ്രസ്താവനയാണിത്. Eternal Word Television Network – EWTN-ന്‍റെ ഈസ്റ്റര്‍ ദിനത്തില്‍ അന്തരിച്ച സ്ഥാപക ഡയറക്ടര്‍, മദര്‍ മരിയ ആഞ്ചലിക്കയെക്കുറിച്ച് (Mother Maria Angelica) ജൊവാന്നി വിയാന്‍ എഴുതിയ പത്രാധിപക്കുറിപ്പിലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.

ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനിയായി ജീവിച്ച മദര്‍ ആഞ്ചലിക്ക അമേരിക്കയിലെ അലബാമാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഖ്യാതമായ കാത്തോലിക്കാ ടെലിവിഷന്‍ ശൃംഖല, EWTN സ്ഥാപിച്ചത് 1981-ലാണ്. ഇപ്പോള്‍ 144 രാജ്യങ്ങളിലായി ബഹുഭാഷാ ശൃഖലകളുള്ള  EWTN ചാനല്‍  പരസ്യങ്ങളില്ലാതെ സുവിശേഷവത്ക്കരണ പരിപാടികളുമായി മുന്നേറുന്ന ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ മാധ്യമശൃംഖലയാണെന്ന്, വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കുവേണ്ടി ജൊവാന്നി വിയാന്‍ വിശേഷിപ്പിച്ചു.

വളരെ കാര്‍ക്കശ്യമുള്ള സന്ന്യാസജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവിച്ചുകൊണ്ട് വളര്‍ത്തിയെടുത്തതാണ് മദര്‍ മരിയ ആഞ്ചെലിക്കയുടെ മാധ്യമ പൈതൃകം.  ആധുനിക സുവിശേഷവത്ക്കരണ ലോകത്തെ വിസ്മയമാണ് മദര്‍ ആ‍ഞ്ചെലിക്കയുടെ Eternal Word Television Network – EWTN എന്നും ജൊവാന്നി മരിയ വിയാന്‍ വിശേഷിപ്പിച്ചു. 

1923-ല്‍ ഓഹിയോയിലെ കന്‍റോണില്‍ ജനച്ച് റീത്താ റീസ്സോയാണ് പിന്നീട് ക്ലാരിസ്റ്റ് സന്ന്യാസിനി മദര്‍ ആഞ്ചെലിക്കയായി മാറിയത്. കഷ്ടപ്പാടില്‍ ജനിച്ചു വളര്‍ന്നെങ്കിലും, ചെറുപ്രായത്തില്‍ തനിക്കു ലഭിച്ച അത്ഭുതകാരമായ രോഗശാന്തി ജീവിതത്തില്‍ അവരെ ദൈവവിചാരമുള്ളവളാക്കി.  18-മത്തെ വയസ്സില്‍ ക്ലാരമഠത്തിലെ നിത്യാരാധന സമൂഹത്തില്‍ അംഗമായി ചേര്‍ന്നു. ‘മംഗലവാര്‍ത്തയുടെ ആഞ്ചെലിക്ക’യെന്ന പേരു സ്വീകരിച്ചു  (Sr. Angelica of Annunciation).  കന്‍റോണില്‍ പുതിയ മഠം സ്ഥാപിക്കാനുള്ള ഉത്തരവാദിത്ത്വം ഏറ്റെടുത്തു. പണിയുടെ തിരക്കില്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ടു. താഴെ വീണ സിസ്റ്റര്‍ ആ‍ഞ്‌ചെലിക്ക‍‍‍ വീണ്ടും രോഗഗ്രസ്ഥയായി. ന‌ട്ടെല്ലിനു പറ്റിയ പരുക്ക് സിസ്റ്ററെ ശയ്യാവലംബിയാക്കി. രണ്ടു വര്‍ഷത്തിനുശേഷം സുഖപ്പെട്ടതില്‍പ്പിന്നെ 1961-ല്‍ അലബാമയിലെ സമൂഹത്തിലേയ്ക്കു മാറി. അവിടെയും പുതിയ മഠം സ്ഥാപിച്ചു.

സിസ്റ്റര്‍ ആഞ്ചലിക്കയുടെ പ്രസംഗം 1966-ല്‍ ആദ്യമായി ഒരു പ്രാദേശിക റേഡിയോ പ്രക്ഷേപണം ചെയ്തതാണ് മാധ്യമശക്തി മനസ്സിലാക്കിയ ആദ്യാനുഭവം. 1968-ല്‍ 10 മിനിറ്റ് ടെലിവിഷനില്‍ സുവിശേഷ പ്രസംഗം അവതരിപ്പിക്കാന്‍ അവസരം കിട്ടി. പിന്നെയും അവസരങ്ങള്‍ ഏറിവന്നു. എന്നാല്‍ കതിരും പതിരുംപോലെ നന്മതിന്മകള്‍ ഇടകലര്‍ന്നതാണ് മാധ്യമ ലോകമെന്നും, ശരിയായി കൈകാര്യംചെയ്താല്‍ നന്മയുടെ ചാലകശക്തിയാണെന്നും മദറിന് അവബോധം ലഭിച്ചു. ഇതര ക്രൈസ്തവ സമൂഹങ്ങള്‍ക്കുവേണ്ടി പ്രസംഗിക്കാനായിരുന്നു സിസ്റ്റര്‍ ആഞ്ചലിക്കയ്ക്കയുടെ ആദ്യാവസരങ്ങള്‍!  കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യങ്ങളില്‍ ചിന്തകളും വ്യക്തിത്വവും വലിച്ചെറിയപ്പെടുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍, സ്വന്തമായൊരു ചാനലിന്‍റെ ചിന്തകള്‍ മദറി‍ന്‍റെ മനസ്സില്‍ പൂവണിഞ്ഞു. ആ നിയോഗം ദൈവവിളിയായും വെല്ലുവിളിയായും സ്വീകരിച്ചു.

ഈ സുവിശേഷ മാധ്യമ ദൗത്യത്തിന്‍റെ തുടര്‍ച്ചയ്ക്കായി സാങ്കേതിക സൗകര്യങ്ങള്‍ക്കൊപ്പം വ്യക്തികളെയും മദര്‍ രൂപപ്പെടുത്തുകയും, പങ്കുകാരാക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്തു. അതിനായി ഒരു സന്ന്യാസ സമൂഹംതന്നെ സ്ഥാപിച്ചു. 2000-ാമാണ്ടില്‍ 86-ാമത്തെ വയസ്സില്‍ രോഗഗ്രസ്ഥയായി. അങ്ങനെ മാധ്യമ ലോകത്തുനിന്നും വിരമിക്കുമ്പോള്‍ ഒരു രാജ്യാന്തര ശൃംഖലയും ബഹുഭാഷ ചാലനുമായി EWTN വളര്‍ന്നിരുന്നു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1979-ല്‍ EWTN-ന്‍റെ വാഷിങ്ടണ്‍ ഡി.സി-യിലെ കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. 2009-ല്‍ സഭാസേവനത്തിനുള്ള ബഹുമതി Pro Ecclesia et Pontifice നല്കി  മുന്‍പാപ്പാ ബെനഡിക്ട് മദറിനെ ആദരിച്ചു. മദറിന്‍റെ രോഗാവസ്ഥയുടെ മൂര്‍ദ്ധന്ന്യത്തില്‍ ക്യൂബ-മെക്സിക്കോ യാത്രയിലായിരുന്ന (22 Sept. 2015)  പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ച് പ്രാര്‍ത്ഥിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ 92-ാമത്തെ വയസ്സില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനമഹത്വത്തില്‍ പങ്കാളിയായ മദര്‍ മരിയ ആഞ്ചലിക്ക ആധുനിക കാലത്തെ മാധ്യമാവിഷ്കൃതമായ സുവിശേഷ പ്രഘോഷണ രീതിക്ക് മാതൃകയും പ്രചോദനവുമാണ്!








All the contents on this site are copyrighted ©.