2016-03-26 13:52:00

‘ഉത്ഥിതന്‍ നല്കുന്ന പ്രത്യാശ ജീവിതവഴികളി‍ല്‍ പ്രകാശം’ : റെമീജിയൂസ് മാര്‍ ഇഞ്ചനാനിയില്‍


വത്തിക്കാന്‍ റേഡിയോ ശ്രോതാക്കള്‍ക്കെല്ലാം ഉയിര്‍പ്പു തിരുനാളിന്‍റെ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു!

ലോകത്തെ വിമോചിക്കാന്‍ വന്നവന്‍ കല്ലറയുടെ കനത്ത ഭീത്തികള്‍ ഭേദിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ ദിവസമാണല്ലോ ഈസ്റ്റര്‍! സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും മനുഷ്യസ്വപ്നങ്ങള്‍ക്ക് ദൈവരാജ്യത്തിന്‍റെ ക്യാന്‍വാസില്‍ പുതിയ വര്‍ണ്ണങ്ങളും വ്യാപ്തിയും നല്കി അനേകായിരങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ച യേശുവെന്ന ആ വലിയ യുവാവ് കല്ലറയുടെ പാറയ്ക്കിടയില്‍ അവസാനിച്ചിരുന്നുവെങ്കില്‍ അവിടുത്തെ ജീവിതത്തിനും പ്രവൃത്തികള്‍ക്കും പ്രസക്തി നഷ്ടപ്പെടുമായിരുന്നു. കാരണം ഈ ലോകത്തിന്‍റെ മൂല്യക്രമങ്ങളെ തകിടംമറിച്ചുകൊണ്ട് അന്നുവരെ കാണാതിരുന്നൊരു ജീവിതശൈലി പ്രചരിപ്പിച്ചതുകൊണ്ടാണ് നസ്രത്തില്‍നിന്നുള്ള ഈ പ്രവാചകന്‍ കാല്‍വരിയിലേയ്ക്കുള്ള വഴി സ്വയം വെട്ടിയത്. തന്‍റെ ജീവിതത്തില്‍ യേശു ഏറ്റെടുത്ത സഹനങ്ങളും അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്ന ശത്രുതയും, എല്ലാം വ്യക്തമൊയൊരു ലക്ഷ്യത്തിലേയ്ക്ക് അര്‍ത്ഥപൂര്‍ണ്ണമായി നയിക്കുന്നവയായിരുന്നെന്ന് ലോകം മനസ്സിലാക്കിയത് അവന്‍റെ ഉത്ഥാനത്തിനുശേഷമാണ്. കുരിശിന്‍റെവഴിയുടെ കാഠിന്യവും വേദനയും അസ്വീകാര്യതയും മാറിമറിയുന്നത് ഉത്ഥാനാനുഭവത്തിലൂടെയാണല്ലോ. മഹത്വത്തിലേയ്ക്കു നയിക്കുന്ന ഏകവഴി ഇടുങ്ങിയവഴി  കുരിശിന്‍റെവഴിയാണെന്നത് ലോകത്തിന് വ്യക്തമായത് ഉത്ഥാനത്തിലൂടെയാണ്.  അതുകൊണ്ടാണ് വിശുദ്ധ പൗലോസ്ലീഹാ പ്രഘോഷിച്ചത്, “ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം”  (1കൊറി. 15, 14).

കുരിശിന്‍റെവഴി ഒരു വിശ്വാസിക്ക് രക്ഷയുടെ മാര്‍ഗ്ഗമാണ്. അനുദിനജീവിത സാഹചര്യങ്ങളി‍ല്‍ പ്രതിസന്ധികളും പ്രയാസങ്ങളും ഭീഷണികളും ഉയര്‍ന്നു വരുമ്പോള്‍ ഉത്ഥാനത്തിന്‍റെ ഉറപ്പാണ് കുരിശിന്‍റെവഴിയെ നടക്കാന്‍,  ജീവതപാതയില്‍ മുന്നോട്ടു ചരിക്കാന്‍ വിശ്വസിക്ക് പ്രചോദനമേകുന്നത്.

മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ തീവ്രവാദികളുടെ ഭീഷണിക്കു വഴങ്ങാതെ, വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കേണ്ടിവരുന്നവര്‍, സ്വന്തമായിട്ടുള്ളതെല്ലാം ത്യജിച്ച് ഇറങ്ങുവാനും കുടിയേറുവാനും നിര്‍ബന്ധിതരാകുന്നവര്‍,  വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവര്‍. പാക്കിസ്ഥാനില്‍ വിശ്വാസി സമൂഹത്തെ സംരക്ഷിക്കുന്നതിനുവേണ്ടി തീവ്രവാദി ചാവേറുകളെ തടഞ്ഞു നിറുത്തി പൊട്ടിത്തെറിച്ച് ജീവന്‍ സമര്‍പ്പിച്ച സഹോദരങ്ങള്‍, കൂട്ടമാനഭംഗത്തിന് ഇരയായിട്ടും തെറ്റുചെയ്തവരോട് ക്ഷമിച്ചുകൊണ്ട് മിഷണറി പ്രവര്‍ത്തനം തുടരുന്ന സന്ന്യാസിനികള്‍ എന്നിവരെല്ലാം കുരിശിന്‍റെവഴിയില്‍ നില്ക്കുന്നതു കാണുമ്പോള്‍ ഇവരെല്ലാം ഉത്ഥാനത്തിന്‍റെ ഉറപ്പുലഭിച്ചവരാണെന്ന് നമുക്കു മനസ്സിലാകും. 

ഇക്കാലഘട്ടത്തില്‍ സുവിശേഷാധിഷ്ഠിതമായി ജീവിതം നയിക്കുവാന്‍ നമുക്കാവശ്യം ഉത്ഥാനത്തിലുള്ള ഉറപ്പാണ് പ്രത്യാശയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ വിശ്വാസത്തിനു സാക്ഷ്യംവഹിക്കുന്നതിന് ഉത്ഥാനത്തിന്‍റെ പ്രത്യാശ അത്യന്താപേക്ഷിതമാണ്. സുവിശേഷാനുസൃത ജീവിതം നയിക്കുമ്പോഴും ദൈവരാജ്യമൂല്യങ്ങളുടെ വ്യാപനത്തിനായി അദ്ധ്വാനിക്കുമ്പോഴും നേരിടേണ്ടി വരുന്ന ആനുപാതികതയില്ലാത്ത സഹനങ്ങള്‍ പലപ്പോഴും നമ്മെ തളര്‍ത്താറുണ്ട്. പ്രത്യാശ നഷ്ടപ്പെടുന്ന അവസരങ്ങളില്‍ ഇത്തരം അനുഭവങ്ങളെ ധീരോചിതമായി നേരിട്ട വ്യക്തികളെ തിരിച്ചറിഞ്ഞ് അവരെ മാതൃകയാക്കുന്നത് നമുക്ക് സഹായകമായേക്കാം.

വിയറ്റ്നാംകാരനായ കര്‍ദ്ദിനാള്‍ വാന്‍ തുവാനിന്‍റെ ജീവിതകഥ ഇത്തരത്തിലുള്ളതാണ്. 1928-ല്‍ വിയറ്റ്നാമില്‍ ജനിച്ച വാന്‍ തുവാന്‍, 25-ാമത്തെ വയസ്സില്‍ വൈദികനായി. തീക്ഷ്ണത നിറഞ്ഞ ദൈവദികജീവിതത്തിനിടയല്‍ റോമില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റു ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ കരസ്ഥമാക്കി. തിരിച്ച് മാതൃരാജ്യത്തെത്തിയ വാന്‍ തുവാന്‍ തന്‍റെ അജപാലന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. സെമിനാരികളില്‍ പഠിപ്പിച്ച് അദ്ദേഹം ദേശീയ മെത്രാന്‍ സംഘത്തിന്‍റെ വിവിധ കമ്മിഷനുകളില്‍ പ്രവര്‍ത്തിച്ചു. രൂപതയുടെ വികാരി ജനറാള്‍ സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. 1967-ല്‍ മെത്രാനായി അഭിഷിക്തനായ അദ്ദേഹം ദൈവവിളികള്‍ പ്രേത്സാഹിപ്പിച്ചു. വിയറ്റ്നാമില്‍ സഭയുടെ നവീകരണത്തിനുതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ച്  നടപ്പിലാക്കിക്കൊണ്ടിരിക്കവെയാണ് 1975-ല്‍ പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തെ സൈഗോണ്‍ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി നിയമിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ വടക്കന്‍ വിയറ്റാമിന്‍റെ ഭാഗമായിരുന്ന സൈഗോണ്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ പട്ടാളം കീഴടക്കി. വാന്‍ തുവാന്‍ മെത്രാനെ യാതൊരു വിചാരണയും കൂടാതെ അവര്‍ ജയിലിലടച്ചു. 13 വര്‍ഷത്തെ കാരാഗൃഹവാസത്തില്‍ 9 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. ഏകാന്തതയുടെ തടവറയില്‍ അദ്ദേഹത്തിന് അഗ്നിപരീക്ഷകള്‍ ഉണ്ടായി. ഒരു ജനല്‍പോലുമില്ലാത്ത ജയിലറ. ദിവസങ്ങളോളം അദ്ദേഹം തുടര്‍ച്ചയായി ജയില്‍അറയില്‍ കഴിയേണ്ടി വന്നു. പ്രകാശമോ വായുവോ ഇല്ലായിരുന്ന കൊച്ചുമുറി. ചിലപ്പോള്‍ അസഹനീയമായ ആവിയും ചൂടും നിറയുമ്പോള്‍... ഉറക്കമില്ലാത്ത രാത്രികള്‍! കഠിനമായ ശ്വാസംമുട്ടലിന്‍റെ അനുഭവം! അദ്ദേഹം കദനഭാരത്തോടെ ദിനരാത്രങ്ങള്‍ മാസങ്ങള്‍, വര്‍ഷങ്ങള്‍ തള്ളിനീക്കി. മാനസിക പ്രതിസന്ധികള്‍ അദ്ദേഹത്തെ ക്ഷയപ്പെടുത്തുവാന്‍ തുടങ്ങി. താന്‍ തുടങ്ങിവച്ച പലേ പദ്ധതികളും, അദ്ദേഹം വിയറ്റാനമിലെ ജനതയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി കണ്ട സ്വപ്നങ്ങള്‍, അജപാലന പ്രവര്‍ത്തനങ്ങളില്‍നിന്നു ലഭിച്ച സന്തോഷവും ചാര്‍താര്‍ത്ഥ്യവും .. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമില്ലാതെ ഇരുട്ടറയില്‍...!

ഈ സാഹചരിത്തിന്‍റെ ദൈവഹിതം തിരിച്ചറിയുന്നതില്‍ മനസ്സ് പരാചയപ്പെട്ടുവെന്നു തോന്നിയ ഒരു നിമിഷം അദ്ദേഹത്തിന് ദൈവികപ്രകാശം ലഭിച്ചു. “നീ എന്തിന് ഇങ്ങനെ പീഡിപ്പിക്കുന്നു. നീ തിരഞ്ഞെടുത്തത് ദൈവത്തെയാണ്, നിന്‍റെ പ്രവൃത്തികളെയല്ല.” വാന്‍തുവാന് ഇതുവലിയൊരു ഉള്‍ക്കാഴ്ചയായിരുന്നു.  ദൈവത്തിന്‍റെ സന്ദേശം,  “നീ എന്തിന് എന്നെയിങ്ങനെ പീ‍ഡിപ്പിക്കുന്നു. നീ തിരഞ്ഞെടുത്തത് ദൈവത്തെയാണ് നിന്‍റെ പ്രവൃത്തികളെയല്ല.”   ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തെ പാടേ മാറ്റിമറിച്ചു. ഏകാന്തത്തടവില്‍നിന്നും വിമോചിതനായ അദ്ദേഹം ജയിലില്‍നിന്നും കടലാസുതുണ്ടുകളില്‍  തന്‍റെ ജനതയ്ക്ക് സന്ദേശങ്ങള്‍   നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ രൂപംകൊണ്ടതാണ് അദ്ദേഹത്തിന്‍റെ ‘പ്രത്യാശയുടെ പാത’യെന്ന പുസ്തകം  (The Road of Hope : the Gospel from the prison).  അതുപോലെ തുണ്ടു കടലാസുകളില്‍ സന്ദേശങ്ങള്‍ അദ്ദേഹത്തിനായി ജയിലിലും എത്തിയിരുന്നു. പട്ടാളക്കാര്‍ വരുമ്പോള്‍ അത് മണലിനടിയില്‍ നിലത്ത് ഒളിപ്പിച്ചുവച്ചിരുന്നു. അങ്ങനെ ദൈവവചനം അദ്ദേഹം സാവകാശം ഹൃദിസ്ഥമാക്കി. തടവുകാരുമായി അദ്ദേഹം സാവകാശം സൗഹൃദത്തിലായി. കാവല്‍ക്കാരെ അദ്ദേഹം പലപ്പോഴും കഥകള്‍ പറഞ്ഞു രസിപ്പിക്കുമായിരുന്നു. അധികവും സുവിശേഷക്കഥകളായിരുന്നു.

കപ്പലിന്‍റെ ചരക്കറയില്‍ കണ്ടെത്തിയ 1500-പേരോട് അദ്ദേഹം സുവിശേഷം പ്രസംഗച്ചു. ആത്മഹത്യയില്‍നിന്നും നിരവധി തടവുകാരെ അദ്ദേഹം രക്ഷിച്ചു. അങ്ങനെ ജയില്‍ അദ്ദേഹം തന്‍റെ കത്തീഡ്രല്‍ ദേവാലയമാക്കി മാറ്റി. രസ്യമായെത്തിച്ച വീഞ്ഞും ഓസ്തിയും അദ്ദേഹം സൂക്ഷിച്ചുവച്ചു. ബലിയര്‍പ്പിക്കാന്‍ കാസയില്ല. ഉള്ളംകൈയ്യിലെ ഏതാനും തുള്ളി വീഞ്ഞും ഒരു തുള്ളി വെള്ളവും ചേര്‍ത്ത് അദ്ദേഹം ബലിയര്‍പ്പിച്ചു. നിരാശയുടെയും തിരസ്ക്കാരത്തിന്‍റെയും അത്യഗാധങ്ങളില്‍നിന്ന് പ്രത്യാശയുടെ ഉത്സവത്തിലേയ്ക്ക് അദ്ദേഹം കടന്നുവന്നു.

1988-ല്‍ ജയില്‍ മോചിതനായ അദ്ദേഹം വീട്ടു തടങ്കലില്‍ പാര്‍ക്കേണ്ടി വന്നു. 1991-ല്‍ അദ്ദേഹം നാടുകടത്തപ്പെടുകയുണ്ടായി. പിന്നെ റോമിലെത്തിയ അദ്ദേഹം തന്‍റെ ജീവിതാനുഭവവും പ്രത്യാശയുടെ സുവിശേഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍പ്പോയി പങ്കുവച്ചു. നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ നിയമിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം, 2002-ല്‍ റോമില്‍വച്ചാണ് മരണമടയുന്നത്. കുരിശിന്‍റെവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ വാന്‍ തുവാനു ലഭിച്ച പ്രത്യാശയുടെ ഉറപ്പാണ് ജീവിതയാത്രയില്‍ ദൈവം ആഗ്രഹിച്ചതുപോലെ എല്ലാം പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും സ്വീകരിക്കുന്നതില്‍ ലോകം അന്നുമിന്നും വിമുഖത കാട്ടുണ്ടുണ്ട് എന്ന വസ്തുത നമ്മുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ രൂപപ്പെടുത്തുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

വിത്തു നല്ലതുതന്നെ. എന്നാല്‍ വിത്തിനെ സ്വീകരിക്കാന്‍ നിലം തയ്യാറല്ല എന്നതാണ് സത്യം. വിതക്കാരന്‍ നിലമൊരുക്കണം. പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ, സുവിശേഷമൂല്യങ്ങള്‍ ഇന്നത്തെ ജനസമൂഹത്തിന് പകര്‍ന്നുകൊടുക്കാന്‍ സാധിക്കയുള്ളൂ. സഹനങ്ങളുടെയും വേദനകളുടെയും അവസാനം, ഉത്ഥിതനോടുള്ള വിശ്വാസം. ഉത്ഥനാത്തിന്‍റെ പ്രത്യാശ ഇന്നു കടന്നുചെല്ലേണ്ട മേഖലകള്‍ നിരവധിയാണ്. 

സ്ഥിതിവിവരക്കണക്കുകള്‍ നമ്മുടെ തിരക്കിനടയില്‍ ശ്രദ്ധയില്‍ പെടാതെ പോകുന്നുണ്ട്. ലോക ജനസംഖ്യയില്‍ 805 മില്യന്‍ ആളുകള്‍ക്ക്  (80 കോടിയിലധികം ജനങ്ങള്‍) ആവശ്യത്തിന് ഭക്ഷണമില്ല. എന്നുവച്ചാല്‍  ഒന്‍പതില്‍ ഒരാള്‍ പട്ടണിയിലാണെന്നാണ് അര്‍ത്ഥം. പട്ടിണി അനുഭവിക്കുന്നവരില്‍ 60 ശതമാനവും സ്ത്രീകളാണ്. പിന്നെ ഓരോ 10 സെക്കന്‍റിലും പട്ടിണി സംബന്ധമായ രോഗങ്ങളാല്‍ ഒരാള്‍ മരണമടയുന്നു. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 50 ശതമാനം ആളുകളും പട്ടിണി അനുഭവിക്കുന്നവരാണ്. 1.7 ബില്യന്‍ ആളുകള്‍ക്ക് (രണ്ടുകോടിയോളം ജനങ്ങള്‍ക്ക്) ശുദ്ധജലം ലഭിക്കുന്നില്ല. 3 സെക്കന്‍ഡില്‍ ഒരാള്‍ എന്ന നിരക്കില്‍ ദിവസം 36,000 ആളുകള്‍ കൊല്ലപ്പെടുന്നു... എത്രയോ പേരാണ് മയക്കുരുന്നിനും മദ്യത്തിനും അടിമകളാകുന്നത്!

ഈ അവസരത്തില്‍ ഉത്ഥാനാന്തര കൂട്ടായ്മയാണ് സഭയെന്ന് നാം തിരിച്ചറിയണം. കര്‍ത്താവിന്‍റെ സാന്നിദ്ധ്യം, ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമാണ് സഭയുടെ ശക്തികേന്ദ്രം. യുഗാന്തംവരെ ഞാന്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്ന അവിടുത്തെ തിരുവചനം നമുക്ക് വലിയ ശക്തിനല്കുന്നു. ഉത്ഥിതനില്‍നിന്നും ലഭിക്കുന്ന ഈ ഉറപ്പ് സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാണ്. പ്രശ്നങ്ങളും പ്രയാസങ്ങളും സഭാന്തരീക്ഷത്തില്‍ പ്രക്ഷുബ്ധതയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. മരുഭൂമി അനുഭവം സഭയുടെ ജീവിതാനുഭവമാണ്.

അടച്ചുഭദ്രമാക്കിയ ജറീക്കോ പട്ടണം ഇസ്രായേല്‍ക്കാര്‍ പിടിച്ചടക്കിയത് അവരുടെ സൈന്ന്യബലംകൊണ്ടായിരുന്നില്ല. യാഹ്വേയുടെ നിര്‍ദ്ദേശമനുസരിച്ച് പുരോഹിതരും വാഗ്ദാനപേടകം വഹിക്കുന്നവരും കാഹളം മുഴക്കന്നവരും പട്ടണത്തിന്‍റെ മതലിനു ചുറ്റും നടന്ന് ഏഴു ദിവസം കാഹളം മുഴക്കി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്ത് അട്ടഹസിച്ചു. ഒരുദിവസം പട്ടണഭിത്തി നിലംപതിക്കുകയും ചെയ്തു.

സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അധാര്‍മ്മികതയുടെയും അസത്യത്തിന്‍റെയും, യുദ്ധത്തിന്‍റെയും ഫലങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു. മനുഷ്യന് ദൈവത്തെ ആവശ്യമാണ്. അല്ലെങ്കില്‍ അവന്‍ പ്രത്യാശയില്ലാത്തവനായി ഭവിക്കും. ക്രൈസ്തവര്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ അര്‍പ്പിക്കേണ്ടത് ദൈവത്തിലാണ്. ദൈവമില്ലാത്ത ലോകം പ്രത്യാശയില്ലാത്ത ലോകമാണ്. ഇന്നിന്‍റെ അപപര്യാപ്തതകള്‍ക്കു മുന്നില്‍ നമ്മുടെ മനസ്സിന്‍റെ ആര്‍ജ്ജവത്വം പണയപ്പെടുത്താതെ, അന്ധകാരത്തിന്‍റെ സംഘടിത ശക്തികളെക്കണ്ട് ഭയപ്പെടാതെ, വചനാനുസൃതമായ ജീവിതത്തിലൂടെ തിന്മയുടെ കോട്ടകളെ തകര്‍ക്കാനുള്ള ആര്‍ജ്ജവത്തോടെ ദൈവസാന്നിദ്ധ്യ വാഹകരായി .... പ്രത്യാശയുടെ പ്രഭാതങ്ങള്‍ക്കായി കര്‍മ്മനിരതരായി ജീവിക്കുവാന്‍ ഈ തിരുനാള്‍ നമ്മെ സഹായിക്കട്ടെ! ഒരിക്കള്‍ക്കൂടി ശ്രേതാക്കള്‍ക്കെല്ലാം ഉയിര്‍പ്പുതിരുനാളിന്‍റെ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു! ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!! 

 








All the contents on this site are copyrighted ©.