2016-03-26 20:58:00

നഷ്ടധൈര്യരുടെ കൂടെ നടക്കുന്നവന്‍ ഉയിര്‍പ്പു ഞായറിന്‍റെ സുവിശേഷചിന്തകള്‍


വിശുദ്ധ ലൂക്കായുടെ സുവിശേഷം 24, 13-35

ഇന്നത്തെ സുവിശേഷത്തില്‍ എമാവൂസിലേയ്ക്കു പോകുന്ന രണ്ടു ശിഷ്ന്മാരുടെ കഥയാണ്. ഇതില്‍ ശ്രദ്ധേയമാകുന്നത് ജീവിതത്തിന്‍റെ സകല പ്രതീക്ഷകളും, ജീവിതത്തില്‍ സ്വന്തമായിട്ടുള്ള എല്ലാ സ്വപ്നങ്ങളും നഷ്ടപ്പെട്ട രണ്ടുപേരു‌‌ടെ കഥയാണ്. കാരണം അവരുടെ പ്രതീക്ഷയായിരുന്നു യേശു. വരാനിരിക്കുന്നവന്‍, പ്രവാചകന്‍, രക്ഷകന്‍! ഇതൊക്കെ പ്രതീക്ഷിച്ചിരുന്നിട്ട്, അതെല്ലാം തകര്‍ന്നടിഞ്ഞ് തരിപ്പണമായതിന്‍റെ സങ്കടവും നിരാശയുമായിട്ടാണ് അവര്‍ ജരൂസലേം വിട്ട് എമാവൂസിലേയ്ക്ക് പോകുന്നത്. ശ്രദ്ധേയമാകുന്നത്, ജരൂസലേം വിട്ട് എമാവൂസിലേയ്ക്കുള്ള ഒരു പലായനമാണ്. ഈ അനുഭവം, എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ എപ്പോഴും ഉണ്ടാകാവുന്നതാണ്. ഏതവസരത്തിലും ഉണ്ടാകാവുന്നതാണ്. ജീവിത്തില്‍ നമ്മുടെ പ്രതീക്ഷകള്‍ തകരുന്നു, നമ്മുടെ സ്വപ്നങ്ങള്‍ തകരുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അപകടങ്ങളും നിരാശകളും വന്നുപെടുന്നു. അങ്ങനെ വരുമ്പോള്‍, വലിയ സങ്കടത്തിലേയ്ക്കു നൈരാശ്യത്തിലേയ് വീഴുമ്പോള്‍ എന്തുചെയ്യണം?

അതിനായി ഈശോ നമ്മുടെ മുന്നില്‍ വയ്ക്കുന്നത് രണ്ടു വഴികളാണ്.  ആദ്യത്തെ കാര്യം, വഴിയില്‍വച്ച് ശിഷ്യന്മാരോടു കൂടിയ അപരിചിതന്‍ അവരോടു സംസാരിക്കുന്നു. അവിടുന്ന് ശിഷ്യരോട് പഴയതു മുതല്‍ പ്രവാചകന്മാര്‍വരെ സംഭവിച്ചതെല്ലാം ഇവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്നു. ആദ്യത്തേത്, അപ്പോള്‍ ഒരു സംഭാഷണമാണ്. സംസാരിക്കുക. സംസാരിക്കുക. കൂടെയുള്ളവരുമായി സംസാരിക്കുക, പങ്കുവയ്ക്കുക.  അവന്‍ പറയുന്നതു കേള്‍ക്കുക, പിന്നെ അവനോടു പറയുക. സംസാരം, ഡയലോഗ്, സംഭാഷണം. പിന്നെ രണ്ടാമത്, ഇതാ, കൂടെക്കൂടാന്‍ പറഞ്ഞവനോടൊപ്പം ഒരുമിച്ച് അവര്‍ ഭക്ഷണംകഴിക്കുന്നു. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും അപ്പോള്‍ ജീവിതത്തിന്‍റെ വലിയ പ്രതിസന്ധികളില്‍നിന്നും കയറിവരാനുള്ള വഴിയാണ്. ഈ രണ്ടു പ്രക്രിയകളെ നമുക്ക് വലിയ ആത്മീയതലത്തിലേയ്ക്ക് കൊണ്ടുപോകേണ്ടതില്ല. ജീവിതത്തില്‍ വന്‍ പ്രശ്നങ്ങളും പ്രയാസങ്ങളും നഷ്ടങ്ങളും ഉണ്ടാകുമ്പോള്‍ അവിടെന്നും കയറിവരാന്‍ ഈശോ നമ്മുടെ മുന്നില്‍ വയ്ക്കുന്ന രണ്ടു വഴികള്‍ -   സുവിശേഷം നമ്മുടെ മുന്നില്‍ തുറന്നു തരികയാണ്. ഒന്നു സംഭാഷണം, മറ്റത്, പന്തി ഭോജനം, ഒരുമിച്ചുള്ള ഭക്ഷണം.

പാപ്പാ ഫ്രാന്‍സിസ് രണ്ടു വര്‍ഷം മുന്‍പ് ബ്രസീലില്‍ ലോക യുവജന സംഗമത്തിന് പോയപ്പോള്‍, അവിടെ പാപ്പായുടെ ആദ്യത്തെ പ്രസംഗം നടന്നത്, അപ്പരസീദ എന്നു പറയുന്ന തുറമുഖ പട്ടണത്തില്‍വച്ചായിരുന്നു. അവിടെക്കൂടിയ എട്ടു പത്തുലക്ഷം യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. ഇവിടെ മൂന്നു നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത്, മൂന്നു മുക്കുവന്മാര്‍ മീന്‍പിടിക്കാന്‍ പോയി. അവര്‍ രാത്രി മുഴുവന്‍ വലയിറക്കി. എന്നാല്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. അങ്ങനെ ഒന്നും കിട്ടാതെ പോയതിന്‍റെ നിരാശയില്‍ അവര്‍ തിരിച്ചു പോരുകയാണ്. തിരുച്ചുപോരുമ്പോള്‍ കൂട്ടത്തിലുള്ള ഒരുത്തന്‍, ഒന്നുകൂടെ വലയിറക്കാമെന്നു പറഞ്ഞു. അങ്ങനെ ഒന്നുകൂടെ വലയിറക്കിയപ്പോള്‍. പഴയതുപോലെ തന്നെ വലയില്‍ മീനൊന്നുമില്ല. വലവലിച്ചു നോക്കിയപ്പോള്‍ ദേ, അതിനകത്ത് ഒരു തടിക്കഷണം! കിട്ടിയത് ഒരു രൂപമാണ്!! മാതാവിന്‍റെ രൂപമാണ്. പക്ഷെ രൂപത്തിന് തലയില്ല. തലയില്ലെങ്കില്‍ എങ്ങനെയാ....?!. അതുകൊണ്ട് അവര്‍ രണ്ടമതും വലയിട്ടു. രണ്ടാമതു വലയിട്ടപ്പോള്‍ ഇതാ, അത്ഭുതമെന്നോണം തലകിട്ടി. അവര്‍ രണ്ടുഭാഗങ്ങളും കൂട്ടിയിണക്കി രൂപം മുഴുവനാക്കി. കൂട്ടത്തില്‍ ഒരാളുടെ വീട്ടില്‍ അതുവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അതാണ് പിന്നീട് പ്രശസ്തമായി തീര്‍ന്ന അപ്പരസീദായിലെ കറുത്തമാതാവിന്‍റെ രൂപം.. the black Madonna of Apparicida!

ഈ കഥ യുവാക്കളോടു പറഞ്ഞിട്ടു പാപ്പാ പറഞ്ഞു. അവര്‍ രാത്രിയില്‍ വലയിറക്കിയത് മീന്‍പിടിക്കാനാണ്. അവര്‍ ഉദ്ദേശിച്ചതുപോലെ ഒന്നു കിട്ടാത്തതിന്‍റെ നിരാശയില്‍ തിരിച്ചു പോരുമ്പോഴാണ്. അവര്‍ പ്രതീക്ഷിച്ചതിലും വലിയ സമ്മാനം ദൈവം ഒരുക്കിവച്ചത്. എന്നിട്ട് പാപ്പാ അവരോടു പറഞ്ഞു, മക്കളേ, നിങ്ങള്‍ ജീവിതത്തിന്‍റെ തുടക്കത്തിലാണ്. ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോള്‍, നിങ്ങള്‍ ജീവിത സ്വപ്നങ്ങളുമായി നിങ്ങള്‍ പരിശ്രമിക്കും. പലപ്പോഴും പരാജയപ്പെടും, പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്നു വരും. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്നു വിചാരിച്ച് നിങ്ങള്‍ നിരാശരാകരുത്. ദൈവം  പ്രതീക്ഷിക്കുന്നതിലും വലിയവ നിങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ കാത്തിരിക്കുന്ന ദൈവത്തെ കാണാനുള്ള കണ്ണുണ്ടാകണം. പരാജയത്തിന്‍റെയും ജീവിത നിരാശയുടെയും നടുവില്‍ ആകുമ്പോള്‍, നമ്മള്‍ മറക്കരുതാത്ത കാര്യമിതാണ് – തമ്പുരാന്‍ കൂടെയുണ്ട്!

അതാണ് എമാവൂസ് ശിഷ്യന്മാരുടെ ജീവിതത്തില്‍ സംഭവിച്ചത്. ഒരു അപരിചിതന്‍, ഒരപരിചിതനായി യേശുവും അവരുടെകൂടെ കൂടുകയാണ്. അപരിചിതനായിട്ട് ഈശോ അവരുടെ കൂടെയുണ്ട്. എന്നാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നതിനാല്‍ അവര്‍ അവിടുത്തെ തിരിച്ചറിയാതെ പോയി. തമ്പുരാന്‍ കൂടെയുണ്ട്! നാം പ്രതീക്ഷിച്ചതിലും കൂടുതല്‍ വലിയ സമ്മാനങ്ങളുമായി അവിടുന്ന് കൂടെയുണ്ട്. ഈ എമാവൂസ് ശിഷ്യന്മാരുടെ ജീവിതാനുഭവം നമ്മോടു പറയുന്നത് എന്താണ്? എന്താണ് ഈശോ പറയുന്നത്?  ജീവിതത്തിലെ കൊടിയ നിരാശകളും പരാജയങ്ങളും ഉണ്ടാകുമ്പോള്‍ അതില്‍നിന്നും കരകയറാന്‍,,,,, എന്തുചെയ്യണം....? സംഭാഷണം, പിന്നെ ഒരുമിച്ചുള്ള ഭക്ഷണം..! ഇതു രണ്ടും ആവശ്യമാണ്. ഇത് നമ്മുടെ വീടുകളില്‍ സാധാരണ നടക്കുന്നതാണ്, അല്ലെങ്കില്‍ നടക്കേണ്ടതാണ്. നാം പരസ്പരം വളരെ സ്വാഭാവികമായിട്ട് സംസാരിക്കുന്നു. പോരാ, ജീവിത പരാജയങ്ങളും നൊമ്പരങ്ങളുമുള്ളപ്പോള്‍ അതാണ് നമ്മുടെ സംഭാഷണങ്ങളുടെ കേന്ദ്രമായിട്ട്, വിഷമായിട്ട് വരേണ്ടതാണ്. കൂടാതെ അതോടൊപ്പം ഇതിനെ ആ സാധാരണതലത്തില്‍നിന്നും ഒന്ന് ഉയര്‍ത്തിക്കാണാം. ഇവിടുന്ന് വിശുദ്ധ ലിഖിതങ്ങള്‍വച്ചാണ് എല്ലാം വ്യാഖ്യാനിക്കുന്നത്, മോശ മുതല്‍ പ്രവാചകന്മാര്‍വരെയെല്ലാം..., അതായത് വിശുദ്ധ ഗ്രാന്ഥത്തിന്‍റെ വെളിച്ചത്തില്‍ ജീവിത പരാജയങ്ങള്‍ നമുക്ക് വ്യാഖ്യാനിക്കാനാവണം എന്നാണ്. അതാണ് നടക്കേണ്ടത്, എന്‍റെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെയും നൊമ്പരങ്ങളെയും വേദനകളെയും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റണം, ദൈവഹിതം എന്നു പറഞ്ഞാല്‍, ദൈവത്തിന്‍റെ കണ്ണുകളിലൂടെ അവയെ നോക്കി കാണാനാവണം. ദൈവവചനത്തിലൂടെ വായിക്കാന്‍ പറ്റണം. Read my life through the World of God, through the Will of God… ദൈവത്തിന്‍റെ മനസ്സിലൂടെയും ഹൃദയത്തിലൂടെയും എന്‍റെ ജീവിതത്തെ വ്യാഖ്യാനിക്കുക. അപ്പോഴാണ് കണ്ണുതുറക്കപ്പെടുന്നത്. കണ്ണു തുറക്കപ്പെടാനുള്ള സാദ്ധ്യത അതാണ്. എന്‍റെ ജീവിതത്തില്‍ നൊമ്പരങ്ങള്‍ ഉണ്ടാകുമ്പോള്‍ വചനത്തിന്‍റെ വെളിച്ചത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്, ഇത് ഒന്നാമത്തേത്. ഇനി രണ്ടാമത്തേത്, ഒരുമിച്ചുള്ള ഭക്ഷണം... അവിടുന്ന് അപ്പമെടുത്ത് വാഴ്ത്തി, മുറിച്ച് അവര്‍ക്കു കൊടുക്കുന്നു. ഇത് കുര്‍ബാനയാണ്. ഒരുമിച്ച് അപ്പം മുറിച്ച് പങ്കുവയ്ക്കുന്നത് കുര്‍ബാനയാണ്. ക്രൂശിതനായ ക്രിസ്തുവിന്‍റെ വലിയ പങ്കുവയ്ക്കലാണ് വലിയ കൊടുക്കലാണ്. നാം കുര്‍ബാനയില്‍ കാണുന്നത് ഇതുതന്നെയാണ്.. കുര്‍ബാനയില്‍ നാം പങ്കുപറ്റുന്നു. അങ്ങനെ ചെയ്തു കൊള്ളാമെന്നുള്ള ഉറപ്പോടും വാഗ്ദാനത്തോടെ ജീവിതത്തില്‍ മുന്നേറുന്നു. ഇതു രണ്ടുമാണ് നമ്മുടെ ജീവിതപരാജയങ്ങളെ മറികടന്ന് നാം ഉത്ഥിതന്‍റെ തലത്തിലേയ്ക്ക് നമ്മുടെ ജീവിതങ്ങളെ ഉയര്‍ത്താനുള്ള വഴിയായിട്ട് ഈശോ പറഞ്ഞു തരുന്നത്. 

നമുക്കു പ്രാര്‍ത്ഥിക്കാം

യേശുവേ, അങ്ങ് എമാവൂസിലേയ്ക്കു പോയ ശിഷ്യരുടെ കൂടെയുണ്ടായിരുന്നു. അവര്‍ അറിഞ്ഞില്ലങ്കില്‍പ്പോലും! നാഥാ അങ്ങ് എപ്പോഴും എന്‍റെകൂടെയുണ്ട്! ഞങ്ങളുടെ കൂടെയുണ്ട് അങ്ങയുടെ അദൃശ്യമായ സാന്നിദ്ധ്യം തിരിച്ചറിയാന്‍ ഞങ്ങളെ അങ്ങ് സഹായിക്കണമേ. ജീവിതത്തില്‍ പരാജയങ്ങളും നൊമ്പരങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍... കാണുന്നില്ലെങ്കിലും അങ്ങ് കൂടെയുണ്ടെന്നുള്ള ആ വലിയ അനുഭവത്തിലേയ്ക്കു വരാനുള്ള കൃപ തരേണമേ. ഒപ്പം അങ്ങയോടു സംസാരിക്കാന്‍...  മാത്രമല്ല, അങ്ങേ കണ്ണുകളിലൂടെ എന്‍റെ ജീവതത്തെ പുനര്‍വായിക്കാന്‍. നിന്‍റെ തിരുഹിതത്തിലൂടെ എന്‍റെ ജീവിതത്തെ മനസ്സിലാക്കാന്‍ കൃപ തരിക. ഒപ്പം, നിന്‍റെ ഏറ്റവും വലിയ ദാനമായ അങ്ങേ ശരീരരക്തങ്ങളെ, അങ്ങേ ആത്മദാനത്തെ സ്വീകരിച്ച് .. അത്തരമുള്ളൊരു ആത്മദാനത്തിനായുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം, commitment ഏറ്റെടുക്കുവാനുള്ള കൃപ ഈശോയേ, അങ്ങ് എനിക്കു തരണമേ!

ആമ്മേന്‍!

https://www.facebook.com/VaticanRadioMalayalam/

 








All the contents on this site are copyrighted ©.