2016-03-25 10:02:00

കുരിശിന്‍റെവഴിയുടെ വേദി സാമ്രാജ്യകാലത്തെ കൊളോസിയം


മാര്‍ച്ച് 25-ാം തിയതി ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ ആരംഭിക്കുന്നത് പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ്.  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പീഡാനുഭവ പാരായണത്തോടെ ആരംഭിക്കും. പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് കുരിശാരാധന, വിശ്വാസികളുടെ സാര്‍വത്രിക പ്രാര്‍ത്ഥനാനിയോഗങ്ങള്‍, ദിവ്യകാരുണ്യസ്വീകരണ കര്‍മ്മം എന്നിവയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്.

ദുഃഖവെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.15-ന് റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ കുരിശിന്‍റെവഴിയും ധ്യാനവുമാണ്. റോമിലെ ഏറെ ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ പരിപാടിയാണ് അനുവര്‍ഷമുള്ളതും പാപ്പാ പങ്കെടുക്കുന്നതുമായ കൊളോസിയത്തിലെ കുരിശിന്‍റെവഴി .   വത്തിക്കാനില്‍നിന്നും ഏകദേശം 5 കി.മീറ്റര്‍ മാത്രം അകലെയുള്ള കൊളോസിയത്തില്‍ പാപ്പാ കാറില്‍ എത്തിച്ചേരും.

ക്രിസ്തുവര്‍ഷം 80-ല്‍ പണിതീര്‍ത്ത റോമന്‍ കളിക്കളമാണ് കൊളോസിയം. അണ്ഡാകാരുത്തിലുള്ള കളിക്കളത്തിന് 6 ഏക്കറാണ് ഉള്ളിലെ വിസ്തൃതി. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കായികവേദിയാണ്  ഇന്നും കൊളോസിയം. ക്രൈസ്തവ പീഡനങ്ങള്‍ക്കും രക്തസാക്ഷിത്വത്തിനും വേദിയായിട്ടുള്ള ചരിത്രസ്മാരകത്തില്‍ ആചരിക്കപ്പെടുന്ന പീഡാനുഭവയാത്ര ഏറെ വൈകാരികത ഉണര്‍ത്തുന്നതും ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകരുന്നതുമാണ്.

റോമില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇതില്‍ പങ്കെടുക്കും. യേശുവിന്‍റെ പീഡികള്‍ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളിലൂടെ കുരിശും, ദീപങ്ങളും വഹിച്ചുകൊണ്ട് കുരിശുയാത്ര തുടരും.  കാല്‍വരിയുടെ പ്രതീകമായി റോമിലെ 7 കുന്നുകളില്‍ പ്രധാനപ്പെട്ട പാലറ്റൈന്‍ കുന്നിലാണ് കുരിശിന്‍റെയാത്ര സമാപിക്കുന്നത്.

കുരിശിന്‍റെവഴിയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകവേദിയില്‍നിന്നുകൊണ്ട് പങ്കെടുക്കുന്നത്. സമാപനമായി പാപ്പാ സന്ദേശംനല്ക്കും.  തുടര്‍ന്നുള്ള അപ്പോസ്തോലിക ആശീര്‍വ്വാദത്തോടെയാണ് കുരിശിന്‍റെവഴി സമാപിക്കുന്നത്.  കുരിശിന്‍റെവഴിയുടെ പ്രാര്‍ത്ഥനകള്‍ ഈ വര്‍ഷം നയിക്കുന്നത് വടക്കെ ഇറ്റലിയിലെ പെറൂജിയ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്വാല്‍ത്തിയേരോ ബസേത്തിയാണ്. ദൈവികകാരുണ്യത്തെ ധ്യാനിക്കുന്ന വിധത്തിലാണ് സ്ലീഹാപാതയുടെ ഓരോ സ്ഥലങ്ങളും ആര്‍ച്ചുബിഷപ്പ് ബസേത്തി സംവിധാനംചെയ്തിരിക്കുന്നത്.








All the contents on this site are copyrighted ©.