2016-03-25 11:22:00

ഇറാക്കിലെ ക്രൈസ്തവര്‍ക്ക് വത്തിക്കാനില്‍നിന്നൊരു സാന്ത്വനസന്ദേശം


ദൈവികകാരുണ്യം കരയുന്നവരുടെ കണ്ണീരൊപ്പട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ഇറാക്കിലെ ക്രൈസ്തവരെ കത്തിലൂടെ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും ഇറാക്കിലേയ്ക്കു പുറപ്പെട്ട ‘ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാന’ത്തിന്‍റെ (The Church in Need ) വക്താവ്, ബിഷപ്പ് കാര്‍പി കവീനയുടെ കൈവശം കൊടുത്തയച്ച കത്തിലാണ് പീഡനത്തില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ക്കായി പാപ്പാ ഇങ്ങനെ സാന്ത്വന വാക്കുകള്‍ കുറിച്ചത്.

നിങ്ങള്‍ അനുഭവികുന്ന ക്ലേശങ്ങള്‍ മറക്കില്ലെന്നും ക്ഷമയോടെ ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍ ഈ ജൂബിലി വര്‍ഷത്തില്‍ സാധിക്കട്ടെയന്നും കത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു. ഏബ്രില്‍-കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ ഇനിയുമുള്ള ക്രൈസ്തവസമൂഹത്തിന് സമ്മാനമായി ബിഷപ്പ് കവീനയുടെ കൈവശം കുര്‍ബ്ബന കുപ്പായവും, കാസയും പീലാസയും കത്തിനോടൊപ്പം പാപ്പാ കൊടുത്തയച്ചു. ദൈവത്തിന്‍റെ കരുണ അളവില്ലാതെ ലഭിക്കുന്ന നമുക്ക് സഹോദരങ്ങളോടും കരുണകാണിക്കാമെന്നും, ചുറ്റും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുറിവുണക്കുവാനും, ധാര്‍മ്മികവും ശാരീരികവുമായ അവരുടെ വേദനകളെ ശമിപ്പിക്കുവാനും സാധിക്കട്ടെയെന്നും പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.

സഭാ പ്രസ്ഥാനം The Church in Need-ന്‍റെ ആഭിമുഖ്യത്തില്‍ തുറക്കുന്ന 7000 ഇറാക്കി അഭയാര്‍ത്ഥി കുട്ടികള്‍ക്കു പഠിക്കുവാന്‍ സൗകര്യമുള്ള സ്ക്കൂളിന്‍റെ ഉത്ഘാടനവുമായി ബന്ധപ്പെട്ടാണ്  ബിഷപ്പ് കാര്‍പി കവീനി ഇറാക്കിലേയ്ക്കു പുറപ്പെട്ടത്. പാപ്പാ എല്ലാവര്‍ക്കും തന്‍റെ സ്നേഹപൂര്‍ണ്ണമായ ഈസ്റ്റര്‍ ആശംസകളും കത്തില്‍ അവസാനം കോറയിട്ടുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.