2016-03-23 20:02:00

പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുവത്താഴപൂജയും കാലുകഴുകല്‍ ശുശ്രൂഷയും അഭയാര്‍ത്ഥി ക്യാമ്പില്‍


വത്തിക്കാനില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ, റോമാനഗരത്തിന്‍റെ വടക്കന്‍ പ്രവിശ്യയായ ക്യാസില്‍ നുവോവോ ദി പോര്‍ത്തോ എന്ന സ്ഥലത്തെ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി കുലുകഴുകല്‍ ശുശ്രൂഷ നടത്തുന്നതും തിരുവത്താഴപൂജ അര്‍പ്പിക്കുന്നതും.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള അനധികൃത കുടേയറ്റക്കാരാണ് ക്യാമ്പിലെ അന്തേവാസികള്‍.  ഇറ്റലിയുടെ ദേശീയ സുരക്ഷയില്‍ കഴിയുന്നവര്‍ ‘ക്യാരാ’ (Reception Center for Asylum Seekers,  C.A.R.A.) എന്നറിയപ്പെടുന്ന രാജ്യാന്തര അഭയാര്‍ത്ഥി ക്യമ്പില്‍ ആയിരത്തോളം അന്തേവാസികളുണ്ട്. അധികവും 30 വയസ്സിനുതാഴെ പ്രായമുള്ള ചെറുപ്പക്കാരാണ്. ഇവരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറുകൂട്ടത്തിന്‍റെ കാലുകഴുകിക്കൊണ്ടായിരിക്കും അവര്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നതും ഇക്കുറി പെസഹാ ആചരിക്കുന്നു.

2007-ല്‍ ഇറ്റാലിയന്‍ സര്‍ക്കാരും റോമാ-ലാസിയോ പ്രവിശ്യയിലെ സര്‍ക്കാരേതര സംഘടകളും സംയുക്തമായി അനധികൃത കുടിയേറ്റക്കാരെ, വിശിഷ്യാ യുവജനങ്ങളായവരെ തുണയ്ക്കുന്നതിന് ആരംഭിച്ചാണ് പാപ്പാ സന്ദര്‍ശിക്കുന്ന ക്യാസില്‍നുവോവോ ദി പോര്‍ത്തോയിലെ അഭയാര്‍ത്ഥികേന്ദ്രം. 100 ഏക്കറോളം വരുന്ന ഭൂമിയിലെ അടിസ്ഥാന പാര്‍പ്പിട സൗകര്യങ്ങളും, തൊഴിലിനും വിശ്രമത്തിനുമായുള്ള സംവിധാനങ്ങളും യുവജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. 

വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് അഭയാര്‍ത്ഥി ക്യാമ്പില്‍ പാപ്പാ പരികര്‍മ്മം ചെയ്യുന്ന കാലുകഴുകള്‍ ശുശ്രൂഷയ്ക്കായി അന്തേവാസികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഹൈന്ദവ യുവാവാണ്.

4 ആഫ്രിക്കന്‍ കത്തോലിക്കാ യുവാക്കള്‍,

3 എരിത്രിയന്‍ കോപ്റ്റിക് ക്രൈസ്തവ സ്ത്രീകള്‍,

പാക്കിസ്ഥാന്‍, സിറിയ, മാലി സ്വദേശികളായ 3 മുസ്ലിം യുവാക്കളും, പിന്നെ

പാപ്പായുടെ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന 12-ാമത്തെ വ്യക്തി അഭയാര്‍ത്ഥി കേന്ദ്രത്തിലെ ഉദ്യോഗസ്ഥ, കത്തോലിക്കയായ ഇറ്റലിക്കാരിയുമാണ്.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന നവമായ കാലുകഴുകല്‍ ശുശ്രൂഷയുടെ പരകര്‍മ്മത്തില്‍ മതവൈവിദ്ധ്യങ്ങളുടെയോ ലിംഗവ്യത്യാസത്തിന്‍റെയോ എണ്ണത്തിന്‍റെയോ പ്രശ്നങ്ങള്‍ക്കുമുപരി, തങ്ങളുടെ പരിത്യക്താവസ്ഥയില്‍ ഓടിയെത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനസാമീപ്യത്തിലും കൂട്ടായ്മയിലുമുള്ള അതിയായ സന്തോഷമാണ് അഭയാര്‍ത്ഥികളായ അന്തേവാസികളില്‍ കാണുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

നല്ലൊരു ഭാവിതേടി യാതനകളില്‍നിന്നും ജീവന്‍ പണയംവച്ചും കുടിയേറുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പ്രത്യാശപകരുന്ന സ്നേഹപ്രകരണമാണ് അഭയാര്‍ത്ഥികളുടെ കാലുകഴുകല്‍ ശുശ്രൂഷയില്‍ പ്രകടമാകുന്നതെന്നും, ലോകം ദര്‍ശിക്കാന്‍ പോകുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സ്ഥാനരോഹണത്തിന്‍റെ മൂന്നാം വര്‍ഷത്തില്‍ പരിത്യക്തര്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാ‍ന്‍സിന്‍റെ  പെസാഹാ ആചരണം സഭയുടെ അജപാലന ശുശ്രൂഷയുടെ മേഖലയിലെ പ്രത്യക്ഷമായ ക്രിസ്തു സാന്നിദ്ധ്യമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളില്‍നിന്നും യുദ്ധം അഭ്യന്തരകലാപം ഭീകരാക്രമണം, കാലാവസ്ഥാ കെടുതി എന്നിവയില്‍നിന്നും ജീവരാക്ഷാര്‍ത്ഥം ഓടി രക്ഷപെടുന്നവരാണ് ഈ യുവജനങ്ങള്‍. ജീവിതപ്രതിസന്ധികളുടെ മദ്ധ്യേത്തിലേയ്ക്ക് പെസഹാനാളില്‍ കടന്നുചെല്ലുന്ന പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് വിമോചനത്തിന്‍റെയും എളിമയിലുള്ള ശുശ്രൂഷാജീവിതത്തിന്‍റെയും സന്ദേശമാണ് നല്കുന്നത്.








All the contents on this site are copyrighted ©.