2016-03-19 12:37:00

വിശുദ്ധ യൗസേപ്പിന്‍റെ ദൈവാശ്രയബോധം


        നമ്മുടെതായ അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ പോകാതെയും മാനുഷികയുക്തികള്‍ക്ക് അടിയറവു പറയാതെയും ദൈവത്തില്‍ ആശ്രയിക്കാന്‍ വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

     മുന്‍ യുഗൊസ്ലാവ്യന്‍ റിപ്പബ്ലിക്കായ മാസിഡോണിയയുടെ തലസ്ഥാന നഗരിയായ സ്കൊപ്യെയില്‍ (SKOPJE)  യേശുവിന്‍റെ തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ ഭദ്രാസനദേവാലയത്തില്‍ വെള്ളിയാഴ്ച (18/03/16) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

     സുവിശേഷങ്ങള്‍ വിശുദ്ധ യൗസേപ്പിനെക്കുറിച്ച് വളരെ കുറച്ചു മാത്രമെ പറയുന്നുള്ളുവെങ്കിലും അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മിക രൂപം, സര്‍വ്വോപരി, ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉറച്ച വിശ്വാസം മനസ്സിലാക്കാന്‍ അവ ധാരളമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.

     യൗസേപ്പ് നിഗൂഢതയ്ക്ക് മുന്നില്‍  സ്വയം ചോദ്യവുമായി നില്ക്കുന്നുവെങ്കിലും സംശയത്തിന് അടിമപ്പെടുന്നില്ലയെന്നും അഗ്രാഹ്യമായ ഒരവസ്ഥയ്ക്ക് മുന്നില്‍ അദ്ദേഹം തന്‍റെ വ്യക്തിപരമായ ആ നാടകീയാവസ്ഥയുടെ അന്തിമ പരിഹാരം ദൈവത്തില്‍ നിന്നു വരുന്നതിനായി കാത്തിരിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു.

     കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വ്യാഴാഴ്ച(17/03/16) ആണ് ഔദ്യോഗിക ത്രിദിന സന്ദര്‍ശനാര്‍ത്ഥം മാസിഡോണിയായില്‍ എത്തിയത്. അന്നാടിന്‍റെ  ഉന്നതാധികാരികളുമായും കത്തോലിക്കാസഭയുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

     കാരുണ്യം ദൈവത്തിന്‍റെ നാമം എന്ന ഫ്രാന്‍സീസ് പാപ്പായുടെ പുസത്കത്തിന്‍റെ  മാസിഡോണിയന്‍ ഭാഷയിലുള്ള വിവര്‍ത്തനം അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു.

     ഓശാന ഞായറാഴ്ച (20/03/16) ബള്‍ഗേറയിയിലേക്കു പോകുന്ന കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ചൊവ്വാഴ്ച(22/03/16) വരെ അവിടെ തങ്ങും.








All the contents on this site are copyrighted ©.