2016-03-19 14:21:00

ഓശാനഞായര്‍ ചിന്തകള്‍ : പങ്കുവയ്ക്കലിന്‍റെ മഹോത്സവം


വിശുദ്ധ ലൂക്കായുടെ സുവിശേഷം 22, 14-23

നാം ഇന്ന് ഓശനഞായറര്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഇന്നത്തെ വായന ഈശോയുടെ അന്ത്യത്താഴത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രസ്ഥായിയാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അതുതന്നെയാണ് പറയുന്നത്. പരിശുദ്ധ കുര്‍ബ്ബാന ക്രിസ്തീയ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും അടിസ്ഥാനമാണ്. അങ്ങനെയെങ്കില്‍ ഈ അടിസ്ഥാന ഘടകമായിട്ടു നില്ക്കുന്ന കുര്‍ബ്ബാനയുടെ അര്‍ത്ഥമെന്താണ്? അതിനെക്കുറിച്ച് ഒത്തിരി അഭിപ്രായങ്ങളുണ്ട്. എന്നാല്‍ അതിന്‍റെ അര്‍ത്ഥം ഏറ്റവും മനോഹരമായി മനസ്സിലാക്കാന്‍ ഇന്നത്തെ ഈ സുവിശേഷ ഭാഗത്തേയ്ക്കു തന്നെ നമുക്കു ചെല്ലാം.

ഈശോയുടെ ജീവിതത്തിന്‍റെ ഒരു കൃത്യമായ മുഹൂര്‍ത്തത്തില്‍, തന്‍റെ മരണത്തിനു തൊട്ടുമുന്‍പ്, അവസാനമായി ശിഷ്യന്മാരുടെകൂടെ കഴിക്കുന്ന അത്താഴമായിരുന്ന ആ പെസഹാ! ഈ പെസഹായുടെ ഓര്‍മ്മയായിട്ടാണ് പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിതമായത്. പിന്നീടാണ് ക്രൈസ്തവ സമൂഹത്തില്‍ അത് ഉടലെടുക്കുന്നത്. അതുകൊണ്ട് കുര്‍ബ്ബാനയുടെ അര്‍ത്ഥം ശരിയായി ഗ്രഹിക്കണമെങ്കില്‍ ഈശോ എന്തര്‍ത്ഥമാണ് കല്പിച്ചതെന്നും, ശിഷ്യന്മാര്‍ എന്തു മനസ്സിലാക്കി എന്നും നാം അറിയേണ്ടതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈശോയും ശിഷ്യന്മാരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്പമെടുത്തിട്ട് ഇതെന്‍റെ ശരീരമാണെന്നും, പാനപാത്രമെടുത്തിട്ട് ഇതെന്‍റെ രക്തമാകുന്നുവെന്നും അവിടുന്ന് അരുള്‍ചെയ്തത്. അങ്ങനെയാണെങ്കില്‍ ഇവര്‍ കഴിക്കുന്ന ഭക്ഷണം ഏതാണ്? എന്താണ്? സമാന്തര സുവിശേഷകന്മാര്‍ - മത്തായിയും, മര്‍ക്കോസും, ലൂക്കായും വിവരിക്കുന്നതനുസരിച്ച് ഇവര്‍ അന്നു കഴിച്ചത് യഹൂദരുടെ പെസഹാ ഭക്ഷണമായിരുന്നു. ഇനി, യഹൂദരുടെ പെസഹാ ഭക്ഷണത്തില്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഏതാണ്? പലതരം വിഭവങ്ങള്‍ അവിടെയുണ്ട്. അപ്പമുണ്ട്, പുളിപ്പില്ലാത്ത അപ്പമുണ്ട്, വീഞ്ഞുണ്ട്, ആട്ടിറച്ചിയുണ്ട്, കൈപ്പുസസ്യങ്ങളുണ്ട്, അങ്ങനെ പലതുമുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് പുറപ്പാടിന്‍റെ ഗ്രന്ഥം 18-ാം അദ്ധ്യായം വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭവം പെസഹാക്കുഞ്ഞാടാണ്. കാരണം കുഞ്ഞാടിനെ തിരഞ്ഞെടുക്കണമെന്നു പറയുന്നു. കുഞ്ഞാടിന്‍റെ പ്രത്യേകതകള്‍ പറയുന്നു. കുഞ്ഞാടിനെ തിന്നുതീര്‍ക്കാന്‍ വേണ്ടുവോളം ആളുകള്‍ വേണമെന്നു പറയുന്നു. ഒരു വീട്ടില്‍ അത്രയും അളുകള്‍ ഇല്ലെങ്കില്‍ പിന്നെ അടുത്ത വീട്ടില്‍നിന്നു വിളിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നിട്ടോ, അവരുടെ ഭക്ഷണത്തിനുള്ള കഴിവുനോക്കി വേണം ആളെ വിളിക്കാന്‍. പോരാ, അന്നുതന്നെ അതിന്‍റെ മുഴുവന്‍ ഭാഗവും ഭക്ഷിച്ചു തീര്‍ക്കണം. അത് തീര്‍ന്നില്ലെങ്കില്‍ പിന്നെ അത് പിറ്റേദിവസം കത്തിച്ചുകളയണം. എന്നിങ്ങനെ ആടിന്‍റെ മാംസത്തെക്കുറിച്ചും അതു ഭക്ഷിക്കുന്നതിനെക്കുറിച്ചുമാണ് ഇതെല്ലാം പറയുന്നത്.

അപ്പോള്‍, പെസഹായുടെ പ്രധാനപ്പെട്ട വിഭവം ഈ കുഞ്ഞാടാണ്. ഏതു കുഞ്ഞാട്? പെസഹായ്ക്ക് ഇവര്‍ ദേവാലയത്തില്‍ കൊണ്ടുചെന്ന് ബലിയര്‍പ്പിച്ച കുഞ്ഞാട്. പെസഹാക്കുഞ്ഞാട്! എങ്ങനെയാണ് ബലിയര്‍പ്പിക്കുന്നത്? കഴുത്തു കണ്ടിച്ചാണ്. കഴുത്തു കണ്ടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ആടിന്‍റെ കഴുത്തു കണ്ടിച്ചു ബലിയര്‍പ്പിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത്? മരണം സംഭവിക്കുന്നു. കുഞ്ഞാട് ബലിയില്‍ മുറിക്കപ്പെടുയാണ്. അങ്ങനെ ബലിയര്‍പ്പണത്തിലൂടെ ശരീരവും രക്തവും, രണ്ടും രണ്ടായിത്തീരുന്നു. പകുത്തു മാറ്റപ്പെടുകയാണ്. അങ്ങനെ പകുത്തു മാറ്റപ്പെട്ട കുഞ്ഞാടിന്‍റെ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്, മാംസം എടുത്തിട്ട് ഇതെന്‍റെ ശരീരമാകുന്നെന്നും, പാനപാത്രം എടുത്തിട്ട് ഇതെന്‍റെ രക്തമാകുന്നെന്നും ക്രിസ്തു അരുള്‍ചെയ്തത്.

ഇതു രണ്ടും രണ്ടാണ്. ശരീരവും രക്തവും രണ്ടും രണ്ടാകുന്നത് എപ്പോഴാണെന്ന് നമുക്കറിയാം. അത് മരണത്തിലാണ്. എന്നാല്‍ വെറും മരണത്തിലല്ല. കുഞ്ഞാടു ബലിയര്‍ക്കപ്പെടുമ്പോഴാണ്. അതിന്‍റെ മാംസവും രക്തവും – രണ്ടും രണ്ടായി പകുത്തു മാറ്റപ്പെടുമ്പോഴാണ്. അങ്ങനെ “ഇതെന്‍റെ രക്തം, ഇതെന്‍റെ മാംസം…” എന്നു ഈശോ പറയുമ്പോള്‍, ഇതെന്‍റെ ബലിയും മരണവുമാണെന്നാണ് അവിടുന്നു സ്ഥാപിക്കുന്നത്, സമര്‍ത്ഥിക്കുന്നത്. എന്നിട്ട് അതില്‍ നിങ്ങളും പങ്കുപറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്. പിന്നെ അവിടുന്ന് അത് മുറിച്ചുകൊടുക്കുന്നു. ശിഷ്യന്മാര്‍ അങ്ങനെ അതില്‍ പങ്കുപറ്റുന്നു. പാനപാത്രവും പങ്കുവയ്ക്കുന്നു. അവര്‍ കുടിക്കുന്നു, അതില്‍ പങ്കുചേരുന്നു. അതായത്  ക്രിസ്തുവിന്‍റെ ബലിയിലും മരണത്തിലും ശിഷ്യന്മാര്‍ പങ്കുപറ്റുന്നുവെന്നാണ്. പിറ്റെ ദിവസം നടക്കേണ്ട തന്‍റെ കുരിശുമരണം പ്രതീകാത്മകമായിട്ട് അവിടുന്ന് ഒരു ദിവസം മുന്നേ, അന്ത്യത്താഴ വിരുന്നില്‍ അവതരിപ്പിക്കുകയാണ്, അനുവര്‍ത്തിക്കുകയാണ്. എന്നിട്ട് തന്‍റെ ബലിയിലും മരണത്തിലും ശിഷ്യന്മാരെയും പങ്കുചേര്‍ക്കുന്നു. കുര്‍ബ്ബാനയുടെ അര്‍ത്ഥം ഇതാണ്. യേശുവിന്‍റെ പീഡാസഹനത്തിലും മരണത്തിലുമുള്ള നമ്മുടെ നാം പങ്കുചേരലാണ്, നമ്മുടെയും ഭാഗഭാഗിത്വമാണ്.

ഈ മരണത്തിന്‍റെ അര്‍ത്ഥമെന്താണ്? കുരിശില്‍ മരിച്ചു എന്നുള്ളത് യേശുവിന്‍റെ വലിയ സവിശേഷതാണെന്നു കരുതേണ്ടതില്ല. കാരണം അന്ന് മറ്റു കുറേപ്പേര്‍കൂടെ കുരിശില്‍ മരിച്ചിട്ടുണ്ട്. കുറ്റവാളികളെ കുരിശില്‍ തറച്ചുകൊല്ലുന്നത് റോമാക്കാരുടെ ശിക്ഷാരീതിയായിരുന്നു.. യേശു കുരിശില്‍ മരിച്ചു എന്നുള്ളതല്ല പ്രധാനപ്പെട്ട കാര്യം. മറിച്ച് അതിന്‍റെ ലക്ഷ്യമാണ്.  അത് സുവിശേഷകന്മാര്‍ കൃത്യമായിട്ട് പറയുന്നുണ്ട്. “അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന രക്തം…!” (ലൂക്കാ 22, 20). അതായാത് മറ്റുള്ളവര്‍ക്കുവേണ്ടിയാണ് അവിടുന്ന രക്തംചിന്തി കുരിശില്‍ മരിച്ചത്, എന്നാണ് അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള യേശുവിന്‍റെ ബലിമരണത്തിലാണ് നാം പങ്കുപറ്റുന്നത്. ഇതാണ് അന്ത്യത്താഴത്തിന്‍റെയും അര്‍ത്ഥം. ഇതാണ് കുര്‍ബാനയുടെ ഒന്നാമത്തെ അര്‍ത്ഥം. ഇത് നമ്മള്‍ പറയുന്ന, നാം സൃഷ്ടിക്കുന്ന വ്യാഖ്യാനമൊന്നുമല്ല, ആദിമ സഭതന്നെ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. സുവിശേഷങ്ങള്‍ നാലും എഴുതുന്നതിനു മുന്‍പു, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യര്‍ക്കെഴുതിയ ഒന്നാമത്തെ ലേഖനത്തില്‍ 11 അദ്ധ്യായത്തില്‍ 26-ാം വചനം വളരെ കൃത്യമായി പറയുന്നുണ്ട്. “നിങ്ങള്‍ ഈ അപ്പത്തില്‍നിന്നും ഭക്ഷിക്കുകയും, ഈ പാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുമ്പോള്‍…” എല്ലാം, അര്‍ത്ഥമെന്താണ്, എപ്പോഴെല്ലാം നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്തപ്പോഴെല്ലാം... “കര്‍ത്താവിന്‍റെ മരണമാണ് നാം പ്രഖ്യാപിക്കുന്നത്. അവിടുത്തെ പ്രത്യാഗമനംവരെ!”

“നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവിടുത്തെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്” (1കോറി. 11, 26). അര്‍ത്ഥം, ഓരോ പ്രാവശ്യവും നാം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍, ഓരോ പ്രാവശ്യവും കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുമ്പോള്‍ കര്‍ത്താവിന്‍റ മരണത്തിലാണ് നാം പങ്കുപറ്റുന്നത്. ഏതു മരണം? സ്വന്തം ജീവന്‍ മറ്റുള്ളവര്‍ക്കായി പകുത്തുനല്കുന്ന ജീവസമര്‍പ്പണം. അങ്ങനെ സ്വന്തം ജീവന്‍പോലും പങ്കുവയ്ക്കുന്ന യേശുവിന്‍റെ മരണത്തിലും ജീവസമര്‍പ്പണത്തിലും പങ്കുപറ്റുവാനുള്ള അവസരമാണ് ഓരോ വിശുദ്ധകുര്‍ബ്ബാനയും! അന്ന് ശിഷ്യന്മാരെ ക്ഷണിച്ചതുപോലെ ഇന്ന് നമ്മെയും കുര്‍ബ്ബാനയിലേയ്ക്ക് അവിടുന്ന്, ക്രിസ്തു ക്ഷണിക്കുന്നു. “ഇത് എന്‍റെ ശരീരം, ഇത് എന്‍റെ രക്തം...! നിങ്ങളും ഇതിന്‍റെ ഒരു ഷെയര്‍ (share) എടുക്ക്….!!” ഈ ‘ഷെയര്‍ എടുക്കലാ’ണ്, അവിടുത്തെ ജീവനില്‍, ജീവസമര്‍പ്പണത്തില്‍ പങ്കുചേരുവാനാണ് ക്രിസ്തു നമ്മോടും ആവശ്യപ്പെടുന്നത്. ഇത് കുര്‍ബ്ബാനയുടെ ഒന്നാമത്തെ അര്‍ത്ഥമാണ്.

ക്രൈസ്തവ ജീവിതത്തിന്‍റെ ആത്മാവാണ് ഈ സന്ദേശം. കൊടുക്കുക,  കൊടുക്കുക...! മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍പോലും കൊടുക്കുക!! അതാണ് കുരിശിലെ ഈശോയുടെ,  ക്രൂശിതന്‍റെ സന്ദേശം! പരോന്മുഖതയുടെ പരകോടിയെന്നു പറയാം.  ബോനിഫര്‍  (Dietrich Bonhoeffer)  ഈശോയെക്കുറിച്ചു പറഞ്ഞത്,  A man for others… എന്നാണ് മറ്റുള്ളവര്‍ക്കുവേണ്ടിയിട്ട് ജീവിച്ച മനുഷ്യന്‍! മറ്റുള്ളവര്‍ക്കുവണ്ടി ജീവന്‍ കൊടുത്തു മനഷ്യന്‍! ഈ ജീവസമര്‍പ്പണത്തില്‍ പങ്കുപറ്റാനാണ് കുര്‍ബ്ബാനയില്‍ ഈശോ നമ്മോട് ആവശ്യപ്പെടുന്നത്.

നമ്മള്‍ വിശുദ്ധവാരത്തിലേയ്ക്ക്, പെസഹാ ആഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഈ വര്‍ഷം, കാലുകഴുകല്‍ ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് ചില ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ മാറ്റം. വിശ്വാസസമൂഹത്തിലെ എല്ലാവര്‍ക്കും പ്രതീകാത്മകമായി പെസഹാ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പ്രാതിനിധ്യം കൊടുത്തുകൊണ്ട് ഒരു ചെറുസമൂഹത്തിന്‍റെ കാലുകഴുകുവാനുള്ള അനുവാദമാണിത്. സ്ത്രീപുരുഷഭേദമെന്യേ തിരഞ്ഞെടുത്ത ഒരു പ്രതിനിധിസംഘത്തിന്‍റെ കാലുകഴുകല്‍ നടത്തുവാനുള്ള അനുവാദമാണ് പാപ്പാ നല്കുന്നത്. ഇതു വന്നുകഴിഞ്ഞപ്പോഴത്തേയ്ക്കും കേരളത്തിലുണ്ടായ പ്രതികരണങ്ങള്‍ പലതരത്തിലാണ്.  പാപ്പാ ഫ്രാന്‍സിസ്, മെത്രാനായിരുന്നപ്പോള്‍ അര്‍ജന്‍റീനയില്‍ ഒരു സ്ത്രീയുടെ, ഗര്‍ഭണിയായ സ്ത്രീയുടെ കാലുകഴുകുന്ന ചിത്രം facebook-ല്‍ ഒരാല്‍ പ്രത്യേകിച്ച് എടുത്തിട്ടു. എന്നിട്ട് വളരെ മ്ലേച്ഛമായ ഒരു അടിക്കുറിപ്പും ചേര്‍ത്തു..! സമൂഹത്തില്‍ പാപ്പാ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റത്തെ, നവീകരണത്തെ എതിര്‍ക്കുവാന്‍ നോക്കുകയാണ് ഇക്കൂട്ടര്‍!. നോക്കണേ!! സ്ത്രീയുടെ കാലുകഴുകിയ പാപ്പായ്ക്ക് അന്ന് യാതൊരു ലൈംഗികവികാരവും തോന്നിയില്ല. കാലുകഴുകലില്‍ പങ്കെടുത്ത ഗര്‍ഭിണിയായ സ്ത്രീക്കും തോന്നിയില്ല. കണ്ടുനിന്ന ആര്‍ക്കും തോന്നിയില്ല. ഇതാ, ഇവിടെയിരിക്കുന്ന മലായാളിക്കാണ് പ്രശ്നം! ഇത് മാനസിക രോഗമല്ലെങ്കില്‍ പിന്നെന്താ!? ഭക്തിയുടെ മേഖലയില്‍ ശക്തമായ മാനസിക രോഗമുള്ളവരുണ്ട് നമ്മുടെ നാട്ടില്‍ എന്നാണ് ഈ പ്രതികരണം കാണിക്കുന്നത്. എങ്ങനെ ഈ മാറ്റത്തെ എതിര്‍ക്കാം എന്നാണ് അടുത്ത നോട്ടം!

മറ്റുള്ളവര്‍ക്കായി കൊടുക്കുക, പങ്കുവയ്ക്കുക എന്ന സന്ദേശം ക്രിസ്തു കുര്‍ബാനയില്‍ അവതരിപ്പിക്കുന്നതുപോലെ തന്നെയാണ് യോഹന്നാന്‍ ശ്ലീഹാ, സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത് (യോഹ. 13-20 അദ്ധ്യായങ്ങള്‍). ക്രിസ്തുവിന്‍റെ ദാസരൂപവും, താഴ്മയില്‍ കാലുകഴുകലിലൂടെയുള്ള  ത്യാഗസമര്‍പ്പണത്തിന്‍റെയും സ്നേഹം പങ്കുവയ്ക്കലാണ്, ജീവസമര്‍പ്പണമാണ് നാം കാണുന്നത്. അതില്‍ പങ്കെടുക്കുവാനുള്ള ക്ഷണമാണ് ദിവ്യബലി, പരിശുദ്ധകുര്‍ബ്ബാന. മൂന്നു സുവിശേഷകരും, സമാന്തര സുവിശേഷങ്ങളും അന്ത്യത്താഴം അവതരിപ്പിക്കുമ്പോള്‍ യോഹന്നാന്‍ ശ്ലീഹയാകട്ടെ കാലുകഴുകല്‍ ശുശ്രൂഷയാണ് കുറിച്ചിരിക്കുന്നത്!

നമുക്ക് ഈശോയുടെ ക്ഷണം സ്വീകരിക്കാം. പാപ്പാ പ്രബോധിപ്പിക്കുന്ന മാറ്റം നടക്കുകയാണെങ്കില്‍ ഈ പറയുന്ന ആണും പെണ്ണും, അപ്പനും മക്കളും പ്രതീകാത്മകമായിട്ടിരുന്ന് കാലുകഴുകുമ്പോള്‍ എന്താണ് അപാകത!? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിട്ടുപോലും വിശ്വാസിക്കുവാനും സ്വീകരിക്കുവാനും പറ്റുന്നില്ലെങ്കില്‍, കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെ ആരു പറഞ്ഞാല്‍ ഇക്കൂട്ടര്‍ കേള്‍ക്കും, ഇതു പ്രാവര്‍ത്തികമാക്കും!? ഈശോ തരുന്ന സന്ദേശത്തിലേയ്ക്ക് നമുക്ക് എത്തിനോക്കാം. കുര്‍ബ്ബാനയുടെ ആദ്യത്തെ അര്‍ത്ഥം ഇതാണ്, നാം ഈശോയുടെകൂടെ മറ്റുള്ളവരുടെ മരണത്തില്‍ പങ്കുപറ്റുന്നു. പങ്കുപറ്റുന്നതുവഴി നാമൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ക്രിസ്തുവിനെ അനുകരിച്ച്, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനും, കൊടുക്കുവാനും... അങ്ങനെ കൊടുത്തു കൊടുത്ത് ജീവിതത്തിന്‍റെ അവസാനംവരെ കൊടുക്കുവാന്‍ ഞാനും തയ്യാറാകുമെന്നൊരു ഉത്തരവാദിത്തം, അല്ലെങ്കില്‍ ഉറപ്പ് നമ്മള്‍ ഏറ്റെടുക്കുകയാണ്. കാലുകല്‍ ശുശ്രൂഷയില്‍ അതുതന്നെയാണ് ചെയ്യുന്നത്. ജീവിതത്തില്‍ അപരനെ ശുശ്രൂഷിക്കുവാനുള്ളൊരു ഉത്തരവാദിത്വം നാം ഏറ്റെടുത്തു പ്രഖ്യാപിക്കുകയാണ്.

നമുക്ക് പ്രാര്‍ത്ഥിക്കാം. യേശുവേ, അങ്ങേ കുര്‍ബ്ബാനയുടെ വലിയ സന്ദേശം, അതില്‍ ഉന്നയിച്ച ഉത്തരവാദിത്തം നാഥാ, ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കൂടുതലായി പകര്‍ന്നുനല്കണമേ! അതുപോലെ അതു കൊടുക്കുവാനും, അങ്ങ് നല്‍കിയതുപോലെ നല്കുവാനും, പൂര്‍ണ്ണമായും നല്കുവാന്‍... അവസാനം ജീവന്‍പോലും കൊടുത്തു, കൊടുത്ത് അങ്ങയെപ്പോലെ ആയിത്തീരുവാനുള്ള കൃപ ഞങ്ങള്‍ക്കും നല്കണമേ, ആമേന്‍!








All the contents on this site are copyrighted ©.