2016-03-17 19:04:00

അറിവുള്ളവര്‍ അലിവുള്ളവരും ആയിരിക്കണം : പാപ്പാ ഫ്രാന്‍സിസ്


റോമില്‍ സംഗമിച്ച ‘മാതൃകാ യുഎന്‍ സമ്മേളന’ത്തിലെ 3000ത്തോളം യുവജനങ്ങളെ മാര്‍ച്ച്  17-ാം തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ അവര്‍ക്ക് സന്ദേശം നല്കി.

യുവജനങ്ങളുടെ രൂപീകരണത്തിനായി ആമേരിക്കയിലെ‍ ഹെവാര്‍ഡ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ രാജ്യാന്തര കൂട്ടായ്മയാണ് ‘മാതൃകാ യുഎന്‍ സമ്മേളനം’ Haward World Model United Nations.  1991-ല്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 25-ാമത് സമ്മേളനമാണ് റോമില്‍ ഒത്തുചേര്‍ന്നത്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു വിവിധ രാജ്യക്കാരായ യൂണിവേഴ്സിറ്റി വിദ്യര്‍ത്ഥികളെ പാപ്പാ അഭിസംബോധനചെയ്തത്.  യുഎന്‍ മാതൃകാ സംഗമത്തിന്‍റെ (Haward World Model United Nations) സംഘാടകരായ ഹേവര്‍ഡി യൂണിവേഴ്സിറ്റിക്കുവേണ്ടി പ്രഫസര്‍ ജോസഫ് പി. ഹാള്‍ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ അഭിസംബോധനചെയ്തു:

നയതന്ത്രവും സംഘടനാപാടവും പഠിക്കുന്ന വിവിധ രാജ്യാക്കാരായ യുവജനങ്ങളുടെ കൂട്ടായ്മയും, ഒരുമിച്ചു ചിലവഴിക്കുന്ന സമയവും വിലപ്പെട്ടതും ഉപകാരപ്രദവുമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. സംസ്ക്കാരങ്ങളുടെ വൈവിദ്ധ്യങ്ങള്‍ക്കൊപ്പം, അവയുടെ സമ്പന്നതയും സാദ്ധ്യതകളും ഈ കൂട്ടായ്മയില്‍ മനസ്സിലാക്കുന്നതോടൊപ്പം, ഓരോ രാഷ്ട്രങ്ങളും മാനവകുടുംബം പൊതുവെയും ഇന്നു നേരിടുന്ന വെല്ലുവിളികള്‍ ഇതുപോലുള്ള സംഗമത്തിലൂടെ യുവജനങ്ങള്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ഇന്നത്തെ ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും മുഖമില്ലാത്താണെന്ന് ചിന്തിക്കരുത്, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുവജനങ്ങള്‍ക്ക്  അവിടത്തെ ജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവനും സാധിക്കും. ഈ മാതൃകാ യുഎന്‍ സംഗമത്തില്‍ തീര്‍ച്ചയായും നിങ്ങളുടെ കൂടെയുള്ളവരുടെയും അവരുടെ രാജ്യങ്ങളിലെയും പ്രതിസന്ധികളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും പഠിക്കാന്‍ സമയം കണ്ടെത്തണമെന്നും പാപ്പാ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നാം മനസ്സിലാക്കുന്ന പ്രശ്നങ്ങള്‍ക്കു പിന്നില്‍ കേഴുന്ന ജനസമൂഹവും, സ്ത്രീപുരുഷന്മാരും, വയോജനങ്ങളും, കുട്ടികളുമാണെന്ന് മറന്നുപോകരുത്. മനുഷ്യയാതനകള്‍ക്കു പിന്നില്‍ ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി - ഭക്ഷണത്തിനും പാര്‍പ്പിടത്തിനും മരുന്നിനും ജലത്തിനുമായി കേഴുന്നവര്‍ നിരവധിയാണെന്ന് പാപ്പാ യുവജനങ്ങളെ അനുസ്മരിപ്പിച്ചു. യുദ്ധവും അഭ്യാന്തരകാലപവും ഭീകരപ്രവര്‍ത്തനങ്ങളും കാലാവസ്ഥ കെടുതി, ദാരിദ്ര്യം എന്നിമൂലം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി തീര്‍ന്നിരിക്കുന്ന ജനലക്ഷങ്ങളുടെ യാതനകളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സ്വന്തമായിരുന്ന നാടുംവീടും, അവരുടെ സ്വാതന്ത്ര്യവും നഷ്ടമായവരാണ് ഈ അഭയാര്‍ത്ഥികള്‍. മറ്റുള്ളവരുടെ സഹായം തേടുന്നവരും സഹായം അര്‍ഹിക്കുന്നവരുമാണവര്‍. നീതിക്കും സമാധനത്തിനും സഹാനുഭാവത്തിനുമായി കേഴുന്നവരാണവര്‍.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍, ‘സന്തോഷിക്കുന്നവര്‍ക്കൊപ്പം സന്തോഷിക്കുവാനും, കരയുന്നവര്‍ക്കൊപ്പം കരയുവാനും നമുക്ക് സാധിക്കണം’ (റോമ. 12,15). അങ്ങനെ നാം വേദനിക്കുന്ന സഹോദരങ്ങളോട് അനുകമ്പയുള്ളവരായിരിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഒരു സമൂഹവും മാനവകുടുംബവും എന്ന നിലയില്‍ നമ്മുടെ ശക്തി അറിവില്‍ മാത്രം അഭിരമിക്കുന്നതല്ല, മറിച്ച് സ്വന്തമായി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിവൃത്തിയില്ലാതെ ക്ലേശിക്കുന്നവരോടും പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും സഹാനുഭാവവും അനുകമ്പയും കാണിക്കുന്നതിലാണെന്ന് പാപ്പാ പ്രസ്താവിച്ചു.  അതിരുകളില്ലാതെയും പരിധികളില്ലാതെയും സ്നേഹിക്കുവാനും സഹാനുഭാവം കാണിക്കുവാനുമാണ് ക്രിസ്തു പഠിപ്പിക്കുന്നത്. പൊതുമായ മാനവികതയില്‍ ഊന്നിനില്ക്കുന്ന നാം ഏവരും സഹോദരങ്ങളാണ്. പരസ്പരം സ്നേഹിക്കുവാനും തുണയ്ക്കുവാനും കടപ്പെട്ടവരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

യുവജനങ്ങളെയും അവരുടെ മാതാപിതാക്കള്‍ക്കും ഭാവുകങ്ങള്‍ നേര്‍കൊണ്ടും, സ്നേഹപൂര്‍ണ്ണമായ ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.