2016-03-16 11:10:00

സഹനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം : ദൈവം എവിടെ?


പതിവുപോലെ ഈ ബുധനാഴ്ചയും(16/03/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുദര്‍ശനം അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. കാര്‍മേഘാവൃതമായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു.  റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  

തുടര്‍ന്ന് വിശുദ്ധഗ്രന്ഥവായനയായിരുന്നു.

      ജനതകളേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചു കൂട്ടുകയും ഇടയന്‍ ആ‌ട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യുമെന്ന് പറയുവിന്‍. ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍ മലിയിലേക്കു വരും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദു:ഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

       ജെറമിയായുടെ പുസ്തകം, അദ്ധ്യായം 31, 10  മുതല്‍ 13 വരെയുള്ള  വാക്യങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത ഈ ഭാഗം പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ പാപ്പാ കാരുണ്യത്തെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഇത്തവണത്തെ വിചിന്തന പ്രമേയം കരുണയും സാന്ത്വനവും ആയിരുന്നു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു

      ജെറമിയ പ്രവാചകന്‍റെ പുസ്തകത്തിലെ 30 ഉം 31 ഉം അദ്ധ്യായങ്ങള്‍ സാന്ത്വന ഗ്രന്ഥം എന്നാണ് പറയപ്പെടുന്നത്. കാരണം അവയില്‍ ദൈവത്തിന്‍റെ  കാരുണ്യം സമാശ്വസമേകാനും ക്ലേശിതരുടെ ഹൃദയങ്ങളെ പ്രത്യാശയിലേക്കു തുറന്നിടാനുമുള്ള അതിന്‍റെ പൂര്‍ണ്ണ കഴിവോടുകൂടെ പ്രത്യക്ഷപ്പെടുന്നു. സാമാശ്വാസത്തിന്‍റെ ഈ സന്ദേശം ശ്രവിക്കാന്‍ ഇന്ന് നമ്മളും അഭിലഷിക്കുന്നു.

വിപ്രവാസത്തിലായിരുന്ന ഇസ്രായേല്‍ ജനത്തോടു സംസാരിക്കുന്ന ജറമിയ പ്രവാചകന്‍ ആ ജനതയുടെ സ്വദേശത്തേക്കുള്ള തിരിച്ചു വരവ് മുന്‍കൂട്ടി അറിയിക്കുന്നു. സ്വന്തം മക്കളെ ഒരിക്കലും കൈവിടാത്തവനും അവരോടു കരുതല്‍ കാട്ടുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നവനുമായ ദൈവപിതാവിന്‍റെ അനന്തസ്നേഹത്തിന്‍റെ അടയാളമാണ് ഈ തിരിച്ചു വരവ്.  വിപ്രവാസം ഇസ്രായേല്‍ ജനതയെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ ഒരനുഭവമായിരുന്നു. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടി. കാരണം, നഗരത്തിന്‍റെ നാശം കണ്ട ആ ജനതയ്ക്ക്, അന്യനാട്ടില്‍, ആരാധനായിടവും ആരാധനാനുഷ്ഠാനങ്ങളും ഇല്ലാത്ത അവസ്ഥയില്‍ കര്‍ത്താവിന്‍റെ നന്മയില്‍ തുടര്‍ന്ന് വിശ്വസിക്കുക ദുഷ്കരമായിരുന്നു.

എന്‍റെ ചിന്തയിലേക്കു കടന്നു വരുന്നത് അടുത്തള്ള അല്‍ബേനിയ നാടാണ്. ഏറെ പീഢനങ്ങള്‍ക്കും നാശത്തിനും വിധേയമാക്കപ്പെട്ട അന്നാടിന് ഔന്നത്യത്തിലും വിശ്വാസത്തിലും വീണ്ടും ഉയര്‍ന്നുവരാന്‍ സാധിച്ചിരിക്കുന്നു. വിപ്രവാസത്തില്‍ ഇസ്രായേല്‍ ജനത്തിനും ഉണ്ടായത് ഇതു പോലുള്ള സഹനാനുഭങ്ങളാണ്.

നമ്മളും ഒരുതരം വിപ്രവാസത്തിന്‍റെതായ അവസ്ഥ ചിലപ്പോഴൊക്കെ ജീവിക്കാറുണ്ട്. ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന തോന്നല്‍ ഏകാന്തതയും സഹനവും മരണവും നമ്മിലുളവാക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ദൈവം എന്നെ മറന്നു എന്ന് എത്ര തവണ നാം കേട്ടിരിക്കുന്നു. പലപ്പോഴും സഹനങ്ങളുണ്ടാകുമ്പോള്‍ ഉപേക്ഷിക്കപ്പെട്ടതായി തോന്നിപ്പോകും. സ്വന്തം ഭവനങ്ങളുടെ നാശാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ കണ്ണില്‍ നിന്നു മായാതെയും ഭീതിയും, ദൗര്‍ഭാഗ്യവശാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടം വിതയ്ക്കുന്ന വേദനയും ഹൃദയത്തില്‍ പേറി എത്രയേറെ സഹോദരങ്ങള്‍ സ്വദേശം വിട്ട് ഇന്ന് വിപ്രവാസത്തിന്‍റെ യഥാര്‍ത്ഥവും നാടകീയവുമായ അവസ്ഥ ജീവിക്കുന്നു! ഇത്തരം അവസ്ഥകളില്‍ ഒരുവന്‍ സ്വയം ചോദിച്ചുപോകും: ദൈവം എവിടെ? സ്ത്രീപുരുഷന്മാരുടെയും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെയും മേല്‍ ഇത്രമാത്രം സഹനങ്ങള്‍ വന്നു പതിക്കുന്നതെന്തുകൊണ്ട് ?. അവര്‍ എവിടെയെങ്കിലും കയറിപ്പറ്റാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കുനേരെ വാതില്‍ അടയ്ക്കപ്പെടുന്നു. അവര്‍ അതിരുകളിലാണ്, വാതിലുകളും ഹൃദയങ്ങളും അവര്‍ക്കു നേരെ അടയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ന് കൂടിയേറ്റക്കാര്‍ പട്ടിണി അനുഭവിക്കുന്നു,  തണുപ്പു സഹിക്കേണ്ടിവരുന്നു. അവര്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. രാഷ്ടങ്ങളും, ഭരണകര്‍ത്താക്കളും ഹൃദയവും വാതിലുകളും അവര്‍ക്കായി തുറന്നിടുന്നു എന്ന് കേള്‍ക്കാനാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്.

ജെറമിയ പ്രാവചകന്‍ ആദ്യ ഉത്തരമേകുന്നു. വിപ്രവാസത്തിലായ ജനതയ്ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്താനും കര്‍ത്താവിന്‍റെ കാരുണ്യം അനുഭവിക്കാനും സാധിക്കും. കാരുണ്യത്തിന്‍റെ മഹാവിളംബരമാണിത്. ദൈവത്തിന്‍റെ  അസാന്നിദ്ധ്യമില്ല, ഇന്നത്തെ നാടകീയാവസ്ഥകളിലും ദൈവത്തിന്‍റെ അസാന്നിദ്ധ്യമില്ല. അവിടന്ന് സമീപത്തുണ്ട്, അവിടന്നില്‍ ആശ്രയിക്കുന്നവര്‍ക്കായി അവിടന്ന് പരിത്രാണത്തിന്‍റെ മഹാകര്‍മ്മങ്ങള്‍ ചെയ്യുന്നു. നിരാശയില്‍ നിപതിക്കരുത്, മറിച്ച്, നന്മ തിന്മയെ കീഴടക്കുമെന്നും കര്‍ത്താവ് എല്ലാ കണ്ണീരും തുടയ്ക്കുമെന്നും സകലവിധ ഭീതികളിലും നിന്ന് സമ്മെ സ്വതന്ത്രരാക്കുമെന്നുമുള്ള ഉറച്ച വിശ്വാസം ഇനിയും പുലര്‍ത്തുക.

കര്‍ത്താവ് വിശ്വസ്തനാണ്. വിജനതയില്‍ നമ്മെ ഉപേക്ഷിക്കില്ല. അനന്തസ്നേഹത്താല്‍ ദൈവം നമ്മെ സ്നേഹിക്കുന്നു, നമ്മുടെ പാപത്തിനു പോലും അതു തടയാനാകില്ല. അവിടത്തെ കൃപയാല്‍ മാനവ ഹൃദയം ആനന്ദത്താലും സമാശ്വാസത്താലും നിറയുന്നു.

മാനസാന്തരപ്പെടുന്ന ഹൃദയത്തിന് നല്കപ്പെടുന്ന സാന്ത്വനത്തിന്‍റെ വലിയ അടയാളമായി വിപ്രവാസികളുടെ തിരിച്ചുവരവിനെ ജെറമിയ പ്രാവാചകന്‍ അവതരിപ്പിക്കുന്നു. കര്‍ത്താവായ യേശു പ്രവാചകന്‍റെ ഈ സന്ദേശത്തെ പൂര്‍ത്തീകരിക്കുന്നു. വിപ്രവാസത്തില്‍ നിന്നുള്ള യഥാര്‍ത്ഥവും മൗലികവുമായ തിരിച്ചുവരവും വിശ്വാസ പ്രതിസന്ധിയുടെ അന്ധകാരാനന്തരമുള്ള സാന്ത്വനദായക വെളിച്ചവും  സാക്ഷാത്ക്കരിക്കപ്പെടുന്നത് ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ  പൂര്‍ണ്ണവും നിയതവുമായ അനുഭവമായ പെസഹായിലാണ്. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ ഈ സ്നേഹമാണ് സന്തോഷവും സമാധാനവും നിത്യജീവനും പ്രദാനം ചെയ്യുന്നത്.                      








All the contents on this site are copyrighted ©.