2016-03-16 16:58:00

വത്തിക്കാന്‍റെ വാനനിരീക്ഷണകേന്ദ്രം ശതോത്തരജൂബിലി ആചരിച്ചു


മാനവികതയുടെ ശാസ്ത്രപുരോഗതിയോട് സഭ ചേര്‍ന്നുനില്ക്കുമെന്ന് വത്തിക്കാന്‍റെ ശാസ്ത്രവിഭാഗം പ്രസ്താവിച്ചു.

വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രം (Observatory of Vatican) മാര്‍ച്ച് 14-ാം തിയതി, തിങ്കളാഴ്ച അതിന്‍റെ 125-ാം വര്‍ഷികം ആചരിച്ചുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് ശാസ്ത്ര ലോകത്തോടുള്ള സഭയുടെ സാമീപ്യം വത്തിക്കാന്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചത്. വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍, ഈശോ സഭാംഗവും ശാസ്ത്രജ്ഞനുമായ ഗായ് കോണ്‍സോള്‍ മാഞ്ഞോയാണ് (Guy Consolmagno sj) പ്രസ്താവനയിലൂടെ സഭയുടെ എക്കാലത്തുമുള്ള നിലപാട് പുനര്‍പ്രസ്താവിച്ചത്.

1891 മാര്‍ച്ച് 14-ാം തിയതി ലിയോ 13-ാമന്‍ പാപ്പാ പുറത്തിറക്കിയ ‘പ്രാപഞ്ചിക രഹസ്യങ്ങളിലേയ്ക്ക്...’  Ut Mysticam എന്നാരംഭിക്കുന്ന സ്വാധികാര പ്രബോധനത്തിലൂടെയാണ് സഭയ്ക്ക് ശാസ്ത്രലോകത്തോടുള്ള അനുനയം ആദ്യമായി പ്രഖ്യാപിച്ചതും, ഒപ്പം വത്തിക്കാനുവേണ്ടിയുള്ള തനതായൊരു വാനനിരീക്ഷണ കേന്ദ്രത്തിനും ശാസ്ത്ര അക്കാഡമിക്കും തുടക്കമിട്ടതും.

ഗ്രിഗരി 13-ാമന്‍ പാപ്പായുടെ കാലത്ത് വത്തിക്കാന്‍ തോട്ടത്തില്‍ 1582-ല്‍ സ്ഥാപിതമായ കാറ്റാടിയന്ത്രവും അതുനോടു ചേര്‍ന്നുണ്ടായിരുന്ന ചെറിയ താരനിരീക്ഷണ ഗോപുരവുമാണ് പിന്നിട് വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പേപ്പല്‍ വേനല്‍ക്കാല വസതിയായ, ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെട്ടതും, ആധുനിക കാലത്തെ വാനനിരീക്ഷണ കേന്ദ്രമായി വികസിപ്പിച്ചെടുത്തതും.

ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പേപ്പല്‍ വിശ്രമവസതയുടെ സമീപത്ത് ഏകദേശം 1500 അടി ഉയരമുള്ള കുന്നിന്‍പുറത്താണ് വത്തിക്കാന്‍റെ ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രവും പഠനസൗകര്യങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നത്.

നക്ഷത്രങ്ങളുടെ വര്‍ണ്ണരാജിയെ (spectrum-a) അധികരിച്ച് 1582-ല്‍ ഗ്രിഗോരിയന്‍ കലണ്ടര്‍ ക്രമീകരിച്ചത് വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രവും അതിന്‍റെ ഗവേഷണശാഖയുമായിരുന്നു. അതോടെ സഭയുടെ ശാത്രത്തോടുള്ള ക്രിയാത്മകമായ നിലപാടിനും നയങ്ങള്‍ക്കും രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിക്കുകയുണ്ടായി. ശാസ്ത്രപുരോഗതിക്കും കണ്ടുപിടുത്തങ്ങള്‍ക്കും സഭ വിരുദ്ധമാണെന്ന തെറ്റിദ്ധാരണയില്‍ മാറ്റമുണ്ടുവുകയും ചെയ്തു. ഇറ്റാലിയുടെ ദേശീയ വാനനിരീക്ഷണ കേന്ദ്രവും, അമേരിക്കയുടെ Mount Graham International Observatory (MGIO)  ഗവേഷണകേന്ദ്രവുമായുള്ള ബന്ധങ്ങളും സഭയുടെ ശാസ്ത്രലോകവുമായുള്ള അകലാത്ത കണ്ണിയും സഹകരണവും വെളിപ്പെടുത്തുന്നു.

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ഗവേഷണങ്ങള്‍ക്കും വത്തിക്കാന്‍റെ ഓബസര്‍വേറ്ററി ലഭ്യമാണ്. ഇറ്റലിയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമയിലും വാനനിരീക്ഷണ കേന്ദ്രത്തിലും ഗവേഷണപഠനത്തിനായി ഇപ്പോഴും എത്തുന്നുണ്ട്.  








All the contents on this site are copyrighted ©.