2016-03-12 12:47:00

സേവനത്തിന്‍റെ സരണിയിലൂടെ സഞ്ചരിക്കുക


     യേശുവിലുള്ള വിശ്വാസം ജീവിക്കുന്നതിനും അവിടത്തെ സ്നേഹത്തിനു സാക്ഷ്യമേകുന്നതിനും സഞ്ചരിക്കേണ്ടുന്ന പാത സേവനമാണെന്ന് മാര്‍പ്പാപ്പാ.

     കരുണയുടെ ജൂബിലിവത്സരത്തില്‍ താന്‍ മാസത്തിലൊരു ശനിയാഴ്ച അനുവദിക്കുന്ന പ്രത്യേക പൊതുദര്‍ശനപരിപാടിയുടെ ഭാഗമായി ഈ ശനിയാഴ്ച (12/03/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ വിവിധരാജ്യക്കാരായിരുന്ന നാല്‍പതിനായിരത്തോളം പേരടങ്ങിയ ജനസഞ്ചയത്തെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     കൂടിക്കാഴ്ചാപരിപാടിയു‌ടെ തുടക്കത്തില്‍ വായിക്കപ്പെട്ട, അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്ന സംഭവം രേഖപ്പെടുത്തിയരിക്കുന്ന സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം.

     ഏശയ്യാപ്രവാചകന്‍ അവതരിപ്പിച്ചിരിക്കുന്ന കര്‍ത്താവിന്‍റെ ദാസന്‍റെ രൂപത്തോടു യേശുനാഥന്‍ സ്വയം താദാത്മ്യപ്പെടുകയായിരുന്നുവെന്നും, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകവഴി അവിടന്നഭിലഷിച്ചത് നമ്മുടെ കാര്യത്തിലുള്ള ദൈവത്തിന്‍റെ പ്രവര്‍ത്തന ശൈലി വെളിപ്പെടുത്തുകയും അവിടത്തെ സ്നേഹത്തിന് സാക്ഷ്യമേകുകയുമായിരുന്നുവെന്നും പാപ്പാ സമര്‍ത്ഥിച്ചു.

     സ്നേഹമെന്നത് നാം പര്സ്പരമേകുന്ന സേവനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

     ആവശ്യത്തിലിരിക്കുന്നവരുമായി ഭൗതികവസ്തുക്കള്‍ പങ്കുവയ്ക്കലും ഈ സേവനത്തില്‍ അന്തര്‍ലീനമാണെന്ന് വിശദീകരിച്ച പാപ്പാ ഈ പങ്കുവയ്ക്കലും അവരുടെ കാര്യത്തിലുള്ള അര്‍പ്പണമനോഭാവവും, ആധികാരിക മാനവികതയിലേക്കുള്ള പാതയെന്ന നിലയില്‍, ദൈവം നിരവധി അക്രൈസ്തവരോടും നിര്‍ദ്ദേശിക്കുന്ന ജീവിത ശൈലിയാണെന്ന് പറഞ്ഞു.

     ദൈവപിതാവിനെ പോലെ കരുണയുള്ളവരായിരിക്കുകയെന്നാല്‍ സേവനത്തിന്‍റെ  സരണിയിലൂടെ യേശുവിനെ പിന്‍ചെല്ലുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

     ഈ പൊതുദര്‍ശനപരിപാടിയില്‍ സംബന്ധിച്ച യുവതീയുവാക്കളെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധനചെയ്ത പാപ്പാ യുവജനങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യുവതയ്ക്കും, ഈ കാലഘട്ടത്തിലും വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവര്‍ക്കായി തങ്ങളുടെ വേദനകള്‍ കാഴ്ചവയ്ക്കാന്‍ രോഗികള്‍ക്കും സ്വന്തം മക്കള്‍ക്ക് ശിക്ഷണമേകുന്ന ദൗത്യം വഴി ദൈവത്തിന്‍റ സഹകാരികളായിരിക്കാന്‍ നവദമ്പതികള്‍ക്കും പ്രചോദനം പകരുകയും ചെയ്തു.        








All the contents on this site are copyrighted ©.