2016-03-12 14:28:00

ബഥാനിയയിലെ കാരുണ്യസ്വരൂപം നവജീവന്‍റെ പ്രത്യാശ


തപസ്സുകാലം 5-ാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 11, 1-45

ഇന്നത്തെ സുവിശേഷഭാഗം വളരെ രസകരമായ നീണ്ട സംഭവമാണ്. യേശു എന്നു പറയുന്ന ദൈവപുത്രന്‍റെ മാനുഷികമായ വലിയ മുഖമാണിവിടെ ദൃശ്യമാകുന്നത്. യേശു സ്നേഹിക്കുന്നു. യേശുവിനു സുഹൃത്തുക്കളുണ്ടായിരുന്നു. മാത്രമല്ല, തീവ്രമായ ബന്ധമുണ്ടായിരുന്ന കൂട്ടുകാര്‍ അവിടുത്തേയ്ക്കുണ്ടായിരുന്നു. അതിന്‍റെയൊക്കെ ഉച്ചസ്ഥായിയില്‍, Climax-ല്‍, തന്‍റെ സ്നേഹിതന്‍റെ മരണത്തില്‍ ക്രിസ്തു കരയുന്നു. കരയുന്ന ഈശോയുടെ മുഖമാണ് ഇന്നത്തെ സുവിശേഷം കാണിച്ചുതരുന്നത്. സ്നേഹിക്കുന്നവര്‍ക്കൊപ്പം സഹതപിക്കുന്ന ക്രിസ്തുവിന്‍റെ രൂപം! യേശുവിന്‍റെ പച്ചയായ മനുഷ്യത്വം ഇവിടെ പ്രകടമാകുന്നു. സുവിശേഷത്തിന്‍റെ തുടക്കം അങ്ങനെയാണ് അങ്ങനെയാണ് വിവരിക്കുന്നത്. അങ്ങു സ്നേഹിക്കുന്ന മനുഷ്യന്‍ രോഗിയായിരിക്കുന്നു. എന്നിട്ട് സുവിശേഷകന്‍ പറയുന്നു, അവിടുന്ന് മൂന്നുപേരെയും - മാര്‍ത്തായെയും മറിയത്തെയും ലാസറിനെയും സ്നേഹിച്ചിരുന്നു. അവിടുന്നു ലാസറിനെക്കുറിച്ച് പറയുന്നത്. “സ്നേഹിതന്‍ ലാസര്‍ മരിച്ചിട്ടില്ല, അവന്‍ ഉറങ്ങുകയാണെ”ന്നാണ് (യോഹ. 11, 11). ഇങ്ങനെ മൂന്നുപേരും ഈശോയുടെ ഹൃദയത്തോട് ഏറ്റവും അടുപ്പമുള്ള വ്യക്തികളാണെന്ന്, കൂട്ടുകാരാണെന്ന് നമുക്കു കാണാം.

 

ബഥാനിയ എന്ന ഗ്രാമം ജരൂസലേമിന് അടുത്തുള്ള സ്ഥലമാണ്. മൂന്നു നാലു കിലോമീറ്റര്‍ മാത്രം അകലെയാണത്. ഇന്നും ബഥാനിയയില്‍ ലാസറിന്‍റെ വീടിന്‍റെ സ്ഥാനത്തിരിക്കുന്ന പള്ളിയെക്കുറിച്ചു പറയുന്നത് ‘സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും വീട്’ ‘സ്നേഹത്തിന്‍റെ ഗ്രാമം,’ എന്നൊക്കെയാണ്. അതുകൊണ്ട് ഇന്നത്തെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് സൗഹൃദങ്ങളിലേയ്ക്ക് തിരിച്ചുപോകാനാണ്. ഈശോ കാണിക്കുന്ന സൗഹൃദത്തിന്‍റെ വലിയ മാതൃകയുണ്ടിവിടെ. എന്നിട്ടോ, ലാസര്‍ മരിച്ചുകഴിഞ്ഞെന്നറിയുമ്പോള്‍ ക്രിസ്തു അവിടേയ്ക്കു പോകുന്നു. മാര്‍ത്ത, ലാസറിന്‍റെ സഹോദരി യേശുവനെ കണ്ടപ്പോള്‍ ഓടിവന്ന് പരാതി പറയുന്നു. “അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.”

 

പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മാര്‍ത്താ പോയി മറിയത്തോടു പറയുന്നു. ഇതാ, ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു നിന്നെ വിളിക്കുന്നു. എന്താ, അര്‍ത്ഥം? മറിയത്തെ കാണാതായപ്പോള്‍, ഈശോ അന്വേഷിച്ചു. “എന്ത്യേ, മറിയം? മറിയം എന്ത്യേ?” ഈ ഒരു കരുതലാണ്. നൊമ്പരപ്പെടുന്ന കൂട്ടുകാരന്‍റെയും കൂട്ടുകാരിയുടെയും ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുകയാണ് ക്രിസ്തു. നൊമ്പരം പേറുന്ന ഹൃദയങ്ങളെ മനസ്സിലാക്കുന്നതാണ് ഈശോയുടെ ഭാവം!

“എന്ത്യേ, മറിയത്തെ കണ്ടില്ലല്ലോ!?” “അവളെയും കൂട്ടിക്കൊണ്ടു വരൂ...!!” എന്നാണ് അവിടുന്ന് ആവശ്യപ്പെട്ടത്. കൂട്ടിവരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സുവിശേഷകന്‍ പറയുന്നത്. മേരിയുടെ കരച്ചില്‍, മാര്‍ത്തായുടെ കണ്ണുനീര്‍... പിന്നെ ഇതു കണ്ടുനിന്നവരെല്ലാം കരയുന്നു. കൂട്ടക്കരച്ചില്‍! ഇത് കണ്ട് യേശുവും കരയുന്നു. അവിടുന്നു കരഞ്ഞു! എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വളരെ സ്വാഭാവികമായിട്ട് യേശുവും അവര്‍ക്കൊപ്പം കരയുന്നു.

യേശു നൊമ്പരപ്പെടുന്നു.

 

നമ്മുടെ സൗഹൃദങ്ങളില്‍ നമ്മള്‍ പുലര്‍ത്തേണ്ട പച്ചയായ മാനുഷിക ഭാവത്തിലേയ്ക്ക് ഈശോ നമ്മെയും വിളിക്കുകയാണ്. എല്ലാ സ്നേഹവും തമ്പുരാനാണ് തന്നിരിക്കുന്നത്. നിന്‍റെ മനസ്സില്‍ സ്നേഹത്തിന്‍റെ വിത്തു പാകിയത് ദൈവമാണ്. സ്നേഹിക്കുന്നത് ദൈവത്തിന്‍റെ പ്രേരണയാലാണ്. അതുകൊണ്ടുതന്നെ എല്ലാ സൗഹൃദങ്ങളും ദൈവികമാണ്. അതുകൊണ്ടു തന്നെ സ്നേഹമുള്ളിടത്തൊക്കെ ദൈവമുണ്ട്. നമ്മുടെ സ്നേഹിതര്‍, കൂട്ടുകാര്‍.., പ്രത്യേകിച്ച് അവരുടെ നൊമ്പരങ്ങളുടെയും വേദനകളുടെയും അവസരത്തില്‍ അവരോടുകൂടെ നില്ക്കാന്‍. ഹൃദയത്തില്‍ അത് അനുഭവിക്കാന്‍ യഥാര്‍ത്ഥമായ സ്നേഹം ആവശ്യമാണ്. നാം കൂടെയുണ്ട് നമുക്ക് കഴിയണം. എന്ന അനുഭവം അവര്‍ക്കു നല്കാന്‍... മാത്രമല്ല, അവര്‍ കരയുമ്പോള്‍ മനസ്സില്‍ തട്ടി അവരോടൊത്തു കരയാനും, കണ്ണുനിറഞ്ഞ് സാന്ത്വനം പ്രകടമാക്കുന്നത് സ്വാഭാവികവും മനുഷ്യത്വവുമാണ്. ഇന്ന് അതാണ് ശിഷ്യരായ നമ്മോട് ഈശോ ആവശ്യപ്പെടുന്നത്.  

 

ഒരു ചെറിയ സംഭവം. പാപ്പാ ഫ്രാന്‍സിസ് 2013 മാര്‍ച്ചു 13-ാം തിയതിയാണ് സ്ഥാനാരോപിതനായത്. (പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ മൂന്നാം വാര്‍ഷികമാണ് ഞായറാഴ്ച, 2016 മാര്‍ച്ച് 13). അതിനുശേഷം, തുടര്‍ന്നുള്ള ജൂണ്‍ മാസത്തിലെ ഒരു സംഭവമാണ്. ഇറ്റലിയുടെ പടിഞ്ഞാറുഭാഗത്തുള്ള ദ്വീപാണ് ലാംമ്പദൂസാ. ആഫ്രിക്കയ്ക്കും യൂറോപ്പിനും ഇടയ്ക്കു കിടക്കുന്ന ചൊറിയൊരു ദ്വീപാണ്. ഇറ്റലിയുടെ ഭാഗമാണ് ലാമ്പദൂസാ. ആഫ്രിക്കക്കാരുടെ സ്വപ്നം, സ്വര്‍ഗ്ഗം യൂറോപ്പാണ്. അവിടെപ്പോയി എന്തെങ്കിലും ഒരു ജോലിചെയ്തു ജീവിക്കുന്നത് അവരുടെ മോഹമാണ്. അവിടെയെത്തി പണിയെടുത്ത് അവരുടെ കുടുംബങ്ങള്‍ സമ്പന്നമാക്കുകയെന്നത് എല്ലാവരുടെയും ജീവിതസ്വപ്നമാണ്. എങ്ങനെയെങ്കിലും ഈ ദ്വീപിലേയ്ക്ക് കടന്നുകൂടുക. കുറെക്കാലം അവിടെ ജോലിചെയ്തിട്ട്, ഇറ്റലിയുടെ ഭാഗംതന്നെയായ ദ്വീപില്‍നിന്നും പിന്നെ കരയിലേയ്ക്ക്, Mainland -ലേയ്ക്ക് കയറിപ്പറ്റുക, ഇതാണ് ഈ അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യം. അങ്ങനെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ലാംമ്പദൂസായിലേയ്ക്ക് പ്രതിദിനം എന്നോണം എത്തിച്ചേരുന്നവര്‍ നിരവധിയാണ്.

 

പെട്ടന്ന് ഇതാ, ഒരു ദിവസം പത്രത്തിലും മാധ്യമങ്ങളിലും വാര്‍ത്തയെത്തി. ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും ലാമ്പദൂസായിലേയ്ക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കവെ ബോട്ടു മുങ്ങി 200-പേര്‍ മരിച്ചു. നിരവധിപേര്‍ കാണാതെ പോയിട്ടുമുണ്ട്. വാര്‍ത്ത വായിച്ചതും പാപ്പാ ഫ്രാന്‍സിസ് ലാമ്പദൂസായിലേയ്ക്ക് പുറപ്പെടുവാന്‍ താല്പര്യപ്പെട്ടു. പിറ്റെദിവസം തന്നെ രാവിലെ പാപ്പാ മെഡിറ്ററേനിയന്‍ തീരത്തുനിന്നും ലാമ്പദൂസാ ദ്വീപിലേയ്ക്ക് ചെറിയ ബോട്ടില്‍ യാത്രയായി. ലാമ്പദൂസാ ദ്വീപില്‍ പാപ്പാ വന്നിറങ്ങുമ്പോള്‍ അവിടുത്തെ ദ്വീപുനിവസികള്‍ ഉയര്‍ത്തിയ ബാനറില്‍ എഴുതിയിരുന്ന വാചകം ശ്രദ്ധേയമാണ്. “ലോകത്തിന്‍റെ അവസാനു പാര്‍ക്കുന്ന ജനങ്ങളുടെ ഇടയിലേയ്ക്ക് സ്വാഗതം, പാപ്പാ...സ്വാഗതം!” എന്നായിരുന്നു.

 

ലോകത്ത് അവസാനത്തുള്ളവരുടെ ഇടയിലേയ്ക്ക് സ്വാഗതം! വേദനിക്കുന്നവര്‍, കരയുന്നവര്‍, ഹൃദയത്തില്‍ നൊമ്പരം പേറുന്നവര്‍... കണ്ണുനിറയുന്നവര്‍, എന്‍റെയടുത്ത്, എന്‍റെ ചുറ്റിലും ഉണ്ട്. അവരെ അവിടെ കാണാമായിരുന്നു. സൗഹൃദത്തിനും സാന്ത്വനത്തിനുമായി കൊതിക്കുന്ന ജീവിതങ്ങളാണവ. അവരുടെകൂടെ നില്ക്കുവാനുള്ള ദൗത്യമാണ് ക്രിസ്തു അവിടുത്തെ ശിഷ്യരായ നിങ്ങളോടും എന്നോടും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സ്നേഹബന്ധങ്ങളെ ദൈവത്തിന്‍റെ മുന്നില്‍ നമുക്കു സമര്‍പ്പിക്കാം. തമ്പുരാന്‍ തന്നതാണ് ബന്ധങ്ങള്‍ - നമ്മുടെ വീട്ടിനകത്തും, വീട്ടിനു പുറത്തുമുള്ള ബന്ധങ്ങള്‍. എല്ലാസ്നേഹവും മുളപ്പിച്ചത് ദൈവമാണ്. അതുകൊണ്ട് അവയെല്ലാം നമുക്ക് അവിടുത്തെ മുന്നില്‍ത്തന്നെ, തമ്പുരാന്‍റെ മുന്നില്‍ വയ്ക്കാം. എന്നിട്ട് ഈ  വ്യക്തികളുടെ, വിശിഷ്യാ അവരുടെ നൊമ്പരത്തിന്‍റെയും വേദനയുടെയും അവസരങ്ങളില്‍ അവരുടെ കൂടെനില്ക്കാന്‍ നമുക്കു പരിശ്രമിക്കാം. കൂടെ നില്ക്കാം! അവരുടെ ഹൃദഭാരം നമുക്ക് ഏറ്റുവാങ്ങാം. അത് അതേ Level-ല്‍ത്തന്നെ സ്വീകരിക്കാന്‍ ഞാന്‍ കൂടെയുണ്ട്! വേദനിക്കുന്ന ആള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആശ്വാസം ഇതാണ്.

അവരുടെ നൊമ്പരം മനസ്സിലാക്കി അവരുടെ കൂടെനില്ക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അവരെ മനസ്സിലാക്കാന്‍ നാം കൂടെയുണ്ട് എന്ന അനുഭവം അവര്‍ക്ക് സാന്ത്വനമാണ്. മാര്‍ത്തായുടെയും മറിയത്തിന്‍റെയും വേദനിക്കുന്ന മനസ്സുകള്‍ക്കു മുന്‍പില്‍ കണ്ണുനിറഞ്ഞു നില്ക്കുന്ന, കരയുന്ന ഈശോ ഇന്ന് നിങ്ങളോടും എന്നോടും ആവശ്യപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ഈ സാന്ത്വനസാമീപ്യമാകുവാനാണ്.

 

ഒരു സംഭവംകൂടെ പറയാം, അതും പാപ്പായുടെ ജീവിതത്തില്‍ തന്നെയാണ്. ഇറ്റലിയിലെ ഒരു ഗ്രാമത്തിലെ വലിയമ്മ. Pension-കൊണ്ടാണ് ജീവിക്കുന്നത്. ഭര്‍ത്താവുണ്ട്. അയാള്‍ ആശുപത്രിയില്‍ കിടപ്പാണ്. ആശുപത്രിയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ ഒരു ദിവസം കുറെ പഴവും സാധനങ്ങളും വാങ്ങി ഇവര്‍ പോവുകയാണ്. ബസ്സിറങ്ങി ആശുപത്രിയില്‍ ചെന്നു നോക്കിയപ്പഴാ മനസ്സിലായത്, കൈവശമുണ്ടായിരുന്ന പേഴ്സ് കാണാനില്ല. അതു പോയി, പോക്കറ്റടിച്ചു പോയിരിക്കുന്നു!! പിന്നെ കൈവശം ഒന്നുമില്ല. ആ സങ്കടത്തില്‍ ഭര്‍ത്താവിന്‍റെ അടുത്തിരുന്ന് ഒരു കത്തെഴുതി, ആര്‍ക്ക്....? പാപ്പാ ഫ്രാന്‍സിസിന്!! കത്തെഴുതിയിട്ട് ഒരാഴ്ച കഴിഞ്ഞില്ല. വലിയമ്മയുടെ വികാരിയച്ചന് ഒരു പേപ്പല്‍ കത്ത്! അച്ചന്‍ പരിഭ്രാന്തിയോടെയാണ് പാപ്പായുടെ കത്തുതുറന്നത്. ഇടവകക്കാരിയായ വലിയമ്മിച്ചിയുടെ അടിയന്തിരാവസ്ഥ സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പായിരുന്നു അത്. പിന്നെ 2000-ത്തോളം രൂപയും കൂടെയുണ്ടായിരുന്നു!

 

ജീവിതത്തില്‍ നൊമ്പരപ്പെടുന്നവര്‍ നമ്മുടെ കണ്‍മുന്‍പില്‍ത്തന്നെയുണ്ട്. വേദനിക്കുന്നവരുടെ സാന്നിദ്ധ്യം ഈ ജീവിതത്തില്‍ നമുക്ക് ദൈവം തരുന്ന സൗഹൃദത്തിനായുള്ള ക്ഷണമാണ്. സ്നേഹം പങ്കുവയ്ക്കാന്‍ ദൈവം എന്‍റെ മുന്നില്‍ കൊണ്ടുവയ്ക്കുന്ന ക്ഷണങ്ങളാണത്.

 

നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോയേ, ഞാന്‍ സ്നേഹിക്കുന്നവരെയും, എന്നെ സ്നേഹിക്കുന്നവരെയും അങ്ങെ മുന്നില്‍ കാഴ്ചവയ്ക്കുന്നു. നാഥാ, നീ തന്ന സ്നേഹത്തെ നന്ദിയോടെ സ്വീകരിച്ച് അതിനെ പരിപോഷിപ്പിക്കുവാനുള്ള കൃപനല്കണമേ. ഞാന്‍ സ്നേഹിക്കുന്നവരും, എന്നെ സ്നേഹിക്കുന്നവരും നൊമ്പരപ്പെടുന്ന അവസരങ്ങളില്‍ യേശുവേ, അവരുടെ കൂടെനില്ക്കാന്‍, അവരുടെ നൊമ്പരവും ഹൃദയത്തില്‍ പേറിക്കൊണ്ട് കൂടെനില്ക്കാനുള്ള വലിയ ശ്രദ്ധ, കൃപ എനിക്കു തരണമേ! നൊമ്പരപ്പെടുന്ന ആരെ കണ്ടാലും അത് സൗഹൃദത്തിനായി ദൈവം തരുന്ന അവസരമാണതെന്നു മനസ്സിലാക്കി സ്നേഹം കൊടുക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു തരണമേ, ആമേന്‍!

 








All the contents on this site are copyrighted ©.