2016-03-12 12:40:00

പാപ്പാ പോളണ്ടില്‍ ജൂലൈ 27 മുതല്‍ 31 വരെ


     പാപ്പാ ആഗോളസഭാതലത്തിലുള്ള യുവജനദിനാചരണത്തോ‍ടനുബന്ധിച്ച് പോളണ്ടിലെത്തും.

     പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ശനിയാഴ്ചയാണ് (12/03/16) ഇക്കാര്യം വെളിപ്പെടുത്തിയത്.

     ഇക്കൊല്ലം (2016) ജൂലൈ 27 മുതല്‍ 31 വരെയായിരിക്കും പോളണ്ടില്‍  ഫ്രാന്‍സീസ് പാപ്പായുടെ ഇടയസന്ദര്‍ശനം. അന്നാടിന്‍റെ  ഉന്നതാധികാരികളുടെയും അന്നാട്ടിലെ മെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ ​എത്തുക.

      പാപ്പായുടെ പ്രസ്തുത പഞ്ചദിന അപ്പസ്തോലികപരിയടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിപാടികളുടെ കരടുരൂപം ക്രക്കോവ്, വര്‍സ്വാ എന്നീ പട്ടണങ്ങളില്‍ ശനിയാഴ്ച തന്നെ (12/03/16) പരസ്യപ്പെടുത്തപ്പെട്ടു.

     ചെസ്തൊക്കോവയിലെ ശ്യാമമാതാവിന്‍റെ പവിത്രസന്നിധാനത്തില്‍ ദിവ്യപൂജാര്‍പ്പണം, യഹൂദര്‍ കൂട്ടക്കുരുതിചെയ്യപ്പെട്ട ഓഷ്വിറ്റ്സ്- ബിര്‍ക്കെനവു കഠിനാദ്ധ്വാന തടങ്കല്‍ പാളയ സന്ദര്‍ശനം തുടങ്ങിയവ  ഇതിലുള്‍പ്പെടുത്തിയിട്ടുള്ള പരിപാടികളില്‍ ചിലതാണ്.

     പോളണ്ടിലെ ക്രക്കോവ് പട്ടണമാണ് ആഗോളസാഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജനദിനത്തിന്‍റെ വേദി.

     കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5,7) എന്നതാണ് ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം. 








All the contents on this site are copyrighted ©.