2016-03-11 12:37:00

പാപസങ്കീര്‍ത്തനത്തിനണയുന്ന പാപ്പാ ഫ്രാന്‍സിസ്


ജൂബിലിവര്‍ഷത്തില്‍ പാപസങ്കീര്‍ത്തനത്തിന് എത്തുന്നവരുടെ കണക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ കുമ്പസാരത്തിനുള്ള സൗകര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ഫാദര്‍ റോക്കോ റീസോ പ്രസ്താവിച്ചു.

ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ കുരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം  പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്ത ദിവസം മുതല്‍ വത്തിക്കാനിലെ കുമ്പസാരക്കൂടുകളിലേയ്ക്ക് പാപസങ്കീര്‍ത്തനത്തിനായി വിശ്വാസികളുടെ ഒരു പ്രവാഹംതന്നെയുണ്ടെന്ന്, കണ്‍വെച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനായ ഫാദര്‍ റീസോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.  

സാധാരണക്കാരനെപ്പോലെ കുമ്പസാരക്കൂട്ടിലേയ്ക്ക് നടന്നുചെന്ന്, വ്യക്തഗത പാപസങ്കീര്‍ത്തനം നടത്തുന്ന പാപ്പാ ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാനില്‍ 14 കുമ്പസാരക്കൂടുകളിലായി വ്യത്യസ്ത ഭാഷക്കാരായ കുമ്പസാരക്കാരാണ് സാധാരണഗതിയില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ജൂബിലിയോടെ 30 കുമ്പസാരക്കൂടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ മുതല്‍ വൈകന്നേരംവരെ ആഴ്ചയിലെ എല്ലാ ദിവസവും നടക്കുന്ന കുമ്പസാരങ്ങളുടെ വര്‍ദ്ധിച്ച സംഖ്യ തീര്‍ച്ചയായും സഭയില്‍ പ്രകടമാകുന്ന ആത്മീയ നവീകരണത്തിന്‍റെയും വളര്‍ച്ചയുടെയും അടയാളമാണെന്ന് ഫാദര്‍ റീസോ അഭിപ്രായപ്പെട്ടു.

ഇറ്റലിക്കാര്‍ മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്നവര്‍ വിവിധ ഭാഷക്കാരായ വൈദികരുള്ള കുമ്പസാരക്കൂടുകള്‍ തേടുന്നത് വത്തിക്കാനിലെ പ്രത്യേകതയാണ്. രാവിലെ 8 മണിക്കു തുടങ്ങുന്ന പാപസങ്കീര്‍ത്തന ശുശ്രൂഷ, ഉച്ചയ്ക്കുള്ള ഹ്രസ്വമായ ഇടവേളയ്ക്കുശേഷം വൈകുന്നരം  6 മണിവരെ തുടരുന്നു.   വിവിധ രാജ്യക്കാരായ ഫ്രാന്‍സിസ്ക്കന്‍ വൈദികരാണ് വത്തിക്കാനിലെ കുമ്പസാരക്കൂടുകളില്‍ അവരുടെ സേവനം നല്കുന്നത്. ദേശീയ ഭാഷയായ ഇറ്റാലിയന്‍, ജെര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, പേര്‍ച്ചുഗീസ്, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍ കുമ്പസാരിക്കുന്നതിന് വത്തിക്കാനില്‍ സൗകര്യമുണ്ട്.








All the contents on this site are copyrighted ©.