2016-03-11 12:15:00

നാമകരണ നടപടിക്രമങ്ങള്‍ക്ക് പുതിയരൂപരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി


വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നതിനുള്ള പുതിയ രൂപരേഖ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചു.

1983-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നല്കിയിട്ടുള്ള രൂപരേഖയുടെ നവീകരണമാണ് പാപ്പാ ഫ്രാന്‍സിസ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഏറെ കാലതാമസവും ഒപ്പം പണച്ചിലവുമുള്ള നാമകരണനടപടിക്രമങ്ങളുടെ നടത്തിപ്പില്‍ ഏറെ സുതാര്യതയും, വിശ്വസ്തതയും അതിന്‍റെ ഉത്തരവാദിത്വവഹിക്കുന്ന വത്തിക്കാന്‍ സംഘത്തിനും അതിനായി പരിശ്രമിക്കുന്ന മെത്രാന്മാര്‍ക്കും രൂപതാഭാരവാഹികള്‍ക്കും ഉണ്ടാകണമെന്ന് പാപ്പാ ആമുഖമായി അനുസ്മരിപ്പിക്കുന്നുണ്ട്.

എന്നാല്‍ സാമ്പത്തിക കാരണങ്ങള്‍ ഒരിക്കലും വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് മാനദണ്ഡമാകരുതെന്നും പാപ്പാ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ കണക്കുകാര്യങ്ങളും, അവയുടെ പരിശോധനയും യഥാക്രമം പ്രതിവര്‍ഷം നടത്തപ്പെടേണ്ടതാണെന്ന് നവീകരിച്ച രൂപരേഖ നിര്‍ദ്ദേശിക്കുന്നു.

വിശുദ്ധമായ കാര്യങ്ങള്‍ക്കുള്ള പ്രക്രിയയില്‍ കണ്ടെത്താവുന്ന ക്രമക്കേടുകള്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കുന്നതാണെന്നും രൂപരേഖ താക്കീതു നല്‍കുന്നുണ്ട്.  എന്തെങ്കിലും കാരണത്താല്‍, പ്രത്യേകിച്ച് സമ്പത്തിക പരാധീനതയാല്‍ ഏതെങ്കിലും പുണ്യാത്മാവിന്‍റെ നാമകരണനടപടി ക്രമങ്ങള്‍ മുടങ്ങിക്കിടക്കുകയാണെങ്കില്‍ വത്തിക്കാന്‍ സംഘത്തിന്‍റെ സഹായ ധനശേഖരം (solidarity Fund)  ഉപയോഗപ്പെടുത്തിക്കൊണ്ട് അത് പുനരാരംഭിക്കേണ്ടതാണെന്ന് രൂപരേഖയില്‍ പാപ്പാ നിര്‍ദ്ദേശിക്കുന്നു.

മൂന്നുവര്‍ഷത്തെ കാലപരിധിയില്‍ പരീക്ഷണാര്‍ത്ഥമാണ് (Ad Experimentum) പാപ്പാ ഫ്രാന്‍സിസ് നവീകരിച്ച രൂപരേഖ പ്രബോധിപ്പിക്കുന്നത്. മാര്‍ച്ച് 10—ാം തിയതി വ്യാഴാഴ്ചയാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള കാര്യാലയമാണ് (Congregation for the Cause of Saints)  പുതിയരൂപരേഖ പ്രസിദ്ധപ്പെടുത്തിയത്.  








All the contents on this site are copyrighted ©.