2016-03-10 19:53:00

കാരുണ്യപ്രവൃത്തികള്‍ മാറ്റത്തിന്‍റെ പ്രത്യാശപകരും


പാപ്പായും വത്തിക്കാന്‍ സംഘവും നടത്തുന്ന വാര്‍ഷിക ധ്യാനത്തിന്‍റെ 5-ാം ദിവസം, മാര്‍ച്ച് 10-ാം തിയതി വ്യാഴാഴ്ച രാവിലെ നല്കിയ 8-ാമത്തെ പ്രഭാഷണത്തിലാണ് ക്രൈസ്തവ ജീവിതത്തിലും സഭയിലും യാഥാര്‍ത്ഥ്യമാക്കേണ്ട ദൈവികകാരുണ്യത്തിന്‍റെ ശ്രേഷ്ഠഭാവത്തെക്കുറിച്ച് ധ്യാനഗുരു ഫാദര്‍ റോങ്കി ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മൂന്നാംനാളതത്തെ സംഭവവികാസങ്ങളാണ് പ്രഭാതചിന്തയില്‍ ഫാദര്‍ റോങ്കി പങ്കുവച്ചത്. സ്ത്രീകള്‍ കണ്ട ശൂന്യമായ കല്ലറയും അവരുടെ ആശങ്കയുടെയും ദുഃഖത്തിന്‍റെയും വികാര പ്രകടനങ്ങള്‍ക്കും പ്രത്യുത്തരമായത്... “നിങ്ങള്‍ എന്തിനാണ് കരയുന്നത്? സ്ത്രീയേ, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്...?” ഈ സാന്ത്വനവാക്കുകളായിരുന്നു.

ഗലീലിയില്‍ കണ്ട ശൂന്യമായ കല്ലറയുടെ പരിസരത്ത് ദൃശ്യമായ രംഗം... മനുഷ്യയാതനയോടുള്ള ദൈവത്തിന്‍റെ പ്രതികരണമാണ് സുവിശേഷം ചിത്രീകരിക്കുന്നതെന്ന്, ഫാദര്‍ റോങ്കി വ്യാഖ്യനിച്ചു (യോഹ. 20, 1-8).  തുടര്‍ന്ന് കാരുണ്യത്തിന്‍റെ മൂന്നു ക്രിയകളാണ് അദ്ദേഹം ധ്യാനചിന്തയ്ക്കു നല്കിയത് :  സഹോദരന്‍റെ യാതന കാണുക, അവന്‍റെയും അവളുടെയും ചാരത്തു  നില്ക്കുക, അവനും അവള്‍ക്കും സഹായത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്പര്‍ശമാകുക.  ഇങ്ങനെ ചെയ്ത നല്ല സമറിയക്കാരന്‍ സുവിശേഷം ചൂണ്ടിക്കാണിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമാണെന്ന്  ഫാദര്‍ റോങ്കി വിസ്തരിച്ചു.

മഗ്ദലയിലെ മറിയത്തിന്‍റെ കണ്ണുനീര്‍കണ്ട് അലിവുകാണിച്ച ഉത്ഥിതനായ ജീവന്‍റെനാഥനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധ്യാനഗുരു അതുമായി ബന്ധപ്പെടുത്തിയാണ് ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ സുവിശേഷക്കഥയിലെ വ്യക്തിത്വത്തെ വിവരിച്ചു കാട്ടിയത്.  മുറിവേറ്റു വേദനിച്ചു കിടക്കുന്ന മനുഷ്യന്‍റെ കണ്ണുനീര്‍ കാണുവാന്‍ സന്മനസ്സു കാട്ടിയ സമറിയക്കാരന്‍ ദൈവിക പ്രതിപുരുഷനാണ്. സഹോദരങ്ങളെ കാണുവാനും, അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്യുന്ന ദൈവികഭാവമാണത്. സഹോദരന്‍റെ പാപാവസ്ഥയിലും, യാതനയിലും ആവശ്യത്തിലും അവനെ കാണുക സന്ദര്‍ശിക്കുക എന്നാല്‍ ദൈവികത അണിയുക എന്നാണര്‍ത്ഥം. അത് ദൈവിക സ്വഭാവത്തിന്‍റെ അടയാളമാണ്.

മുറിപ്പെട്ട മനുഷ്യനെ കണ്ട്, അനുകമ്പ തോന്നിയ സമറിയക്കാരനെ മാതൃകയാക്കേണ്ടതാണ്.  യുദ്ധവും, ദാരിദ്യവും മറ്റു ജീവിതപ്രതിസന്ധികളും വിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ യാതനകള്‍, അവരുടെ വിശപ്പും ദാഹവും കാണുവാനുള്ള മനസ്സ്... ദൈവികഭാവമാണ്. എന്തു സംഭവിച്ചു എന്നു ചോദിക്കുവാനും, അതിന്‍റെ കാരണം  തേടുവാനുമുള്ള മനസ്സ് അനുദിന ജീവിതത്തില്‍ നമുക്ക് ആവശ്യമാണ്.

മനുഷ്യയാതനയ്ക്കു മുന്നില്‍ കണ്ണടച്ചു കടുന്നു പോകാതിരിക്കുക, അവിടെ നില്ക്കുക!

ക്രിസ്തുവാണ് മാതൃക. എപ്പോഴും വേദനിക്കുന്നവന്‍റെ ചാരത്തായിരിക്കുവാനുള്ള തീക്ഷ്ണത കാണിച്ച മനുഷ്യപുത്രന്‍! ‘അവിടുത്തേയ്ക്ക് അവരോട് അനുകമ്പ തോന്നി’യെന്ന് നാം സുവിശേഷത്തില്‍ വായിക്കുന്നു (മത്തായി 9, 36). ലേവ്യനും പുരോഹിതനും കടന്നുപോയി... ദൈവികഭാവം ലവലേശമില്ലാതെ വഴിമാറിപ്പോയി. എന്നാല്‍ വിജാതിയനായ സമറിയക്കാരന്‍ മുറിപ്പെട്ടവന്‍റെ അടുത്തു വന്നുനിന്നു. യഥാര്‍ത്ഥമായ വ്യത്യാസം അപ്പോള്‍ ഏതു മതക്കാരനെന്നോ എവിടത്തുകാരനെന്നുമല്ല. അപരന്‍റെ ആവശ്യംകണ്ട് അവന്‍റെ ചാരത്തു നില്ക്കുന്നവനാണ് ദൈവികഭാവം ഉള്‍ക്കൊള്ളുന്നത്. വേദനിക്കുന്നവന് സാന്ത്വനമായി അവന്‍റെ ചാരത്ത് നില്ക്കുന്നതും, ഒരുമണിക്കൂര്‍ അയാള്‍ക്കൊപ്പം ചിലവഴിക്കുന്നതുമാണ് ജീവിതവിശുദ്ധി. മനുഷ്യയാതനയെക്കുറിച്ച് വായിച്ചു പഠിച്ച്, ധ്യാനിക്കുന്നതിലും വലുത്. യഥാര്‍ത്ഥത്തില്‍ കരുണയുടെ സാമീപ്യമായും സാന്ത്വനമായും നില്ക്കുന്നതല്ലേ!..

കാരുണ്യ സ്പര്‍ശം: അത് അകലത്തല്ല സമീപത്താണ്.

സ്പര്‍ശിക്കുക, സാമീപ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും കരുണയുടെയും അടയാളമാണ്. തൊട്ടുതീണ്ടാന്‍ പാടില്ലാത്തവരുടെ സമീപത്ത് ഈശോ എപ്പോഴും ചെല്ലുകയും, അവിടുന്ന്  അവരെ സ്പര്‍ശിച്ചു സുഖപ്പെടുത്തുകയും ചെയ്തു. കുഷ്ഠരോഗിയെയും, നായിനിലെ  വിധവയുടെ പുത്രന്‍റെ മൃതദേഹത്തെയും അവിടുന്നു സ്പര്‍ശിച്ചു, സുഖപ്പെടുത്തി, പുനര്‍ജനിപ്പിച്ചു.

നാം കാണിക്കുന്ന കാരുണ്യത്തിന്‍റെ സാന്ത്വനസ്പര്‍ശവും സാമീപ്യവും ലോകത്തെ മാറ്റി മറിക്കണമെന്നില്ല. എന്നാല്‍ അപരന്‍റെ കണ്ണീര്‍ തുടക്കാം, വേദനശമിപ്പിക്കാം.  ഒരുതുള്ളി..പലവെള്ളം...! എന്ന മാറ്റത്തിന്‍റെയും നവീകരണത്തിന്‍റെയും പ്രത്യാശയുടെയും  ചിന്ത ലോകത്തിനു നല്കുവാന്‍ കാരുണ്യപ്രവൃത്തിക്ക് കെല്പുണ്ടെന്ന് ധ്യാനഗുരു,  ഫാദര്‍ റോങ്കി വിവരിച്ചു. അതിനാല്‍ കരുണ മനുഷ്യജീവിതത്തിന് അടിസ്ഥാനമാണ്, അനിവാര്യമാണ്. ധൂര്‍ത്തിന്‍റെയും വലിച്ചെറിയലിന്‍റെയും ഇന്നിന്‍റെ സംസ്കൃതികളില്‍, പങ്കുവയ്ക്കലിന്‍റെയും കാരുണ്യത്തിന്‍റെയും വാക്കും, സാമീപ്യവും, സ്പര്‍ശവും ദൈവികമാണ്. ദൈവം നമ്മോടു ക്ഷമിക്കുന്നത്, കൈയ്യില്‍ നിയമോ പ്രമാണങ്ങളോ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ല, അവിടുത്തെ കാരുണ്യസ്പര്‍ശത്താലാണ്, എന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് ഫാദര്‍ റോങ്കി പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.