2016-03-08 06:31:00

പാപ്പായ്ക്കുവേണ്ടി 24 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന


    ഫ്രാന്‍സീസ് പാപ്പാ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ   മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 24 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന റോമില്‍ സംഘടിപ്പിക്കപ്പെടും.

     വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിന് പുറത്ത് അമ്പതോളം മീറ്ററുകള്‍ അകലെ വിശുദ്ധ ലോറെന്‍സിന്‍റെ നാമത്തിലുള്ള ദേവാലായത്തില്‍ പന്ത്രണ്ടാം തിയതി ശനിയാഴ്ച (12/03/16) രാത്രി പ്രാദേശികസമയം 10 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ഈ പ്രാര്‍ത്ഥന ആരംഭിക്കും.

    വിശുദ്ധകുര്‍ബ്ബാന, കൊന്തനമസ്ക്കാരം, മാര്‍പ്പാപ്പാ ഞായറാഴ്ച നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുചേരല്‍, തെരുവീഥികളില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക്  ഭക്ഷണമേകല്‍ തുടങ്ങയിവയും വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാ ഒന്നാം ലോകയുവജനദിനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കേകിയ കുരിശ് 33 വര്‍ഷമായി സൂക്ഷിച്ചുവരുന്ന ഈ ദേവാലയത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്‍റെ  ഭാഗമായിരിക്കും.

    ഞായറാഴ്ച (13/03/16) അര്‍ദ്ധരാത്രിയായിരിക്കും പ്രാര്‍ത്ഥനായജ്ഞം സമാപിക്കുക.

    ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ച കര്‍ദ്ദിനാള്‍ ഹൊര്‍ഗെ മാരിയൊ ബെര്‍ഗോള്യൊ 2013 മാര്‍ച്ച് 13 നാണ് പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.








All the contents on this site are copyrighted ©.