2016-02-24 13:29:00

സേവനമാനം നഷ്ടപ്പെട്ട അധികാരം, ഔദ്ധത്യവും ആധിപത്യവും


ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഈ ബുധനാഴ്ച (24/02/16)  പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പാപ്പാ മെക്സിക്കോയില്‍ ഒരാഴ്ചത്തെ ഇടയസന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴി‍ഞ്ഞ ബുധനാഴ്ച പൊതുകൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു, പതിവുപോലെ, കൂടിക്കാഴ്ചാവേദി.  വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ പൊതുദര്‍ശനപരിപാടിയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരുന്നു.റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  ആദ്യം വിശുദ്ധഗ്രന്ഥവായനയായിരുന്നു.

ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്‍റെ  കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്‍റെ  മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്‍റെ സമീപമാണല്ലോ. അതിനെക്കാള്‍  മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണ് വേണ്ടതെങ്കില്‍ വിലതരാം. എന്നാല്‍ നാബോത്ത് പറഞ്ഞു: എന്‍റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ. എന്‍റെ പിതൃസ്വത്ത് ഞാന്‍ അങ്ങേയ്ക്കു നല്‍കുകയില്ല എന്ന് ജസ്രേലേ‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായം 1 മുതല്‍ 4 വരെയുള്ള  ഈ വാക്യങ്ങള്‍  ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ പാരയണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.  

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു:                                  

     പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം,

വിശുദ്ധഗ്രന്ഥത്തില്‍ അവതരപ്പിക്കപ്പെട്ടിരിക്കുന്ന കാരുണ്യത്തെക്കുറിച്ചുള്ള പരിചിന്തനം നാം തുടരുകയാണ്. ശക്തന്മാരെക്കുറിച്ചും രാജാക്കന്മാരെക്കുറിച്ചും ഉന്നതന്മാരെക്കുറിച്ചും ഇവരുടെ ഔദ്ധത്യം അധികാരദുരുപയോഗം എന്നിവയെക്കുറിച്ചും വിശുദ്ധഗ്രന്ഥം പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും സകലര്‍ക്കും വേ​ണ്ടി നീതിയോടും ഉപവിയോടും കൂടി ഉപയോഗിക്കുന്ന പക്ഷം സമ്പത്തും അധികാരവും നല്ലതും പൊതുനന്മയ്ക്ക് പ്രയോജനകരവുമായിഭവിക്കും. എന്നാല്‍, പലപ്പോഴും സംഭവിക്കാറുള്ളതു പോലെ, സ്വാര്‍ത്ഥതയോടും ധാര്‍ഷ്ട്യത്തോടും കൂടെ വിനിയോഗിക്കപ്പെടുമ്പോള്‍  അവ അഴിമതിയുടെയും മരണത്തിന്‍റെയും ഉപകരണങ്ങളായിത്തീരുന്നു.   രാജാക്കന്മാരുടെ ഒന്നാം പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായത്തില്‍ രേഖപ്പെ‌ടുത്തിയിരിക്കുന്ന നാബോത്തിന്‍റെ മുന്തിരിത്തോപ്പില്‍ സംഭവിക്കുന്നത്  ഇതാണ്.അതെക്കുറിച്ചാണ് ഇന്നു നാം ചിന്തിക്കുക.

 ഇസ്രായേലിന്‍റെ രാജാവായ അഹാബ്, രാജകൊട്ടാരത്തിനടുത്തു സ്ഥിതിചെയ്യുന്ന, നാബോത്തിന്‍റെ മുന്തിരിത്തോട്ടം മേടിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ന്യായമായ ഒന്നായിത്തോന്നാമെങ്കിലും ഇസ്രായേലില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം അന്യാധീനപ്പെടുത്താനാവാത്തതായി കണക്കാക്കപ്പെട്ടിരുന്നു.  വാസ്തവത്തില്‍ ലേവ്യരുടെ പുസ്തകം ഇപ്രകാരം അനുശാസിക്കുന്നു: നിങ്ങള്‍ ഭൂമി എന്നന്നേക്കുമായി വില്ക്കരുത്, എന്തെന്നാല്‍, ഭൂമി എന്‍റെതാണ്, നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്.  ഇരുപത്തിയഞ്ചാം അദ്ധ്യായം, വാക്യം 23. കര്‍ത്താവിന്‍റെ ദാനമാകയാല്‍ ഭൂമി പവിത്രമാണ്, ആകയാല്‍ അത് അപ്രകാരം കാത്തുപരിപാലിക്കപ്പെടേണ്ടതാണ്. ദൈവാനുഗ്രഹത്തിന്‍റെ അടയാളമായ അത് തലമുറകള്‍ തലമുറകള്‍ക്ക് കൈമാറ്റം ചെയ്യേണ്ടതും സകലര്‍ക്കും   ഔന്നത്യത്തിന്‍റെ അച്ചാരവുമാണ്.ആകയാല്‍ നാബോത്ത് രാജാവിന് നല്കിയ പ്രതികൂല മറുപടി നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

എന്നാല്‍ അഹാബ് രാജാവ്  ഈ തിരസ്ക്കരണത്തോടു തിക്തതയോടും രോഷത്തോടും കൂടിയാണ് പ്രതികരിക്കുന്നത്. ഒരു പരമാധികാരിയായ, രാജാവായ താന്‍ അവഹേളിക്കപ്പെട്ടതായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. കൈവശമാക്കാനുള്ള സ്വന്തം ആഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതില്‍ രാജാവ് നിരാശനായി.  കര്‍ത്താവിന്‍റെ പ്രവാചകന്മാരെ വധിക്കുകയും വിഗ്രഹാരാധനയെ പോഷിപ്പിക്കുകയും ചെയ്തിരുന്ന രാജ്ഞി ജെസെബെല്‍, ഹതാശനായ ഭര്‍ത്താവിന്‍റെ സഹായത്തിനെത്തുന്നു. അവള്‍ രാജാവിനോടു പറയുന്ന വാക്കുകള്‍ ശ്രദ്ധേയങ്ങളാണ്, അവളുടെ നികൃഷ്ടത വെളിപ്പെടുത്തുന്ന ആ വാക്കുകള്‍ ശ്രവിക്കൂ: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷിച്ച് ആനന്ദിക്കുക. ജസ്രെലിലെ നാബോത്തിന്‍റെ മുന്തിരിത്തോപ്പ് ഞാന്‍ അങ്ങേക്കു തരും. രാജാക്കന്മാരുടെ ഒന്നാം പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായം  വാക്യം 7. തന്‍റെ വീക്ഷണത്തില്‍, നാബോത്തിന്‍റെ തിരസ്ക്കരണത്താല്‍ ചോദ്യചെയ്യപ്പെട്ടിരിക്കുന്ന, രാജാവിന്‍റെ പ്രതാപത്തിനും അധികാരത്തിനുമാണ് അവള്‍ ഊന്നല്‍ കൊടുക്കുന്നത്. ആ അധികാരം പരമമാണ് എന്നാണ് അവള്‍ കരുതുന്നത്. ആകയാല്‍ രാജാവിന്‍റെ ഓരോഹിതവും ഒരോ കല്പനയായി പരിണമിക്കുന്നു.  വിശുദ്ധ അമ്പ്രോസ് ഈ സംഭവത്തെഅധികരിച്ച് നാബോത്ത് എന്ന ശീര്‍ഷകത്തില്‍ രചിച്ചിട്ടുള്ള ഗ്രന്ഥം  ഈ നോമ്പുകാലത്ത് വായിക്കുന്നത് ഗുണദായകമാണ്.

യേശു നമ്മോടു പറയുന്നു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാനസനുമായിരിക്കണം. മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 25 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍.

സേവനം എന്ന മാനം  നഷ്ടപ്പെട്ടാല്‍ അധികാരം, ഔദ്ധത്യവും ആധിപത്യവും അടിച്ചമര്‍ത്തലുമായി പരിണമിക്കും.

     ജെസബെല്‍ രാജ്ഞി നോബോത്തിനെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു, അങ്ങനെ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു.  ദൈവത്തെയും രാജാവിനെയും നിന്ദിച്ചുവെന്ന വ്യാജക്കുറ്റം ആരോപിക്കുയും കള്ളസാക്ഷികളെ നിരത്തുകയും ചെയ്യുന്നു. വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അങ്ങനെ നാബോത്തിന്‍റെ മരണാനന്തരം രാജാവിന് മുന്തിരിത്തോട്ടം സ്വന്തമാക്കാം. ഇത് ഗതകാലങ്ങളിലെ ഒരു സംഭവമായി ഒതുങ്ങുന്നില്ല.  ഇന്നത്തെയും ശക്തന്മാരുടെ, പണത്തിനായി പാവപ്പെട്ടവനെ, ജനങ്ങളെ പിഴിയുന്ന ശക്തരുടെ കഥയാണിത്. മനുഷ്യക്കടത്തിന്‍റെ, അടമത്തത്തിന്‍റെ, ശക്തരെ സമ്പന്നരാക്കാന്‍ അനധികൃതമായി, താഴ്ന്ന വേതനത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ കഥയാണിത്. ആര്‍ത്തിപൂണ്ട അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കഥയാണിത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിശുദ്ധ അമ്പ്രോസ് രചിച്ച നാബോത്തിനെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നത് നല്ലതാണെന്ന്. അത് ഇന്നിന്‍റെ യാഥാര്‍ത്ഥ്യങ്ങളുടെ ഗ്രന്ഥമാണ്.

     ജീവനെ അനാദരിക്കുന്നതും അനീതി നിറഞ്ഞതും കാരുണ്യംവറ്റിയതുമായ അധികാരവിനിയോഗം ചെന്നെത്തുന്നത് ഇവിടെയാണ്. അധികാരദാഹത്തിന്‍റെ ഫലം  ഇതാണ്: സകലവും പിടിച്ചടക്കാന്‍ വെമ്പുന്ന അത്യാര്‍ത്തിയായി അതു പരിണമിക്കുന്നു.

സമ്പന്നരു‌ടെ ദ്രവ്യാസക്തിക്കെതിരെ കര്‍ത്താവ് മുന്നറിയിപ്പു നല്കുന്നത് കൂടുതല്‍ വീടുകളും നിലവും കൈവശമാക്കാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ഏശയ്യാ പ്രാവചകന്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ:

മറ്റാര്‍ക്കും വസിക്കാന്‍ ഇടംകിട്ടാത്തവിധം വീടോടു വീടുചേര്‍ത്തു വയലോടു വയല്‍ ചേര്‍ത്ത് അതിന്‍റെ മദ്ധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്ക് ദുരിതം –അധ്യായം 5 വാക്യം 8

ആഹാബിന്‍റെ മാനസാന്തരത്തിനായി ദൈവം അവിടത്തെ കാരുണ്യത്തില്‍ എലിയപ്രവാചകനെ അയക്കുന്നുണ്ട്. ആഹാബിന്‍റെ കുറ്റകൃത്യം കണ്ട ദൈവം ആ രാജാവിന്‍റെ ഹൃദയത്തിലും മുട്ടുന്നു. സ്വന്തം തെറ്റുമനസ്സിലാക്കിയ രാജാവ് എളിമപ്പെട്ട് മാപ്പുചോദിക്കുന്നു. ഇന്നത്തെ ശക്തന്മാരായ ചൂഷകരും ഇപ്രകാരം ചെയ്താല്‍ അത് എത്ര സുന്ദരമായിരിക്കും!

     നിന്‍റെ ഹൃദയം കാരുണ്യത്തിന് തുറന്നുകൊടുക്കൂ.

     യേശുക്രിസ്തുവാണ് യഥാര്‍ത്ഥ രാജാവ്. അവിടത്തെ അധികാരം വിഭിന്നമാണ്. കുരിശാണ് അവിടത്തെ സിംഹാസനം. അവിടന്ന് ജീവനെടുക്കുന്ന രാജാവല്ല മറിച്ച് ജീവദായകനാണ്. അവിടന്ന് കൂടതല്‍ ബലഹീനരായവരുടെ പക്കലേക്കു പോകുന്നു, അവരുടെ ഏകാന്തതയകറ്റുകയും, പാപം കൊണ്ടുവരുന്ന മരണത്തെ തോല്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു അവിടത്തെ സാമീപ്യവും ആര്‍ദ്രതയും വഴി പാപികളെ കൃപയുടെയും മാപ്പിന്‍റെയും വേദിയിലേക്കാനയിക്കുന്നു. ഇതാണ് ദൈവത്തിന്‍റെ കാരുണ്യം. 








All the contents on this site are copyrighted ©.