2016-02-20 13:33:00

സുഖസൗകര്യത്തിന്‍റെ സ്വാസ്ഥ്യം വിട്ട് മനുഷ്യജീവിതത്തിന്‍റെ ഓരങ്ങള്‍ തേടാം


തപസ്സുകാലം രണ്ടാം വാരം

വിശുദ്ധ ലൂക്കായുടെ സുവിശേഷം ലൂക്കാ 9, 28-36

ഇന്നത്തെ സുവിശേഷ ഭാഗത്ത് രൂപാന്തരപ്പെടുന്ന യേശുവിനെയാണ് നാം കാണുന്നത്. അവിടുന്ന് താബോര്‍ മലയിലേയ്ക്കു പോകുന്നു, മലകയറുന്നു. അവിടെ പ്രാര്‍ത്ഥിക്കുന്നു. അതിന്‍റെ പരിണിത ഫലമായിട്ടാണ് അവിടുത്തെ രൂപാന്തരീകരണം! യേശുവിന്‍റെ രൂപാന്തരീകരണത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് - രണ്ടു വിരുദ്ധാഭിപ്രായങ്ങള്‍! ഒന്ന് ശിഷ്യന്മാരുടേതാണ്, മറ്റേത് യേശുവിന്‍റേതും. ശിഷ്യന്മാരുടെ അഭിപ്രായമെന്താണ്? യേശു രൂപാന്തരപ്പെടുമ്പോള്‍, അവിടുന്നു മഹത്വപ്പെടുമ്പോള്‍, അവിടുത്തെ മുഖഭാവം മാറുമ്പോള്‍, അവിടുത്തെ വസ്ത്രം തിളങ്ങുമ്പോള്‍... ശിഷ്യന്മാര്‍ പറയുന്നു നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്ന് മോശയ്ക്ക്, മറ്റൊന്ന് അങ്ങേയ്ക്ക്, പിന്നൊന്ന് ഏലിയായ്ക്ക്! ഇതാണ് രൂപാന്തരീകരണ മലയില്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചത്. ‘ടെന്‍റു’ കെട്ടി അവിടത്തന്നെ കൂടാനാണ് അവരുടെ താല്പര്യം. അതായത് ഈ വലിയ സന്തോഷത്തിന്‍റെയും ഈ മഹത്വത്തിന്‍റെയും ഈ പ്രഭയുടെയും, ഈ ‘ഗ്ലോരി’യുടെ വലിയ അവസ്ഥയില്‍ അവിടെത്തന്നെ ‘ടെന്‍റ് അടിക്കുക’. അവിടെ കഴിയാനാണ് അവരുടെ പ്ലാന്‍. എന്നാല്‍ യേശു പറയുന്നത് അവര്‍ മലയിറങ്ങണമെന്നാണ്. അവിടുന്നു ചെയ്യുന്നത് ശിഷ്യന്മാരുടെ കൈക്കുപിടിച്ച്, അവരെയും കൂട്ടി അവിടുന്ന് മലയിറങ്ങുന്നു. താഴെയിറങ്ങുന്നു. ഇതാണ് വിരുദ്ധത എന്നു പറയുന്നത്. ഒന്ന്  ഈ മഹത്വത്തിന്‍റെ മലമുകലില്‍ കൂടാരാമടിച്ചു പാര്‍ക്കുവാനുള്ള ശിഷ്യന്മാരുടെ മോഹം. അതെന്നും മനുഷ്യന്‍റെ പ്രലോഭനമാണ്. അത് സമ്പത്തു തരുന്ന സുഖമാകാം. അധികാരം തരുന്ന സുഖമാകാം. മാത്രമല്ല, ആത്മീയത തരുന്ന സുഖവും സൗകര്യങ്ങളുമാകാം, അതിന്‍റെ വലിയ മഹത്വത്തില്‍, അതിന്‍റെ രൂപാന്തരീകരണത്തില്‍, അതിന്‍റെ ‘ഗ്ലോരി’യില്‍ മുഴുകിയിരിക്കുവാനുള്ള പ്രലോഭനമാണ്. ആത്മീയതയുടെ വലുപ്പത്തില്‍ അതിന്‍റെ ‘ഗ്ലോരി’യില്‍, മഹത്വത്തില്‍ അവിടെത്തന്നെ തമ്പടിച്ചുകൂടുക. ഇത് എന്നും മനുഷ്യര്‍ക്കുണ്ടാകുന്ന പ്രലോഭനമാണ്. ആത്മീയമേഖലയില്‍ ഈ പ്രലോഭനം വളരെ ശക്തമാണ്. പക്ഷെ അതിന് വിരുദ്ധമാണ് യേശുവിന്‍റെ മനോഭാവം.

പാപ്പായുടെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള കോണ്‍ക്ലേവില്‍ കര്‍ദ്ദിനാളന്മാര്‍ക്കെല്ലാം അനുവദിക്കപ്പെട്ടിട്ടുള്ള അഞ്ചു മിനിറ്റിന്‍റെ പ്രസംഗമുണ്ട്. അന്നത്തെ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ മൂന്നര  മിനുറ്റുകൊണ്ട് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പിന് വളരെ നിര്‍ണ്ണായകമായ ഘടകമായതെന്നാണ് വിദഗ്ദ്ധന്മാര്‍ വിലയിരുത്തുന്നത്. മൂന്നര മിനിറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു തീര്‍ത്ത പ്രസംഗത്തിന്‍റെ മര്‍മ്മം ഇതായിരുന്നു. ക്രൈസ്തവ ജീവിതം, സഭാജീവിതം ഉള്‍വലിയുവാനുള്ളതല്ല, മറിച്ച് ലോകത്തിന്‍റെ perifery-യിലേയ്ക്ക്, അതിര്‍ത്തികളിലേയ്ക്ക് ഇറങ്ങിചെല്ലുവാനുള്ള വിളിയാണെന്നാണ്. Periferia എന്ന വാക്കാണ് പാപ്പാ ഇറ്റാലിയനില്‍ ഉപയോഗിച്ചത് അതായത് നമ്മുടെ ജീവിതദൗത്യം ജീവിതത്തിന്‍റെ അതിര്‍ത്തികളിലേയ്ക്ക് പോകാനുള്ളതാണ്. ഈ Periphery  എന്നു പറഞ്ഞാല്‍,  ഉദാഹരണത്തിന്, യൂറോപ്പിന്‍റെ ചുറ്റുപാടില്‍ നോക്കിയാല്‍... അവിടെയാണ് സാമൂഹ്യവിരുദ്ധര്‍, മയക്കുമരുന്നു കച്ചവടക്കാര്‍, മദ്യപന്മാര്‍, അധോലോകപ്രവര്‍ത്തകര്‍‍, കൊള്ളക്കാര്‍ മുതലായവര്‍ താമസിക്കുന്നത്. സഭയുടെ നേതാക്കള്‍ എന്ന രീതിയില്‍ സമൂഹത്തിന്‍റെ ഉള്ളിലേയ്ക്ക് പിന്‍വലിയുകയല്ല, പുറംപോക്കുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണു വേണ്ടത്, അപരനിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് നമ്മുടെ ദൗത്യം, ക്രൈസ്തവധര്‍മ്മം.

ശിഷ്യന്മാര്‍ ആഗ്രഹിച്ചത് മറിച്ചാണ്. കര്‍ത്താവേ, നമുക്കിവിടെ പാര്‍ക്കാം! ഇവിടെ തമ്പടിക്കാം!! താബോറിന്‍റെ മുകളില്‍ ‘ടെന്‍റ’ടിക്കാനായിരുന്നു ശിഷ്യന്മാരുടെ പ്രലോഭനം. യേശു ഇതാ... അവരുടെ കൈപിടിച്ച്, മെല്ലെ താഴ്വാരയിലേയ്ക്ക് ഇറങ്ങുകയാണ്. യേശു ശിഷ്യരെയും കൂട്ടി താഴ്വരയിലേയ്ക്ക് ഇറങ്ങി വരുമ്പോള്‍ കാണുന്നതോ..., എന്താണ്?

താഴ്വാരത്ത് വലിയൊരു ജനക്കൂട്ടം! തീര്‍ന്നില്ല, പിന്നെ അവിടെ ബാക്കിയുള്ള ശിഷ്ന്മാര്‍!! അവര്‍ തമ്മില്‍ വലിയ തര്‍ക്കം! ‌എന്താ വിഷയം? ഒരുവന്‍ തന്‍റെ രോഗിയായ മകനെ, അവനു രോഗം പിശാചുബാധയാണ്. ആ പിശാച് അവനെ വെള്ളത്തിലും തീയിലും തള്ളിയിടുന്നു. രോഗവും, പിശാചുബാധയും..!! മാത്രമല്ല, മുന്നോട്ടുപോകുമ്പോള്‍ ഈശോ പറയുന്നത് – അവിശ്വാസം! താഴ്വരയില്‍ കാണുന്നത് അവിശ്വാസമാണ്!! അതായത്, രോഗവും പിശാചുബാധയും, പിന്നെ അവിശ്വാസവും! ഇതാണ് താഴാവാരത്തെ അവസ്ഥ. മാനുഷികമായി നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് അവിടെയും! അനുദിനജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളുടെ പ്രതീകങ്ങളാണ് പിശാചുബാധയും, രോഗവും അവിശ്വാസവും. അവയുടെ നടുവിലേയ്ക്കാണ് ശിഷ്യന്മാരുടെ കൈയ്യും പിടിച്ച് യേശു ഇറങ്ങിവരുന്നത്.

മഹത്വത്തിന്‍റെയും രൂപാന്തരീകരണത്തിന്‍റെയും മലയില്‍... അതു തരുന്ന സുഖത്തിന്‍റെയും സന്തോഷത്തിന്‍റെയും നടുവില്‍ സ്വൗര്യമായി കഴിയാമെന്നുള്ള ശിഷ്യന്മാരുടെ മാനുഷികമായ പ്രലോഭനത്തിന് വിരുദ്ധമായ സമീപനമാണ് യേശുവിനുള്ളത്. എന്നിട്ട് അവിടുന്നു പറയുന്നു. ഇവിടെയല്ല! ഇവിടെയല്ല! നമുക്ക് താഴേയ്ക്ക് ഇറങ്ങച്ചെല്ലാം...,  മനുഷ്യന്‍റെ നൊമ്പരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാം. രോഗങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാം, അവന്‍റെ അവിശ്വാസത്തിലേയ്ക്ക് താഴ്ന്നിറങ്ങാം. അവന്‍റെ പിശാചുബാധയിലേയ്ക്കും, അവന്‍റെ ദുഷ്ടാരൂപിയുടെ, തിന്മയായ ശക്തികളുടെ സ്വാധീനത്തിലേയ്ക്കും ഇറങ്ങിച്ചെല്ലാം. ഇതാണ് ക്രിസ്തു ശിഷ്യന്‍റെ ദൗത്യം, ഉത്തരവാദിത്തം!

ഈശോ പറഞ്ഞ ഉപമയാണ്, നൂറ് ആടുകളില്‍  ഒന്നു നഷ്ടമായിപ്പോയാല്‍... 99-നെയും വിട്ടിട്ട് നഷ്ടപ്പെട്ടുപോയ ഒന്നിനെ തേടിപ്പുറപ്പെടുന്ന നല്ലിടയന്‍റെ ഉപമ. ഇതു വ്യാഖ്യാനിക്കേണ്ടി വന്നപ്പോള്‍, പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷഭാഗത്തിന്‍റെ വ്യാഖ്യാനം ഏറെ രസകരമാണ്.  പാപ്പാ പറഞ്ഞത് ഇങ്ങനെയാണ്. ഈശോ പറഞ്ഞതു ശരിയാണ്. നൂറുണ്ടെങ്കില്‍ ഒരെണ്ണം പോയാല്‍പോലും നാം അതിന്‍റെ പിറകെ പോകണം. എന്നാല്‍ ഇന്ന് സത്യത്തില്‍ അവസ്ഥയെന്താണ്? ഇന്ന് ആലയ്ക്കകത്ത് ഒരു ആടേ ഉള്ളൂ...! ബാക്കി 99-ഉം പുറത്താണ്! ഈശോ പറഞ്ഞ സുവിശേഷത്തിലെ ഉപമയ്ക്കു വിരുദ്ധമാണ് ഇവിടെ ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. ആലയ്ക്കത്ത് ഒരെണ്ണമേയുള്ളൂ... ബാക്കി 99-ഉം പുറത്ത്. നമ്മള്‍ എന്താ ചെയ്യുന്നത്. നാം ഈ അകത്തുള്ള ഒരെണ്ണത്തിനെയും നോക്കി, ശുശ്രൂഷിച്ച്, ഭക്ഷണംകൊടുത്ത്, കുളുപ്പിച്ച്, ഉടുപ്പിച്ച്, തലമുടി  ചീകി, മെയ്ക്കപ്പിട്ട് അങ്ങനെ സുഖമായി, സന്തോഷാവസ്ഥയില്‍ അങ്ങനെ കഴിയുകയാണ്! ഇതല്ല യേശുവിന്‍റെ ഭാഗം. ഇതല്ല യേശു നമ്മോട് ആവശ്യപ്പെടുന്നത്. യേശു ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും. ഇവിടെ അകത്തിരിക്കുവാനല്ല, പുറത്തായിരിക്കുന്ന  99-ലേയ്ക്ക്, അവയെ തേടിപ്പുറപ്പെടുവാനാണ്.

മറ്റൊരു സംഭവംകൂടെ ശ്രദ്ധിക്കാം. ഗുരുവിനെത്തേടി ഒരു മനുഷ്യന്‍ പുറപ്പെട്ടു പോവുകയാണ്.. അത്ഭുതപ്രവര്‍ത്തകനായ ഗുരുവിനെ അന്വേഷിച്ച് ഒരാള്‍ പുറപ്പെടുകയാണ്. ആദ്യം ഒരു ശിഷ്യനെ കണ്ടുമുട്ടി. പറഞ്ഞു, നിങ്ങളുടെ ഗുരു... വലിയ അത്ഭുതപ്രവര്‍ത്തകനാണെന്നു കേട്ടല്ലോ! ഞാന്‍ അദ്ദേഹത്തെ തേടിയെത്തിയതാണ്. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു. “പക്ഷെ, വ്യത്യാസം ഇതേയുള്ളൂ. നിങ്ങടെ നാട്ടില്‍ നിങ്ങള്‍ ചോദിക്കുന്നത്, നിങ്ങളുടെ ഇഷ്ടം ദൈവം സാധിച്ചുതരുമ്പോള്‍ നിങ്ങള്‍ അതിനെ അത്ഭുതമെന്നു വിളിക്കുന്നു. എന്നാല്‍ ഇവിടെ, ഞങ്ങടെ നാട്ടില്‍ ദൈവത്തിന്‍റെ ഇഷ്ടം മനുഷ്യര്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ അതിനെ അത്ഭുതമെന്നു വിളിക്കുന്നു!”  ദൈവത്തിന്‍റെ ഇഷ്ടം എന്താണ്? മലമുകളിലും പ്രാര്‍ത്ഥനയിലും, ആത്മീയതയുടെ രൂപാന്തരീകരണ ഭാവത്തിലും... സ്ഥിരമായിട്ടു ‘ടെന്‍റ’ടിച്ചു കൂടുക എന്നുള്ളതല്ല. മറിച്ച് താഴ്വരയിലേയ്ക്ക് ഇറങ്ങുക, ഇറങ്ങിച്ചെല്ലുക. താഴ്വരയിലെ രോഗങ്ങളിലേയ്ക്കും, അവിടുത്തെ ജനങ്ങളുടെ അവിശ്വാസത്തിലേയ്ക്കും, അവരെ ബാധിച്ച ദുഷ്ടാരൂപിയിലേയ്ക്കും ഇറങ്ങിച്ചെല്ലുക, അവരുടെ കൂടെയായിരിക്കുക എന്നുള്ളതാണ്... ക്രിസ്തുശിഷ്യന് ഈശോ പറഞ്ഞുതരുന്ന ദൗത്യം വ്യക്തമാണ്.   ക്രിസ്തുവിന്‍റെ കൈയ്യില്‍ പിടിച്ചുകൊണ്ട് ഇറങ്ങിവരുന്ന ഭാവമാണത്.

നമുക്കു പ്രാര്‍ത്ഥിക്കാം. യേശുവേ, അങ്ങാണ് ഞങ്ങളുടെ വഴികാട്ടി. അങ്ങാണ് ‍ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് മാര്‍ഗ്ഗം കാണിച്ചുതരേണ്ടത്. നാഥാ, അങ്ങു തരുന്ന തിരുവചനം...! അന്ന് ശിഷ്യര്‍ക്കുണ്ടായ പ്രലോഭനം രൂപാന്തരീകരണ മലയില്‍ സ്ഥിരമായിട്ടിരിക്കുവാനുള്ള താല്പര്യമായിരുന്നു. ഇന്നും ഞങ്ങളുടെ സ്വഭാവത്തിലും ജീവിതത്തിലും അതുണ്ട്. അത് സമ്പത്തിന്‍റെ സന്തോഷത്തിലാകാം, അധികാരത്തിന്‍റെ സന്തോഷത്തിലാകാം. അതുമല്ലെങ്കില്‍ ചിലപ്പോള്‍ ആത്മീയതയതുടെ മേഖലയിലുള്ള സന്തോഷമാകാം. തമ്പടിച്ച് സുഖമായിട്ടിരിക്കുവാനുള്ള ആഗ്രഹവും വലിയ പ്രലോഭനവും ഉണ്ടാകുമ്പോള്‍ യേശുവേ, അങ്ങേ സ്വരം ശ്രവിക്കാന്‍... ഞങ്ങളുടെ ചുറ്റുമുള്ള സഹോദരങ്ങളുടെ നൊമ്പരങ്ങളിലേയ്ക്ക്... രോഗവും പിശാചും അവിശ്വാസവുമുള്ളവരുടെ മാനുഷിക വ്യഥകളുടെ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും അങ്ങേ കൈയ്യും പിടിച്ച് അവയ്ക്കെല്ലാം പരിഹാരം കാണ്ടെത്തുവാനുമുള്ള കൃപ തരണമേ! ഇതാണ് ഞങ്ങളുടെ ജീവിതദൗത്യമെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുവാനുള്ള വലിയകൃപ നല്കണമേ... ആമ്മേന്‍!

 








All the contents on this site are copyrighted ©.