2016-02-20 13:04:00

കാരുണ്യത്തിനന്‍റെയും സമാധാനത്തിന്‍റെയുമായ ഇടയസന്ദര്‍ശനം


       ഫ്രാന്‍സീസ് പാപ്പാ മെക്സിക്കൊയില്‍ നടത്തിയ ഇടയസന്ദര്‍ശനം കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആനന്ദകരമായ കൂടിക്കാഴ്ചയുടെയും മഹാ പ്രത്യാശയുടെയുമായിരുന്നുവെന്ന് പരിശുദ്ധസിംഹാസാനത്തിന്‍റെ വക്തവായ ഈശോസഭാവൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദി.

     പതിനെട്ടാം തിയതി വ്യാഴാഴ്ച (18/02/16) സമാപിച്ച ഈ അഷ്ടദിന അപ്പസ്തോലികയാത്രയെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഈ റേഡിയോ നിലയത്തിന്‍റെ മേധാവികൂടിയായ അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.

     മെക്സിക്കൊയില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രാവേളയില്‍  വിമാനത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ പാപ്പായോടുന്നയിച്ച ചോദ്യങ്ങളില്‍, കുടിയേറ്റത്തിനെതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു തിരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രമ്പ് പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പാലങ്ങള്‍ പണിയുന്നതിനെക്കുറിച്ചല്ലാതെ മതിലുകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരുവന്‍ ക്രൈസ്തവനല്ലെന്ന മറുപടിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഫാദര്‍ ലൊംബാര്‍ദി, പാപ്പായുടെ പ്രബോധനങ്ങളും നിലപാടുകളും നിരീക്ഷിക്കുകയാണെങ്കില്‍ ഈ ആശയം സര്‍വ്വത്ര പ്രകടമാണെന്നും അപരനെ സ്വീകരിക്കുകയും അപരനോട് ഐക്യദാര്‍ഢ്യം   പ്രകടിപ്പിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് സുവിശേഷം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ സധൈര്യം പിന്‍ചെല്ലുന്നതിനോടു ചേര്‍ന്നുപോകുന്ന ഒരു മനോഭാവമാണിതെന്നും വിശദീകരിച്ചു.

     പാപ്പായുടെ ഈ പ്രസ്താവന യാതൊരുവിധത്തിലും ഒരു വ്യക്തിക്കെതിരായ ആക്രമണമല്ലെന്നും ഫാദര്‍ ലൊംബാര്‍ദി വ്യക്തമാക്കി.








All the contents on this site are copyrighted ©.