2016-02-18 18:52:00

മെക്സ്ക്കോ അപ്പസ്തോലികയാത്ര സമാപിച്ചു. പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തി


ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച തുടക്കമിട്ട ഏഴുദിവസങ്ങള്‍ നീണ്ട മെക്സിക്കോ അപ്പസ്തോലിക പര്യടനമാണ് 18-ാം തിയതി വ്യാഴാഴ്ച അവസാനിച്ചത്.

വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ എയര്‍ മെക്സിക്കോയുടെ (Air Mexico) പ്രത്യേക വിമാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വന്നിറങ്ങിയതോടെ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോ പര്യടനത്തിന് സമാപനമായി.

വിമാനത്താവളത്തില്‍നിന്നും റോമിലെ മേരി മെജര്‍ ബസിലിക്കയിലെ ദൈവമാതൃ സന്നിധിയിലേയ്ക്കാണ് പാപ്പാ ഫ്രാ‍ന്‍സിസ് കാറില്‍ പുറപ്പെട്ടത്. ‘റോമിന്‍റെ രക്ഷിക’യായ കന്യകാനാഥയുടെ (Salus Populi Romani) പുരാതന വര്‍ണ്ണനചിത്രത്തിന്‍റെ തിരുനടയില്‍ (Side altar of Ancient Marian Icon) പാപ്പാ പുഷ്പാര്‍ച്ചന നടത്തി.  പിന്നെ  ഏകദേശം 20 മിനിറ്റോളം അവിടെ ഇരുന്ന് മൗനമായി പ്രാര്‍ത്ഥിച്ചശേഷമാണ് കാറില്‍ വത്തിക്കാനിലേയ്ക്കു യാത്രതുടര്‍ന്നത്. മെക്സിക്കോയില്‍നിന്നും കൊണ്ടുവന്ന വലിയ റോസാപ്പൂക്കളാണ് ഇക്കുറി പാപ്പാ കന്യാകാനാഥയ്ക്കു സമര്‍പ്പിച്ചത്.

സന്ദര്‍ശന ദിവസങ്ങളിലെല്ലാം മെക്സിക്കോ നഗരമദ്ധ്യത്തിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദരമായിരുന്നു പാപ്പായുടെ താല്‍ക്കാലിക വസതി. രാജ്യത്തിന്‍റെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയുള്ള പാപ്പായുടെ യാത്രകള്‍ ദൈര്‍ഘ്യമുള്ളതായിരുന്നെങ്കിലും,  ഒട്ടും ക്ഷീണിതനല്ലെന്നും, പൂര്‍ണ്ണാരോഗ്യവാനായാണ് തിരിച്ചെത്തിയരിക്കുന്നതെന്നും, യാത്രയില്‍ എപ്പോഴും കൂടെയുണ്ടായിരുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

 

 








All the contents on this site are copyrighted ©.