2016-02-18 00:23:00

അപരന്‍റെ ആവശ്യങ്ങള്‍ അറിയുക : തായിലന്‍ഡിലെ തപസ്സുകാലസന്ദേശം


അപരന്‍റെ ആവശ്യങ്ങള്‍ അറിയണമെന്ന്, തായിലന്‍ഡിലെ മെത്രാന്‍ സിമിതിയുടെ തപസ്സുകാല സന്ദേശം ഉദ്ബോധിപ്പിച്ചു.

സ്വന്തം ആവശ്യങ്ങളില്‍ മാത്രം മുഴുകിപ്പോകാതെ, ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ തുണയ്ക്കുന്നതാണ് സാഹോദര്യവും കരുണയുമെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരാ സന്ദേശത്തില്‍ പ്രസ്താവിച്ചു. വ്യക്തി ജീവിതത്തില്‍ ഇന്നിന്‍റെ അമിതമായ ഉപഭോഗമനഃസ്ഥിതി ഇല്ലാതാക്കിയും പരിമിതപ്പെടുത്തിയും അപരന്‍റെ ആവശ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷം ഏവരെയും ക്ഷണിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരയ ദേശീയ മെത്രാന്‍ സിമിതിക്കുവേണ്ടി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ ചെയര്‍മാന്‍, ആര്‍ച്ചുബിഷപ്പ് ബാംചിയോഗ് ചെയാരയാണ് സന്ദേശത്തിലൂടെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫെബ്രുവരി 10-ാം തിയതി ആഗോളസഭ ആചരിച്ച വിഭൂതിത്തിരുനാളിലാണ് ദേശീയതലത്തില്‍ തപസുകാലത്തെ കാരുണ്യസന്ദേശം നല്കിയത്.

കാലാവസ്ഥ കെടുതിയും അതുമായി ബന്ധപ്പെട്ട വരള്‍ച്ചയുംമൂലം അടിസ്ഥാന ആവശ്യ വസ്തുക്കള്‍പോലും ഇല്ലാതെ ധാരാളംപേര്‍ ലോകമെമ്പാടും വിഷിമിക്കുമ്പോള്‍ സ്വാര്‍ത്ഥതയില്‍ ഊന്നിയ ഉപോഭോഗത്തിന്‍റെയും ധൂര്‍ത്തിന്‍റെയും സംസ്ക്കാരത്തില്‍നിന്നും തപസ്സിലൂടെ മോചിതരാകണമെന്ന് ആര്‍ച്ചുബിഷപ്പ് ചെയാരയ ഉദ്ബോധിപ്പിച്ചു.

നാം വസിക്കുന്ന ഭൂമി നമ്മുടെ പൊതുഭവനമാണെന്നും, അതിന്‍റെ പ്രകൃതിവിഭവങ്ങളും ഉപായസാധ്യതകളും സ്വാര്‍ത്ഥതയില്‍ സ്വന്തമാക്കാതെ, അത് എല്ലാവരുടേതാണെന്നും, പങ്കുവയ്ക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണയോടെ ഉപയോഗിക്കേണ്ടതാണ്. അതിനാല്‍ വിശാലഹൃദയത്തോടും നീതിബോധത്തോടുംകൂടെ ഭൂമിയെയും അതിലെ വസ്തുക്കളെയും ഉപയോഗിക്കേണ്ടതാണ്. ഒപ്പം കൂടെ വസിക്കുന്ന സഹോദരങ്ങളുടെ, വിശിഷ്യാ പാവങ്ങളായവരുടെ അന്തസ്സ് മാനിക്കുകയും, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉള്ളതില്‍നിന്നും പങ്കുവയ്ക്കുകയും വേണമെന്നും സന്ദേശം ഉദ്ബോധിപ്പിച്ചു.

വിശ്വാസികളും അവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന വസ്തുതയാണ്, സകലര്‍ക്കും ഉപയോഗിക്കുവാനുള്ള പൊതുഭവനമാണു ഭൂമി. എന്നാല്‍ ചുറ്റുമുള്ള ദാരിദ്യാവസ്ഥയും ഭൂമിയുടെ ശോച്യാവസ്ഥയും കണക്കിലെടുക്കുമ്പോള്‍ വ്യത്യസ്തമായ സാമ്പത്തിക ഘടനയും വികസനത്തിന്‍റെ വീക്ഷണവുമുള്ള നവമായ ജീവിതശൈലി വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്ന മാറ്റമാണ് ആവശ്യം. ഉപഭോഗസംസ്ക്കാരത്തിന്‍റെ പിടിയില്‍നിന്നും നാം മോചിതരാകണം. പാപ്പാ ഫ്രാന്‍സിസ് ഈ തപസ്സില്‍ നമ്മുടെ മുന്നില്‍വയ്ക്കുന്ന പ്രത്യേക അഭ്യര്‍ത്ഥന ഇതാണ്. നമുക്ക് സൃഷ്ടിയെ പരിരക്ഷിക്കാം. ദാനമായി കിട്ടിയത് മെച്ചപ്പെടുത്തി ഭാവിതലമുറയ്ക്കു കൈമാറാം. പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാം!








All the contents on this site are copyrighted ©.