2016-02-17 16:01:00

ബുത്രോസ് ഖാലിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ഐക്യരാഷ്ട്ര സംഘയുടെ (United Nations Organization) ആറാമത്തെ സെക്രട്ടറി ജനറല്‍ ബുത്രോസ് ബുത്രോസ് ഖാലിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അന്ത്യാഞ്ജലി!

ലോകരാഷ്ട്രങ്ങളെ സമാധാനത്തിന്‍റെ പാതയില്‍ നയിക്കുവാന്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍സെക്രട്ടറി ജനറല്‍, ബുത്രോസ് ബുത്രോസ് ഖാലിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മെക്സിക്കോയില്‍ പര്യടനംനടത്തവെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അറിയിച്ചു.

ജന്മനാടായ ഈജിപ്തിനും മാനവകുലത്തിനും നല്കിയിട്ടുള്ള ഖാലിയുടെ സമര്‍പ്പിത സേവനത്തെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു. ലോകമറിഞ്ഞ നല്ല നയതന്ത്രജ്ഞന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനയും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ഐക്യരാഷ്ട്ര സംഘയുടെ (United Nations Organization) ആറാമത്തെ സെക്രട്ടറി ജനറലായിരുന്നു ഈജിപ്തുകാരനായ ബുത്രോസ് ബുത്രോസ് ഖാലി. ഫെബ്രുവരി 16-ാം തിയതി ജന്മനാടായ ഈജിപ്തിലെ കെയിറോയിലെ വസതിയിലായിരുന്നു ഖാലിയുടെ അന്ത്യം. 1922-ല്‍ ജനിച്ച ഖാലി നാടിന്‍റെ നയതന്ത്ര വിഭാഗത്തില്‍നിന്നുമാണ് രാജ്യന്തര സേവനത്തിലേയ്ക്ക് കടന്നുവന്നത്.  1992-മുതല്‍ 1996-വരെയായിരുന്നു ഖാലിയുടെ യുഎന്നിലെ സേവനകാലം. അദ്ദേഹത്തെ പിന്‍തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായത് കെനിയ സ്വദേശി, കൊഫി അണ്ണനായിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്ഥാനമേറ്റു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി ഫെബ്രുവരി 17-ാം തിയതി ബുധനാഴ്ച ബാന്‍ കി മൂണിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഖാലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.








All the contents on this site are copyrighted ©.