2016-02-12 19:05:00

അപ്പസ്തോലികയാത്രകളുടെ സൂത്രധാരന്‍ അല്‍ബേര്‍ത്തോ ഗസ്ബാരി വിരമിക്കുന്നു


പാപ്പായുടെ അപ്പസ്തോലിക യാത്രകളുടെ ഉത്തരവാദിത്തം ഇനി മോണ്‍സീഞ്ഞോര്‍ മൗരീറ്റ്സിയോ റുവേദായ്ക്കെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം വെളളിയാഴ്ച രാവിലെ മെക്സിക്കോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടത്തിലാണ് രാജ്യാന്തര അപ്പസ്തോലിക യാത്രകളുടെ ഉത്തരവാദിത്തം മോണ്‍സീഞ്ഞോര്‍ റുവേദായെ ഏല്പിക്കുന്ന വിവരം വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആമുഖമായി പാപ്പാ പ്രഖ്യാപിച്ചത്.

37 വര്‍ഷക്കാലം പേപ്പല്‍ യാത്രകള്‍ സംവിധാനംചെയ്യുന്നതിലും നയിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വത്തിക്കാന്‍ റേഡിയോയുടെ ‘പേര്‍സണേല്‍ ഓഫിസറാ’യിരുന്ന അല്‍ബേര്‍ത്തോ ഗസ്ബാരിക്ക് നന്ദിപറയവെയാണ് മോണ്‍സീഞ്ഞോര്‍ മൗരീറ്റ്സിയോ റുവേദായുടെ നിയമനം പാപ്പാ സ്ഥിരീകരിച്ചത്. 67 വയസ്സെത്തിയ ഗസ്ബാരി ഔദ്യോഗിക പദവിയില്‍നിന്നും വിരമിക്കുകയാണ്.

കൊളുമ്പിയന്‍ സ്വദേശിയായ മോണ്‍സീഞ്ഞോര്‍ റുവേദാ ഇപ്പോള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉദ്യോഗസ്ഥനും, വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ ജോര്‍ദാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നീണ്ടകാല സേവന പരിചയവുമുള്ള വൈദികനാണ്. വിമാനത്തില്‍വച്ച് ഗസ്ബാരിക്ക് നന്ദിപറഞ്ഞതൊടൊപ്പം, മോ‍ണ്‍സീഞ്ഞോര്‍ റൂവേദയെ എല്ലാവര്‍ക്കും പാപ്പാ പരിചയപ്പെടുത്തി കൊടുക്കുകയുംചെയ്തു.








All the contents on this site are copyrighted ©.