2016-02-05 11:15:00

‘പരിശുദ്ധ സിംഹാസന’മെന്ന പ്രയോഗം സഭയുടെ ധാര്‍മ്മികരൂപമെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍


സ്ഥലകാല സീമകളെ അതിലംഘിക്കുന്ന സഭയുടെ ധാര്‍മ്മിക വ്യക്തിത്വമാണ് ‘പരിശുദ്ധ സിംഹാസനം’, The Holy See / Sancta Sedes എന്ന പദപ്രയോഗം വ്യക്തമാക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

മദ്ധ്യയൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയില്‍ പരിശുദ്ധസിംഹാസത്തിന്‍റെ  നയതന്ത്ര കാര്യാലയത്തിന്‍റെ (Apostolic Nunciature) പുതിയ മന്ദിരം തലസ്ഥാന നഗരമായ ജുബ്ലിയാനയില്‍ ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച രാവിലെ ഉത്ഘാടനംചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ലത്തിന്‍ മൂലത്തിലുള്ള Sancta Sede എന്ന വാക്കിന് ഇരിപ്പിടം എന്നാണര്‍ത്ഥം. ക്രിസ്തുവിന്‍റെ അരുമശിഷ്യനും, അപ്പസ്തോല പ്രമുഖനുമായിരുന്ന പത്രോസ്ലീഹായുടെ റോമിലെ ആസ്ഥാനത്തെയാണ് (Holy See) പരിശുദ്ധ സിംഹാസനം എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. റോമില്‍ വത്തിക്കാനാണ് ആഗോളസഭയുടെ ഭരണസംവിധാനങ്ങളുടെ ആസ്ഥാനമെങ്കിലും പരിശുദ്ധ സിംഹാസനം എന്ന പ്രയോഗത്തില്‍ സ്ഥലകാല സീമകളെ അതിലംഘിക്കുന്ന സഭയുടെ അസ്തിത്വപരമായ സങ്കല്പവും ധര്‍മ്മവുമാണ് പ്രയോഗം വെളിപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു. വത്തിക്കാന്‍റെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക്, രാഷ്ട്രങ്ങളുടെ നയതന്ത്ര സ്ഥാനങ്ങളോളംതന്നെ പഴക്കുമുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സൂചിപ്പിച്ചു.

15-ാം നൂണ്ടാണ്ടിന്‍റെ അന്ത്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ നയന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുവാനുള്ള ആദ്യ സമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധിയെ അയച്ചത് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു. അതിനാല്‍ ലോകരാഷ്ട്രങ്ങളുടെ നയതന്ത്ര ബന്ധത്തിന്‍റെ ചരിത്രത്തില്‍ പരിശുദ്ധസിംഹാസനം അല്ലെങ്കില്‍ വത്തിക്കാന്‍ സംസ്ഥാനം ഏറ്റവും പഴക്കമുള്ളതാണെന്നും, ലോകത്തൊരു ധാര്‍മ്മിക സ്വരമാകുവാനും നന്മയുടെയും സമാധാനത്തിന്‍റെ  വെളിച്ചമേകുവാനും ശ്രമിക്കുന്ന സഭാസ്ഥാപനത്തിന് എന്നും ഒരു സാര്‍വ്വലൗകിക മാനവും സ്ഥാനവും ഉണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

സഭയുടെ നിലപാടുകള്‍ മനുഷ്യാന്തസ്സിനെ മാനിക്കുന്നതോടൊപ്പം ജനതകളുടെ അന്തസ്സും അവയുടെ അസ്തിത്വപരമായ സുസ്ഥിതിയും മാനിക്കുന്നതാണ്. അതിനാല്‍ ലോകത്തുള്ള സഭാസ്ഥാപനങ്ങളും നേതൃത്വവുമായി നല്ലബന്ധം നിലനിര്‍ത്തുവാന്‍ ഈ സംജ്‍ഞ സഹായകമാണ്. ഒപ്പം രാഷ്ട്രങ്ങളും രാഷ്ട്രനേതൃങ്ങളുമായും ജനങ്ങളുമായും സാമൂഹികവും സാംസ്ക്കാരികവും ധാര്‍മ്മികവും ആത്മീയവുമായ ബന്ധം പുലര്‍ത്തുന്നതിനാണ് വത്തിക്കാന്‍ ഓരോ രാജ്യത്തും നയന്ത്രകാര്യാലയങ്ങള്‍ തുറക്കുന്നതെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

എല്ലാ ജനതകളുടെയും അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വിശിഷ്യാ പാവങ്ങളായവരുടെ അവകാശങ്ങള്‍ മാനിക്കുവാനും, അവരുടെ കരച്ചില്‍ കേള്‍ക്കുവാനും സഭയുടെ സാമൂഹിക സംവിധാനവും സാന്നിദ്ധ്യവും ആഗ്രഹിക്കുന്നുവെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു (Evangelii Gaudium190).








All the contents on this site are copyrighted ©.