2016-02-04 20:09:00

കൈമാറേണ്ട മഹത്തായ പൈതൃകമാണ് വിശ്വാസം


മഹത്തായ പൈതൃകം വിശ്വാസമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 4-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ജീവിതത്തിന് അന്ത്യമുണ്ട്. മനുഷ്യന്‍ നശ്വരനാണ്. ദൈവം മാത്രമാണ് അനശ്വരന്‍. അതിനാല്‍ മരണത്തെ നാം ഭയപ്പെടരുതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വസ്തതയോടെ ജീവിച്ചുകൊണ്ട് നമുക്കു ലഭിച്ച വിശ്വാസം മഹത്തായ പൈതൃകമായി കൈമാറാമെന്നുള്ള ബോധ്യമുണ്ടെങ്കില്‍ മരണത്തെക്കുറിച്ചുള്ള ഭീതി ജീവിതത്തിലുണ്ടാവില്ലെന്ന്, ആദ്യവായന രാജാക്കന്മാരുടെ പുസ്തകം വിവരിച്ച ദാവീദുരാജാവിന്‍റെ അന്ത്യത്തെക്കുറിച്ചുള്ള ഭാഗത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (1 രാജാ. 2, 1-4, 10-12).

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയില്‍ താന്‍ സംവദിച്ച സന്ന്യാസിനിയുടെ വാക്കുകള്‍ പാപ്പാ അനുസ്മരിച്ചു. വയസ്സു ചോദിച്ചപ്പോള്‍, എണ്‍പത്തിമൂന്നാണെന്നും, തന്‍റെ ജീവിതയാത്ര തീരുകയാണ്. ഉടനെ അടുത്തതിലേയ്ക്ക് പ്രവേശിക്കുമെന്നു പ്രസ്താവിച്ചു. കരളില്‍ അര്‍ബുദമുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്ന് ചിരിച്ചുകൊണ്ടും സംതൃപ്തിയോടെയുമാണ് അവര്‍ തന്നോട് സംസാരിച്ചതെന്ന് പാപ്പാ പങ്കുവച്ചു.

നന്നായി ജീവിതം നയിച്ചവരുടെ മുഖത്ത് ജീവിച്ചുതീരുന്ന ജീവിതത്തിന്‍റെയും വിശ്വാസ ബോധ്യങ്ങളുടെയും സംതൃപ്തി പ്രകടമായിരുന്നെന്ന് പാപ്പാ പ്രസ്താവിച്ചു. കഴിഞ്ഞതും വരുന്നതും നന്മയായി കാണുവാനും അംഗീകരിക്കുവനുമുള്ള ആ സന്ന്യാസിനിയുടെ വിശ്വാസബോധ്യത്തെ പാപ്പാ ശ്ലാഘിച്ചു.

40 വര്‍ഷക്കാലം ഇസ്രായേലിനെ ഭരിച്ച ദാവീദ് രാജാവ് മകന്‍ സോളമനു ഭരണം കൈമാറുന്നത്, ദൈവകല്പനകള്‍ കാത്തുപാലിക്കണം എന്ന ഉപദേശത്തോടെയാണ്. ജീവിതത്തില്‍ പാപിയായിരുന്നെങ്കിലും ദൈവത്തിന്‍റെ ക്ഷമ തേടിയ മനുഷ്യനായിരുന്നു ദാവീദ്! അങ്ങനെ ദാവീദ് രാജാവ് ദൈവത്തിന്‍റെ കരുണയ്ക്കായി കേഴുകയും അനുരജ്ഞനപ്പെടുകയും ചെയ്തു. അതിനാല്‍ ഇസ്രായേലിലെ വിശുദ്ധനും മഹാനുമായ രാജാവായാണ് ദാവീദിനെ ലോകം അനുസ്മരിക്കുന്നതെന്ന് പാപ്പാ വിശേഷിപ്പിച്ചു. അങ്ങനെ നമ്മുടെ ജീവിതത്തിന്‍റെ വീഴ്ചകളിലും കുറവുകളിലും ദൈവത്തിലുള്ള വിശ്വാസവും അവിടുത്തെ കല്‍പനകളിലുള്ള ശരണവുമാണ് ബോധ്യത്തോടെ കൈമാറാവുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിക്കുന്ന വിളക്ക്, വിശ്വാസ വെളിച്ചമാണ്. അതുപൊലിഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചാണ് നാം നിത്യഭാഗ്യത്തിന് അര്‍ഹരാകേണ്ടത്. ജീവിതാന്ത്യത്തില്‍, ഭൂമിയില്‍നിന്നും കടന്നുപോകുമ്പോള്‍ നമ്മുടെ ജീവിതത്തിലൂടെ ആ വെളിച്ചത്തിന്‍റെ പ്രഭയും ഉഷ്മളതയും പൈതൃകവുമായി കൈമാറാന്‍ സാധിക്കുന്ന ജീവിതങ്ങള്‍ ശ്രേഷ്ഠമായിരിക്കും, ധന്യാമയിരിക്കുമെന്ന് പാപ്പാ വിശേഷിപ്പിച്ചു.  ദൈവം വിശ്വസ്തനാണ്. അവിടുന്ന് നമ്മുടെ പിതാവാണ്. അവിടുന്ന് നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്ന പ്രത്യാശയുടെ വാക്കുകളോടെയാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.