2016-02-03 20:19:00

സത്യസന്ധമായ ചരിത്രപഠനം മതസംഘട്ടനങ്ങളുടെ മുറിവുണക്കും : പാപ്പാ ഫ്രാന്‍സിസ്


ഇസ്ലാം ക്രൈസ്തവ പോരാട്ടത്തിന്‍റെ ചരിത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥം പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചു. ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തുര്‍ക്കിയില്‍ നടന്ന ക്രൈസ്തവ-മുസ്ലിം പോരാട്ടത്തിന്‍റെ അത്യപൂര്‍വ്വ ചരിത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥത്തിന്‍റെ തുര്‍ക്കിയിലും ഇറ്റാലിയനിലുമുള്ള പരിഭാഷകള്‍, വിവര്‍ത്തകന്‍ റിനാള്‍ഡോ മര്‍മാരാ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചത്

തുര്‍ക്കികളുടെ മുന്നേറ്റം തടയാന്‍ 1657-ല്‍ ഡാര്‍ഡിനേലി ഉള്‍ക്കടലില്‍വച്ചു നടന്ന ക്രൈസ്തവരുടെ സംയുക്തമായ സൈന്യനീക്കത്തില്‍ അന്നത്തെ വത്തിക്കാന്‍ സംസ്ഥാന സൈന്യം പങ്കെടുത്ത ചരിത്രം വെളിപ്പെടുന്ന മൂലഗ്രന്ഥത്തിന്‍റെ പരിഭാഷയാണ് റിനാള്‍ഡോ മര്‍മാരാ പാപ്പായ്ക്കു സമ്മാനിച്ചത്.

സത്യസന്ധമായ ചരിത്രപഠനം മത-സാമൂഹ്യ സംഘട്ടനങ്ങളുടെ മുറിവുണക്കുവാനും ഓര്‍മ്മകളെ ശുദ്ധികലശംചെയ്യുവാനും സഹായകമാകുമെന്ന്, പുസ്തകത്തിന്‍റെ പ്രതികള്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ പ്രതികരിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അങ്ങനെ വ്യക്തികളിലും സമൂഹങ്ങളിലും ക്ഷമയും അനുരജ്ഞനവും വളരാന്‍ ഇടയാവണമെന്നതാണ് സത്യസന്ധമായ ചരിത്രപുസ്തകങ്ങളുടെ പ്രകാശനംകൊണ്ട് ലക്ഷ്യം വയ്ക്കേണ്ടതെന്നും പാപ്പാ അഭിപ്രായപ്പെട്ടു

രാഷ്ട്രങ്ങളുടെയും മതസമൂഹങ്ങളുടെയും അതിക്രമങ്ങള്‍ക്കെതിരായ പൊതുനിലപാട് സത്യസന്ധമായി മനസ്സിലാക്കിക്കൊണ്ട് സന്മനസ്സുള്ളവര്‍ക്ക് ഒത്തുചേരാനായാല്‍, സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പാതയില്‍ ലോകത്തിനു മുന്നേറാനാകുമെന്നു  പാപ്പാ ഫ്രാന്‍സിസിനെ ഉദ്ദരിച്ചുകൊണ്ട് മാര്‍മാരോ പ്രസ്താവിച്ചു.  (Pope Francis, Address to the Muslim Community In Banqui in CAR).

വത്തിക്കാന്‍ ലൈബ്രറിയിലെ ലത്തീന്‍ കൈയ്യെഴുത്തു പ്രതിയിലുള്ള അത്യപൂര്‍വ്വമായ മൂലരേഖയുടെ വിവര്‍ത്തനങ്ങളാണ് പരിഭാഷകന്‍ മര്‍മാരാ പാപ്പായ്ക്കു സമര്‍പ്പിച്ചത്.

ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ നീചമായ കൊലപാതകങ്ങള്‍ ഒറ്റയായും കൂട്ടമായും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ഇക്കാലഘട്ടത്തില്‍, വെറുപ്പും വൈരാഗ്യവും വെടിഞ്ഞ് ലോകത്ത് സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പരത്തുവാനും, സമാധാനത്തിനുള്ള അവബോധം വളര്‍ത്തുവാനും സത്യസന്ധമായ ചരിത്രപഠനം സഹായകമാകുമെന്ന് മര്‍മാരാ വത്തിക്കാന്‍ റേ‍ഡിയോയ്ക്കു പിന്നീടു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.  ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരങ്ങളാണ്. അതിക്രമങ്ങളെയും വംശീയ വിദ്വേഷത്തെയും ഇരുസമൂഹങ്ങളും ഒരുമിച്ചു അപലപിക്കുകയും, ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് മര്‍മാരാ തന്‍റെ ഉദ്യമത്തിന്‍റെ സദുദ്ദേശ്യം പ്രസ്താവനയില്‍ വിവരിച്ചു








All the contents on this site are copyrighted ©.