2016-01-30 18:26:00

നല്കലും പങ്കുവയ്ക്കലും ക്രിസ്തു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്‍റെ വീക്ഷണം


വിശുദ്ധ ലൂക്കായുടെ സുവിശേഷം 4, 21-30 ആണ്ടുവട്ടം നാലാംവാരം

അവിടുന്ന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തുകള്‍ നിറവേറിയിരിക്കുന്നു. എല്ലാവരും അവിടുത്തെപ്പറ്റി പ്രശംസിച്ചു പറയുകയും അവിടുത്തെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. ഇയാള്‍ ജോസഫിന്‍റെ മകനല്ലേ, എന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ അവിടുന്നു അവരോടു പറഞ്ഞു. വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ടു തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ണാമില്‍ നീ ചെയ്ത അത്ഭുതങ്ങള്‍ ഇവിടെ നിന്‍റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.

ഇന്നത്തെ സുവിശേഷത്തില്‍, ഈശോ സ്വന്തം ഗ്രാമമായ നസ്രത്തിലെ സിനഗോഗില്‍ വിശുദ്ധ ഗ്രന്ഥം വായിച്ച സംഭവത്തിന്‍റെ തുടര്‍ച്ചയായ ഭാഗമാണ് വരുന്നത്. വായന കഴിഞ്ഞിട്ട് അവിടുന്നു പറയുന്ന വചനം, ‘നിങ്ങള്‍ കേട്ട ഈ ലിഖിതം ഇന്ന് പൂര്‍ത്തിയായിരിക്കുന്നു, നിറവേറിയിരിക്കുന്നു,’ എന്നാണ്. ക്രിസ്തു വായിച്ചത് ഏശയായുടെ പുസ്തകത്തില്‍നിന്നുമാണ്. കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട് ദരിദ്രരോട് സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു, അയച്ചിരിക്കുന്നു. വായന കഴിഞ്ഞ്, ഗ്രന്ഥം അടച്ച് അവിടുന്നു പറഞ്ഞത്, ഇന്ന് ഈ തിരുവെഴുത്ത് തന്നില്‍ പൂര്‍ത്തിയായെന്നാണ്. അര്‍ത്ഥം - വിശുദ്ധ ലിഖിതത്തിന്‍റെ വെളിച്ചത്തില്‍ ഈശോ തന്‍റെ ജീവിതത്തെ വായിക്കുകയാണ്. തന്‍റെ ജീവിതത്തെ, ക്രിസ്തു ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ കാണാന്‍ ശ്രമിക്കുകയാണ്. എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ കണ്ണുകളിലൂടെ, മനസ്സിലൂടെ, ഹൃദയത്തിലൂടെ സ്വന്തം ജീവിതത്തെ വീക്ഷിക്കുകയും അങ്ങനെ അവലോകനംചെയ്യാന്‍ ഈശോ ശ്രമിക്കുന്നു. ഇന്നു ദൈവവചനം എന്നില്‍ പൂര്‍ത്തിയായിരിക്കുന്നു. ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണുക. ദൈവത്തിന്‍റെ കണ്ണുകളിലൂടെ  ജീവിതത്തെ ദര്‍ശിക്കുക.

പഴയൊരു സിനിമയുണ്ടു മലയാളത്തില്‍ Life is beautiful, ജീവിതം സുന്ദരമാണ്. മോഹന്‍ ലാലിന്‍റെ ചിത്രമാണ്. അദ്ദേഹമാണ് പ്രധാന കഥാപാത്രം. ഒരു സ്ക്കൂള്‍ അദ്ധ്യാപകന്‍! വളരെ നല്ല അദ്ധ്യാപകനായതുകൊണ്ട് സഹഅദ്ധ്യാപകന്മാര്‍ക്ക് സ്വാഭാവികമായും തോന്നാവുന്ന ആസൂയ അവിടെയും ഉണ്ടാകുന്നു. നല്ല അദ്ധ്യാപകന്‍റെ ക്ലാസ്സില്‍ സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ മാത്രമല്ല. ചിലപ്പോള്‍ അടുത്ത ക്ലാസ്സിലെ കുട്ടികള്‍പോലും സൗകര്യപ്പെടുമ്പോഴെല്ലാം വന്നിരിക്കാറുണ്ട്. മറ്റ് അദ്ധ്യാപകര്‍ക്ക് ഇദ്ദേഹത്തോട് അസൂയയുള്ളതുകൊണ്ടുതന്നെ.

ഒരിക്കല്‍ അദ്ദേഹം ക്ലാസിലേയ്ക്കു പോകുംവഴി, എതിരെ വന്ന സഹഅദ്ധ്യാപകന്‍റെ ചോദ്യം, എന്താ, സാറേ ഇന്ന് അങ്ങ് ക്ലാസ്സില്‍ ഇറക്കാന്‍ പോകുന്ന പുതിയ നമ്പര്‍...? അദ്ധ്യാപകന്‍, മോഹന്‍ലാല്‍ പ്രതികരിച്ചില്ല. അപ്പോള്‍ സഹാദ്ധ്യാപകന്‍ പറയുകയാണ്... ഒന്നുമില്ലെങ്കില്‍ ഇങ്ങേര് ഒരു കാര്യം ചെയ്യ്... മേശപ്പുറത്ത് കയറിനിന്നു പഠിപ്പിക്ക്! മണിയടിച്ചു. ക്ലാസ്സു തുടങ്ങി. അപ്പോഴിതാ, മോഹന്‍ലാല്‍ മേശപ്പുറത്ത്, പഠിപ്പിക്കാന്‍ കയറിനില്ക്കുന്നു.

കുട്ടികള്‍ക്ക് ഇതില്‍പ്പരം സന്തോഷം ഉണ്ടാകാനുണ്ടോ?! കാരണം സാധാരണ വല്ലപ്പുഴുമൊക്കെ കുസൃതികളായ കുട്ടികളെയാണ് അദ്ധ്യാപന്‍ മേശപ്പുറത്തു കയറ്റി നിരുത്തിയിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോഴിതാ, അദ്ധ്യാപകന്‍തന്നെ മേശപ്പുറത്തു കയറിനില്ക്കുന്നു. അവിടെനിന്നുകൊണ്ട് അദ്ദേഹം ക്ലാസ്സ് ആരംഭിക്കുകയാണ്. തുടങ്ങുന്നത് ഇങ്ങനെയാണ്. ഞാന്‍ ഇവിടെ നിന്നുകൊണ്ട് നിങ്ങളെ നോക്കുമ്പോള്‍ ഇന്നലെക്കണ്ട മുഖങ്ങളല്ല ഇന്നു കാണുന്നത്. താഴെനിന്ന് ഞാന്‍ പതിവായി നോക്കുമ്പോള്‍ കാണുന്ന മുഖമല്ല ഇപ്പോള്‍ കാണുന്നത്. എന്താ, സംശയം വല്ലതുമുണ്ടോ. ഇല്ലല്ലോ?!

കുട്ടികള്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി. അവര്‍ക്ക് ഇതുകണ്ടിട്ട് സന്തോഷം അടക്കാന്‍ വയ്യ! അപ്പോള്‍ ആദ്യം മുന്നില്‍ ഇരിക്കുന്ന കുട്ടിയോട് ഡെസ്ക്കിന്‍റെ മുകലില്‍ കയറാന്‍ സാറു പറഞ്ഞു. എന്നിട്ടു ചോദിച്ചു നിന്‍റെ കൂട്ടുകാരെ, സഹവിദ്യാര്‍ത്ഥികളെ നോക്കൂ... നീ സാധാരണ കാണുന്നതില്‍നിന്നും വ്യത്യാസ്തമായിട്ടല്ലെ കാണുന്നത്. പിന്നെ ഒന്നൊന്നായി ക്ലാസ്സില്‍ എല്ലാ കുട്ടികളോടും ‍ഡെസ്ക്കിന്‍റെ മുകളില്‍ കയറിനില്ക്കാന്‍ പറഞ്ഞു. ഇതാ, മെല്ലെ എല്ലാക്കുട്ടികളും അവരവരുടെ ഡെസ്ക്കിന്‍റെ മുകളില്‍ കയറിനില്ക്കുന്നു. എന്നിട്ടാണ് കാഴ്ചപ്പാട്, ജീവിത കാഴ്ചപ്പാട്, വീക്ഷണം എന്ന വിശയത്തെക്കുറിച്ച് അദ്ധ്യാപകന്‍ ക്ലാസ്സെടുക്കാന്‍ തുടങ്ങിയത്.

ഇതാണു ശരി! പലപ്പോഴും നാം എല്ലാം നമ്മുടെ കണ്ണുകളിലൂടെ മാത്രമാണ് കാണുന്നത്. ഇത് സ്വാഭാവികമാണു താനും. എന്നാല്‍ ഈശോ തിരുവചനത്തിലൂടെ പറയുന്നത്, ദൈവത്തിന്‍റെ കണ്ണുകളിലൂടെ, ദൈവവചനത്തിലൂടെ, ദൈവഹിതത്തിലൂടെ, അവിടുത്തെ മനസ്സിലൂടെ, ദൈവത്തിന്‍റെ ഹൃദയത്തിലൂടെ കാണാവാനുള്ള തുറവുണ്ടായിരിക്കുക എന്നാണ്.

പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നതാണ്. അദ്ദേഹം എല്ലാദിവസവും വെളുപ്പിന് അഞ്ചുമണിക്കു മുന്‍പുതന്നെ എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയിലെത്തും. രാവിലെ 7 മണിക്ക് ദിവ്യബലി ആരംഭിക്കുന്നതിനുമുന്‍പേ...ചാപ്പലിലെത്തി പാപ്പാ അവിടെ ധ്യാനത്തിലും, പ്രാര്‍ത്ഥനയിലുമായി പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ ഇരിക്കുകയാണ്, ചിലവഴിക്കുകയാണ് പതിവ്. അതാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ ജീവിതത്തിന്‍റെ ശക്തി. മുഴുവന്‍ ജീവിതത്തിന്‍റെയും ചൈതന്യവും ധൈര്യവും, എല്ലാം ശേഖരിക്കുന്നത് അവിടെനിന്നുമാണ്. അവിടെ എന്താണ് സംഭവിക്കുന്നത്...? ദൈവത്തിന്‍റെ കണ്ണുകളിലൂടെ സ്വന്തം ജീവിതത്തെയും മറ്റുള്ളവരെയും ലോകത്തിന്‍റേതും മൊത്തമായി നോക്കി കാണുവാനുള്ള ശ്രമമാണത്! അവിടെനിന്നുമാണ് പാപ്പാ കരുത്താര്‍ജ്ജിക്കുന്നത്.

ഈശോ വചനത്തില്‍ പറയുന്നു, ഇന്ന് ഈ ലിഖിതം, ഈ തിരുവെഴുത്ത് തന്നില്‍ പൂര്‍ത്തിയായിരിക്കുന്നു. തിരുവചനത്തിലൂടെ, ദൈവത്തിന്‍റെ കണ്ണുകളിലൂടെ എന്‍റെ ജീവിതത്തെ നോക്കിക്കാണാന്‍ ഈശോ എന്നോട് ആവശ്യപ്പെടുന്നു. ലിഖിതം തന്നില്‍ പൂര്‍ത്തിയായി എന്നു ഈശോ പറഞ്ഞുകഴിഞ്ഞ ഉടനെതന്നെ നാട്ടുകാര്‍ പ്രതികരിക്കുന്നൊരു രീതിയുണ്ട്. അതായത്, ഹാ...!! ഇവന്‍ ജോസഫിന്‍റെ മകനല്ലേ?!!! എന്നു പറഞ്ഞാല്‍ ഇപ്പോള്‍ അവിടുന്ന് അവകാശപ്പെടുന്ന രീതിയില്‍ അവര്‍ അവിശ്വസിക്കുന്ന ഒരവസ്ഥയാണ്. എന്നാല്‍ ഈശോ അതിനോടു പ്രതികരിക്കുന്നത് രണ്ടു സംഭവങ്ങള്‍ പറഞ്ഞുകൊണ്ടാണ്.

അതില്‍ ഒന്നാമത്തേത്.. ഏലിയായുടെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു. എങ്കിലും സെറേഫാത്തിലെ വിധവയുടെ പക്കലേയ്ക്കു മാത്രമേ പ്രവാചകന്‍ അയക്കപ്പെട്ടിട്ടുള്ളൂ. അത് പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍, (1 രാജാ. 17.. അദ്ധ്യായത്തില്‍) രസകരമായ കഥയാണ്. ആഹാബ് രാജാവ് ഇസ്രായേല്‍ ഭരിച്ചുകൊണ്ടിരുന്ന കാലം.. ഇസ്രായേലിന്‍റെ വടക്കന്‍ രാജ്യത്ത് ഏലിയാ പ്രവചിച്ചു. അവിടെ മഞ്ഞോ, മഴയോ പെയ്യുകയില്ല. മഞ്ഞും മഴയുമില്ലാതെ ജനങ്ങള്‍ വിഷമിക്കുന്ന കാലത്ത് ഇദ്ദേഹത്തോട് പോയി ഒളിച്ചു താമസിക്കാന്‍ ദൈവം പറയുന്നത് ജോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിയുടെ സമീപത്താണ്. കുറെക്കഴിഞ്ഞപ്പോള്‍ കെരിത്ത് അരുവിയും വറ്റി. കെരീത്ത് അരുവിയും പറ്റിയപ്പോള്‍ പിന്നെ ദൈവം ഏലിയായോട് ആവശ്യപ്പെട്ടതാണ് നീ സെറാപ്തായിലെ വിധവയുടെ പക്കലേയ്ക്കു ചെല്ലുകയെന്ന്. അവിടെ ചെന്നപ്പോള്‍ നഗര കവാടത്തില്‍വച്ചുതന്നെ പ്രവാചകന്‍ വിധവയെക്കാണുന്നു. വിധവ എന്താണു ചെയ്യുന്നത്? വിറകു ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ വിധവയോട് ആദ്യം വെള്ളവും പിന്നെ അപ്പവും ചോദിച്ചു. അപ്പോള്‍ അവള്‍ പറയുകയാണ് ഒരു പിടിമാവേ ഇനി ബാക്കിയുള്ളൂ....മിച്ചമുള്ളൂ. അതുകൊണ്ട് അപ്പമുണ്ടാക്കി ഞാനും എന്‍റെ മകനും കഴിച്ചതിനുശേഷം ഞങ്ങള്‍ മരിക്കാന്‍ ഒരുങ്ങുകയാണ്. ഞങ്ങള്‍ മരണത്തിനായി കാത്തിരിക്കുകയാണ്. അതിനുവേണ്ടിയാണ് ഈ വിറകു ശേഖരിക്കുന്നത്.

അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു, നീ ഒരു കാര്യം ചെയ്യ്, നീ ആദ്യം അപ്പമുണ്ടാക്കി, അതില്‍ ഒരെണ്ണം എനിക്കു തരിക. എന്നിട്ട് ബാക്കിയുള്ളത് നിങ്ങള്‍ കഴിക്ക്. പ്രാവചക വാക്യം അവള്‍, വിധവ അതുപിടി അനുസരിച്ചു. അപ്പമുണ്ടാക്കി ആദ്യം ഏലിയാ പ്രവാചകനു കൊടുത്തപ്പോള്‍ എന്താണ് സംഭവിച്ചത്? വചനം പറയുന്നത്, പിന്നീട് അവളുടെ കലത്തിലെ മാവ് തീര്‍ന്നുപോയിട്ടില്ല. അവളുടെ കുപ്പിയിലെ, ഭരണിയിലെ എണ്ണ വറ്റിയിട്ടില്ലെന്നാണ്. എന്തെന്നാല്‍ അപ്രകാരം കല്പിച്ചത് ദൈവമായ കര്‍ത്താവാണ്, ഇനി മഴയും മഞ്ഞു ഉണ്ടുകുന്നതുവരെ അവളുടെ കലത്തിലെ മാവു തീര്‍ന്നുപോകയോ, ഭരണിയിലെ എണ്ണ വറ്റുകയോ ചെയ്യുകയില്ലെന്ന്, പ്രവാചകന്‍ അരുള്‍ചെയ്തു. അപ്രകാരം അതെല്ലാം സംഭവിക്കുകതന്നെ ചെയ്തു. ഇതാ, മഹാത്ഭുതം!!

ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതാണ് നാം മുന്നേ പറഞ്ഞ ദൈവത്തിന്‍റെ കണ്ണുകളിലൂടെയുള്ള വീക്ഷണം. The perspective of God! കയ്യില്‍ ഒന്നിമില്ലാതിരിക്കുമ്പോള്‍, അല്ലെങ്കില്‍ കുറച്ചു മാത്രമുള്ളപ്പോള്‍ അതില്‍നിന്നും കൊടുക്കുവാന്‍ സന്നദ്ധമാകുക മാത്രമല്ല, കൊടുക്കുന്നത് ഒരു Divine Perspective-വാണ്! ആ കാഴ്ചപ്പാടുള്ളവര്‍ക്കേ കൊടുക്കാന്‍ പറ്റൂ. എന്ത്? സ്വന്തം ജീവന്‍പോലും, സ്വന്തം കുഞ്ഞിന്‍റെ ജീവന്‍പോലും അപകടത്തിലാക്കിക്കൊണ്ട് ഔദാര്യത്തോടെ പ്രവാചകനു കൊടുക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഒരിക്കലും തീര്‍ന്നുപോകാത്തൊരു ദൈവിക സമൃദ്ധിയുടെ ധാരാളിത്തത്വത്തിന്‍റെ അനുഭവം അവിടെയുണ്ടാകുന്നു. കലത്തിലെ മാവു ഒരിക്കലും തീരുന്നില്ല, ഭരണയിലെ എണ്ണ വറ്റുന്നില്ല. 

സമാനാമായ രണ്ടാമത്തെ സംഭവം... എലിയായ്ക്ക് സമാനമായി വരുന്ന പ്രവാചകന്‍ എലീഷാ പറയുന്നത് നാമാന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. നാമാന്‍ മാത്രമേ സൗഖ്യപ്പെടുത്തപ്പെട്ടിട്ടുള്ളൂ.. നാമാന്‍, ഡമാസ്ക്കസിലെ നാമാന്‍. സിറിയിലെ രാജാവിന്‍റെ സൈന്യാധിപനായിരുന്ന നാമാന്‍... സൗഖ്യത്തിതനായി എലീഷായുടെ പക്കലേയ്ക്ക് അയക്കപ്പെടുകയാണ് (2 രാജാ. 5, 1-19). അയാളോട് പ്രവാചകന്‍ ആവശ്യപ്പെടുന്നത്, നീ ജോര്‍ദ്ദാന്‍ നദിയില്‍പ്പോഴി ഏഴുപ്രാവശ്യം മുങ്ങണമെന്നാണ്. ആദ്യം സംശയിച്ചെങ്കിലും, അയാള്‍ പോയി പ്രവാചകന്‍ എലീഷ പറഞ്ഞെതെല്ലാം ചെയ്തു ജോര്‍ദ്ദാനില്‍ മുങ്ങി.

ശ്രദ്ധിക്കേണ്ടത് ഇതിനുശേഷം നടക്കുന്ന സംഭവമാണ്. സന്തോഷവും നന്ദിയുംകൊണ്ട് നാമാന്‍ പ്രവാചകനോടു പറഞ്ഞു. അങ്ങ് എന്തു സമ്മാനം വേണമെങ്കിലും ചോദിച്ചുകൊള്ളൂ, അത് തന്നുകൊള്ളാമെന്ന്. പ്രവാചകന്‍ പറഞ്ഞു. ഒരു സമ്മാനോം വേണ്ടാ! ഒരു സമ്മാനവും വേണ്ടായെന്നു പറഞ്ഞ് അയക്കുകയാണ്. എന്നാല്‍ പ്രവാചകന്‍റെ അനുചരനായിട്ടു നിന്നുരുന്നവന്‍ ചെയ്ത കാര്യം ശ്രദ്ധേയമാണ്. ഗഹാസി എന്നു പറയുന്നവന്‍ നാമാന്‍റെ പിറകെപോയി, ഇയാള്‍ തരാമെന്നു പറഞ്ഞ സമ്മാനം മുഴുവന്‍ വാങ്ങിയെടുത്തു. രഹസ്യത്തില്‍ വാങ്ങി വച്ചു. ഇതറിഞ്ഞ പ്രവാചകന്‍.. അനുചരനെ വിളിച്ചു. ഗഹസിയെ വിളിച്ചു. നാമാന്‍റെ പക്കല്‍നിന്നും സമ്മാനം വാങ്ങിയോ എന്നു  ചോദിച്ചു. ഉടനെ അവന്‍ കള്ളംപറയാന്‍ തുടങ്ങി. അര്‍ഹിക്കാത്തതു നീ വാങ്ങിയെടുത്തതുകൊണ്ട് നാമാന്‍റെ കുഷ്ഠം നിന്നിലേയ്ക്കും, നിന്‍റെ സന്തതികളിലേയ്ക്കും കയറിപ്പടരട്ടെ! ഗഹസി ചെയ്തത് ദൈവകകാഴ്ചപ്പാടിനു വിരുദ്ധമാണ്. എന്തു കിട്ടും, എന്തു കിട്ടും എന്നുമാത്രമല്ല ചിന്ത! എന്തു, എങ്ങനെ മേടിച്ചെടുക്കാമെന്നുള്ള ചിന്ത! എനിക്കെന്തു കൊടുക്കാനാകുമെന്നുള്ള ചിന്ത ദൈവികമാണ്, അത് ദൈവിക കാഴ്ചപ്പാടാണ്. അത്  Divine Perspective-വാണ്.  ദൈവത്തിന്‍റെ സ്വഭാവമതാണ്. ദൈവത്തിന്‍റെ കാഴ്ചപ്പാടതാണ്. ദൈവത്തിനു വിരുദ്ധമായ കാഴ്ചപ്പാടിലേയ്ക്കു വരുമ്പോള്‍ എന്താണു സംഭവിക്കുന്നത്? കുഷ്ഠം!!

ഇന്ന് നമ്മുടെ ആത്മീയ മേഖലയില്‍ സംഭവിക്കുന്ന വിലയ അപകടമുണ്ട്. ക്രിസ്തു പറഞ്ഞതാണ്, ദൈവത്തെയും മാമോനേയും, അതായത് പണം.... ദൈവത്തെയും പണത്തെയും ഒരേസമയത്ത് സേവിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇന്ന് പല ആത്മീയ മേഖലകളിലും എന്താണ് സംഭവിക്കുന്നത്. എന്താണ് താല്പര്യം? എന്തുമേടിക്കാം, എന്തു കിട്ടും, എന്തു കിട്ടും എന്നാണ്. എന്തു സ്വന്തമാക്കാമെന്നാണ്, എല്ലാവരുടെയും കണക്കുകൂട്ടല്‍! പണം, പണം, പണം എന്ന ചിന്തയാണ്  മനസ്സില്‍ എപ്പോഴും!! ഇത് Divine Perspective അല്ല. സംഭവിച്ചത് മറക്കാതിരിക്കുക!? എല്ലാം വാങ്ങിക്കൂട്ടാന്‍ ഗഹസി ശ്രമിച്ചപ്പോള്‍, ആത്മീയ മേഖലയില്‍ സമ്പത്തു വാങ്ങിക്കൂട്ടാന്‍ ശ്രമിച്ചപ്പോള്‍. എന്താണു സംഭവിച്ചത്? കുഷ്ഠം! കുഷ്ഠം പിടിക്കുവാനുള്ള സാദ്ധ്യത. എലീഷാ പ്രവാചകന്‍ പറഞ്ഞതുപോലെ, നാമാന്‍റെ കുഷ്ഠം നിന്നിലേയ്ക്കും നിന്‍റെ സന്തതികളിലേയ്ക്കും പടരും! ഇതാ, അത് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആത്മീയ മേഖലയില്‍ കുഷ്ഠം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. എവിടെയും സമ്പത്തിനുള്ള ആര്‍ത്തി, ആഗ്രഹം വര്‍ദ്ധിച്ചുവരുന്നു. ആത്മീയ മേഖലകളൊക്കെ കുഷ്ഠത്തിന്‍റെ പിടിയിലായി വരുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം. ഈശോയേ... നിന്‍റെ കാഴ്ചപ്പാട് എനിക്കു തരിക! നിന്‍റെ കണ്ണുകളിലൂടെ കാണാന്‍. നിന്‍റെ കണ്ണുകളിലൂടെ എന്‍റെ ജീവിതത്തെയും ജീവിതത്തിന്‍റെ അനുഭവങ്ങളെയും വായിച്ചറിയാന്‍. അങ്ങനെ നിന്‍റെ തിരുഹിതം ജീവിതത്തില്‍ സംഭവിക്കുന്നതു മനസ്സിലാക്കുവാനുള്ള വലിയ കൃപ ഈശോയേ, ഞങ്ങള്‍ക്കു തരണമേ! അങ്ങേ കാഴ്ചപ്പാടനുസരിച്ച്, നിന്‍റെ ഹൃദയത്തിന്‍റെ ഭാവ അനുസരിച്ച് കൊടുക്കാന്‍... എന്‍റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യമുള്ളതുപോലും കൊടുക്കുവാന്‍.... അപകടപ്പെടുത്തിക്കൊണ്ടുപോലും കൊടുക്കുവാനുള്ള ദൈവിക കാഴ്ചപ്പാട് എനിക്ക് തരേണമേ... മറ്റേക്കാഴ്ചപ്പാട്, എല്ലാ മേടിച്ചെടുക്കുവാനുള്ള സ്വാര്‍ത്ഥതയുടെ മനോഭാവം നാഥാ, എന്നില്‍നിന്നും അങ്ങ് അകറ്റിക്കളയണമേ... ആമ്മേന്‍!  








All the contents on this site are copyrighted ©.