2016-01-30 12:43:00

കാരുണ്യം നമ്മെ കരുണയുടെ പ്രേഷിതരാക്കുന്നു


     ദൈവം നമ്മില്‍ ചൊരിയുന്ന കാരുണ്യം നമ്മെ കരുണയുടെ പ്രേഷിതരാക്കി മാറ്റുമെന്ന് മാര്‍പ്പാപ്പാ.

     കരുണയുടെ അസാധാരണ ജൂബിലയോടനുബന്ധിച്ച് ഓരോമാസവും ഓരോ ശനിയാഴ്ച പ്രത്യേക കൂടിക്കാഴ്ച അനുവദിക്കുന്നതിന്‍റെ ഭാഗമായി ഈ ശനിയാഴ്ച (30/01/16) ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ രൂപത്തില്‍ അനുവദിച്ച പൊതുദര്‍ശനവേളയില്‍ നല്കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

    ജൂബിലിവത്സര പ്രത്യേക പൊതുകൂടിക്കാഴ്ചയില്‍‍ ആദ്യത്തേതായിരുന്നു ഇത്.

     കാരുണ്യവും പ്രേഷിതത്വവും തമ്മിലുള്ള വിസ്മയകരവും അഭേദ്യവുമായ ബന്ധം പാപ്പാ ഈ കൂടിക്കാഴ്ച‍ാവേളയില്‍ എടുത്തുകാട്ടി.

     സുവിശേഷത്തിന്‍റെ പ്രേഷിതരായിരിക്കുകയെന്ന കടമ നമ്മില്‍ ക്രൈസ്തവരെന്ന നിലയില്‍ നിക്ഷിപ്തമാണെന്ന വസ്തുത അനുസ്മരിപ്പിച്ച പാപ്പാ നല്ല വര്‍ത്തകള്‍ കിട്ടിക്കഴിയുമ്പോള്‍ അതില്‍ നിന്നുളവാകുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള നമ്മുടെ സ്വാഭാവിക പ്രവണതയെപ്പറ്റി സൂചിക്കുകയും നമ്മിലുണ്ടാകുന്ന ആ ആനന്ദം നമ്മെ അത് പകര്‍ന്നു നല്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് വിശദീകരിക്കുകയും ചെയ്തു.

     ഇതുതന്നെയായിരിക്കണം കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയുടെയും ഫലം എന്നുദ്ബോധിപ്പിച്ച പാപ്പാ സന്തോഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നനല്കുമ്പോള്‍  നമ്മു‌ടെ ഹൃദയത്തില്‍ സംജാതമാകുന്ന ആനന്ദമാണ് യേശുവുമായുള്ള നമ്മുടെ കണ്ടുമുട്ടലിന്‍റെ  സമൂര്‍ത്ത അടയാളം എന്ന് പ്രസ്താവിച്ചു.

     ദൈവപിതാവില്‍ നിന്ന് നാം സ്വീകരിക്കുന്ന കാരുണ്യം നമുക്കു മാത്രമുള്ള ഒരാശ്വാസമായി നല്കപ്പെടുന്നതല്ല,  മറിച്ച്, മറ്റുള്ളവര്‍ക്കും അതു ലഭിക്കുന്നതിന് നമ്മെ ഉപകരണങ്ങളാക്കി മാറ്റുന്നതാണെന്ന് പാപ്പാ പറഞ്ഞു.

     ദൈവത്തോടു മാപ്പപേക്ഷിക്കുന്നതില്‍ നാം ഒരിക്കലും തളരരുതെന്നും കാരണം നാം ബലഹീനരായിരിക്കുമ്പോള്‍ അവിടത്തെ സാമീപ്യം നമുക്ക് കരുത്തേകുകയും നമ്മു‌ടെ വിശ്വാസം ഉപരിയാനന്ദത്തോടെ ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും പാപ്പാ പ്രചോദനം പകര്‍ന്നു.

     നാം ക്രൈസ്തവരാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പുലര്‍ത്തുകയും വിശ്വാസാനുസൃതം ജീവിക്കുകയും ചെയ്താല്‍ മാത്രമെ വ്യക്തികളുടെ ഹൃദയത്തെ സ്പര്‍ശിക്കാനും സ്നേഹത്തിന്‍റെ കൃപ സ്വീകരിക്കുന്നതിനായി അവരുടെ ഹൃദയം തുറക്കാനും സുവിശേഷത്തിനു കഴിയുകയുള്ളുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  








All the contents on this site are copyrighted ©.