2016-01-28 18:52:00

ജൂബിലിവത്സരത്തിലെ ലോകാരോഗ്യദിനം നസ്രത്തില്‍ ആചരിക്കും


ജൂബിലിവര്‍ഷത്തെ “ലോകാരോഗ്യദിനം” (24th World Day of the Sick, 11th February 2016) ആചരിക്കാന്‍ നസ്രത്തു ഗ്രാമം ഒരുങ്ങുമെന്ന്, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗമണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. ആഗോളസഭ ആചരിക്കുന്ന 24-ാമത്തെ ലോക ആരോഗ്യദിനമാണിത്.

ഫെബ്രുവരി 11-ാം ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ആചരിക്കുന്ന ലോകാരോഗ്യദിനം, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ളതനുസരിച്ച് ഇക്കുറി ഈശോയുടെ ഗ്രാമമായ വിശുദ്ധനാട്ടിലെ നസ്രത്തില്‍ ആചരിക്കുമെന്ന്, ഇതു സംബന്ധിച്ച് ജനുവരി 28-ാം തിയതി വ്യാഴാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സിഗമണ്ട് സിമോസ്ക്കി വിശദീകരിച്ചു.

കാനായിലെ കല്യാണവീട്ടിലെ പരിചാരകരോട് യേശുവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയമാണ് പറഞ്ഞത്, ‘അവിടുന്നു പറയുന്നതുപോലെ ചെയ്യുക’ (യോഹ.2, 5). “മറിയത്തെപ്പോലെ കരുണാര്‍ദ്രനായ ക്രിസ്തുവില്‍ എല്ലാം ഭരമേല്പിച്ചുകൊണ്ട്...” എന്ന ശീര്‍ഷകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച 24-ാമത് ലോകാരോഗ്യദിന സന്ദേശത്തിലാണ് ഈദിനം നസ്രത്തുഗ്രാമത്തില്‍ ആചരിക്കുന്ന കാര്യം മുന്‍കൂട്ടി പ്രസ്താവിച്ചിട്ടുള്ളത്.

‘കര്‍ത്താവിന്‍റെ ആരൂപിയാല്‍ നിറഞ്ഞ് അന്ധര്‍ക്ക് കാഴ്ചയും, ബധിരര്‍ക്ക് കേള്‍വിയും, രോഗികള്‍ക്ക് സൗഖ്യവും, ബന്ധിതര്‍ക്ക് മോചനവും നല്കുവാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു’ (ലൂക്ക 4, 2). ക്രിസ്തു ഇങ്ങനെ പ്രഖ്യാപിച്ച സ്ഥലമാണ് നസ്രത്ത്. അവിടത്തെ സിനഗോഗിന്‍റെ സ്ഥാനത്തു നടത്തപ്പെടുന്ന ലോക ആരോഗ്യദിനത്തിന്‍റെ പ്രത്യേക ആചരണംവഴി ആഗോളസഭയുടെ രോഗീപരിചരണ മേഖലയില്‍ ആഴമുള്ളതും ആത്മാര്‍ത്ഥവുമായ ആത്മീയചൈതന്യവും സമര്‍പ്പണവും ഉണ്ടാകണമെന്നാണ് സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നത്.

 








All the contents on this site are copyrighted ©.