2016-01-28 09:11:00

ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് വത്തിക്കാന്‍


ഇസ്രായേല്‍, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബെര്‍‌ണദീത്തോ ഔസാ അഭ്യര്‍ത്ഥിച്ചു.

ജനുവരി 27-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാകൗണ്‍സിലിന്‍റെ തുറന്ന സംവാദത്തിലാണ് ഇസ്രായേല്‍ പലസ്തീന സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ പേരില്‍ ആവര്‍ത്തിച്ചത്.  സുസ്ഥിരവും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തില്‍ എത്തിച്ചേരുന്നതിനു പകരം ഇരുപക്ഷത്തും നിര്‍ദ്ദോഷികളുടെ ജീവഹാനിക്കും പീ‍ഡനങ്ങള്‍ക്കും കാരണമാക്കുന്ന അടിസ്ഥാനരഹിതമായ സന്ധിസംഭാഷണങ്ങളിലാണ് മുന്നേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

വിശ്വാസ്യവും സുസ്ഥിരതയുമുള്ള ചര്‍ച്ചകളിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്‍തുണയോടെ പലസ്തീന്‍ ഇസ്രായേല്‍ തലവന്മാര്‍ തമ്മില്‍ വിട്ടുവീഴ്ചകളോടെ ധൈര്യപൂര്‍വ്വകമായ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ ഇരുപക്ഷത്തെ ജനങ്ങള്‍ക്കും സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായം പ്രകടിപ്പിച്ചു.

ഇരുരാഷ്ട്രങ്ങളിലെയും ക്രൈസ്തവരുടെ ജീവിതങ്ങള്‍ക്ക് സുരക്ഷയും ന്യായമായ മതസ്വാതന്ത്ര്യവും ലഭ്യമാക്കുന്ന കരാര്‍ 2016 ജനുവരി 2-ന് പ്രാബല്യത്തില്‍ വരത്തക്കവിധം രൂപപ്പെടുത്താന്‍  സാധിച്ചത് ആര്‍ച്ചുബിഷപ്പ് ഔസോ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 16-ന് ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്നതും, ജര്‍മ്മനി, കുവൈറ്റ്, നോര്‍വേ എന്നീ രാഷ്ട്രങ്ങള്‍, യുഎന്‍ പ്രതിനിധികള്‍ക്കൊപ്പം സമ്മേളിക്കുന്നതുമായ മാനവികതയുടെ നാലാമത് സംഗമത്തില്‍ (Humanitarian IV Conference) മദ്ധ്യപൂര്‍വ്വദേശത്തെ വേദനിക്കുന്ന ജനതകളുടെ മുറവിളി, വിശിഷ്യാ ഇസ്ലായേല്‍ പലസ്തീന്‍ സംഘട്ടനത്തില്‍ ക്ലേശിക്കുന്ന ജനതകളുടെ രോദനം കേള്‍ക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അനുസ്മരിപ്പിച്ചു.

സിറിയിലെ അറബി, മുസ്ലിം ഭൂരിപക്ഷ സമൂഹങ്ങളുടെ സ്വതന്ത്രവും സമാധാനപൂര്‍ണ്ണവുമായ അസ്തിത്വത്തെക്കുറിച്ചും ന്യായമായ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും, തുറവുള്ള സംവാദത്തിലൂടെയും സമാധാനപൂര്‍ണ്ണമായ പരിഹാരവും, സന്തുലിതാവസ്ഥയും സൃഷ്ടിക്കാന്‍ ഐക്യരാഷ്ട്ര സംഘടന മുന്‍കൈ എടുക്കേണ്ടതാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി യുഎന്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.