2016-01-27 19:12:00

ഇറാന്‍റെ പ്രസിഡന്‍റ് റുഹാനി വത്തിക്കാനില്‍


ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.  ജനുവരി 26-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് മദ്ധ്യേഷ്യന്‍ രാജ്യമായ ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനി വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

1999-നുശേഷം വത്തിക്കാനിലെത്തുന്ന ആദ്യത്തെ ഇറാനിയന്‍ പ്രസി‍ഡന്‍റാണ് റുഹാനി. 40 മിനിറ്റു നീണ്ടുനിന്ന അത്യപൂര്‍വ്വമായ കൂടിക്കാഴ്ചയില്‍ മദ്ധ്യപൂര്‍വ്വദേശത്തെ സമാധാനം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അനധികൃത ആയുധവിപണത്തിനുമുള്ള രാഷ്ട്രീയ പ്രതിവിധി, മനുഷ്യാന്തസ്സും മതസ്വാതന്ത്ര്യവും, എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ഇരുപക്ഷവും തമ്മില്‍ തുറന്ന സംവാദം നടന്നതായി വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വെളിപ്പെടുത്തി.

ഇറാന്‍ ലോകരാഷ്ട്രങ്ങളുമായി സന്ധിചേര്‍ന്ന് അടുത്തകാലത്ത് ഒപ്പുവച്ച ആണവനയങ്ങള്‍ സംബന്ധിച്ച ക്രിയാത്മകമായ കരാറും, അതിനെ തുടര്‍ന്ന് ഇറാന്‍റെ മേലുണ്ടായിരുന്ന സാമ്പത്തിക ഉപരോധനങ്ങളുടെ പിന്‍വലിക്കലുമാണ് നവമായ രാഷ്ട്രീയ ചൈതന്യത്തോടെ മുന്നേറുവാന്‍ റുഹാനിക്കു സാധിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വ്യക്തമാക്കി.

പൊതുവായ ആത്മീയമൂല്യങ്ങളെക്കുറിച്ചും വത്തിക്കാനുമായുള്ള നല്ല ബന്ധത്തെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ച റുഹാനി, പാപ്പായോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചപ്പോള്‍, മറിച്ച് സമാധനത്തിന്‍റെയും സംവാദത്തിന്‍റെ പാതയില്‍ മുന്നേറണമെന്ന് റുഹാനിയെ പാപ്പാ  അനുസ്മരിപ്പിച്ചതായും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.