2016-01-25 12:46:00

സുവിശേഷപ്രഘോഷണ ഒരുക്കത്തിന് ആന്തരിക പരിവര്‍ത്തനം ആവശ്യം


     സുവിശേഷപ്രഘോഷണത്തിനുള്ള തക്കതായ ഒരുക്കത്തിന് ആഴമേറിയ പഠനവും, സര്‍വ്വോപരി, ആന്തരിക പരിവര്‍ത്തനവും ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

     റോമിലെ വിവിധ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിനായി ഇറ്റലിയിലെയും ഇതരനാടുകളിലെയും രൂപതകളില്‍നിന്ന് റോമിലെത്തിയിട്ടുള്ള  വൈദികരില്‍ ഒരു വിഭാഗം താമസിക്കുന്ന ലൊമ്പാര്‍ദൊ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നുള്ള എണ്‍പതോളം പേരെ തിങ്കളാഴ്ച (25/01/16) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     റോമില്‍ ചിലവിഴിക്കുന്ന സമയം പഠനത്തിനുമാത്രമുള്ളതല്ല ശരിയായ വൈദിക പരിശീലനത്തിനുമുള്ളതാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.

     ഒരു സാധാരണ വൈദികനായിരിക്കുകയെന്ന പ്രലോഭനത്തില്‍ വീണുപോകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്കിയ പാപ്പാ അങ്ങനെയുള്ള വൈദികന്‍ വൈദിക ശുശ്രൂഷയെ സ്വന്തം നേട്ടങ്ങളുടെയും പ്രശസ്തിയുടെയും പേരിലായിരിക്കും വിലയിരുത്തുകയെന്നും സ്വന്തം ഇഷ്ടം തേടുകയും മന്ദോഷ്ണതയില്‍ നിപതിക്കുകയും മറ്റുള്ളവരുടെ കാര്യത്തില്‍ വേണ്ടത്ര താല്പര്യം പുലര്‍ത്താതിരിക്കുകയും ചെയ്യുമെന്നും പറഞ്ഞു.

     ഒരു സാധാരണ മനുഷ്യനായിരിക്കാന്‍ തീരുമാനിക്കുന്ന വൈദികന്‍ ഇടത്തരക്കാരനോ അതിലും താഴെ നിലവാരമുള്ളവനോ ആയിഭവിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

     ഒരു വൈദികനെ സംബന്ധിച്ചിടത്തോളം സാധാരണത്വം എന്നത് അജപാലന വിശുദ്ധി ആയിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.

     ഇടയന്മാര്‍ ദൈവത്തിന്‍റെ സേവകരും ജനങ്ങളുടെ, പ്രത്യേകിച്ച്, പാവപ്പെട്ടവരുടെ  പിതാക്കന്മാരും ആയരിക്കണമെന്ന് വിശുദ്ധ ചാള്‍സ് ബൊറെമേയൊ ആഗ്രഹിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു.

     രൂപതാവൈദികന്‍ സ്വന്തം മെത്രാനുമായുള്ള നിരന്തര ബന്ധത്തിലായിരിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.    








All the contents on this site are copyrighted ©.