2016-01-23 12:55:00

ദൊമീനിക്കയുടെ പ്രസിഡന്‍റ് ചാള്‍സ് സവരിന്‍ വത്തിക്കാനില്‍


      കോമണ്‍വെല്‍ത്ത് രാഷ്ട്രമായ ദൊമീനിക്കയുടെ പ്രസിഡന്‍റ് ചാള്‍സ് ആഞ്ചലൊ സവരിനെ മാര്‍പ്പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.       

      വെള്ളിയാഴ്ച (22/01/16) ആണ് ഫ്രാന്‍സീസ് പാപ്പാ പ്രസിഡന്‍റ് ചാള്‍സ് സവരിനും പത്നിക്കും അനുചരര്‍ക്കും ദര്‍ശനം അനുവദിച്ചത്.

     കരീബിയന്‍ കടലില്‍ കിടക്കുന്ന ദ്വീപായ ദൊമീനിക്കയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, അന്നാട്ടിലെ സഭാസര്‍ക്കാര്‍ ബന്ധങ്ങള്‍ എന്നിവയും മാനവാന്തസ്സ് ഊട്ടിവളര്‍ത്തുന്നതിനും, യുവജനവിദ്യഭ്യാസത്തിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും കത്തോലിക്കാസഭ ഏകുന്ന സംഭാവനകളും തദ്ദവസരത്തില്‍ ചര്‍ച്ചാവിഷയങ്ങളായി.

     പരിസ്ഥിതിസംരക്ഷണം, കാലാവസ്ഥമാറ്റം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളും ഇരുവരും ചര്‍ച്ചചെയ്തു.

     പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം ചാള്‍സ് സവരിന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ  കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗേറുമായും സംഭാഷണം നടത്തി.

 








All the contents on this site are copyrighted ©.