2016-01-20 18:38:00

കാരുണ്യപ്രവര്‍ത്തികളിലൂടെ സാമൂഹ്യനന്മ കൈവരിക്കാമെന്ന് പാക്കിസ്ഥാനിലെ മെത്രാന്മാര്‍


ജൂബിലിവര്‍ഷത്തില്‍ കുട്ടികളെ കാരുണ്യപ്രവര്‍ത്തികളില്‍ പരിശീലിപ്പിക്കുമെന്ന് പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍റെ സെക്രട്ടിറി, ബിഷപ്പ് ജോസഫ് ആര്‍ഷദ് അറിയിച്ചു.

കുട്ടികളെയും യുവജനങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കരുണ്യപ്രവര്‍ത്തികളില്‍ പരിശീലനം നല്‍കിക്കൊണ്ടും വ്യാപൃതരാക്കിക്കൊണ്ടും, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവത്സരം പാക്കിസ്ഥാനില്‍ പ്രസക്തമാക്കുവാന്‍ കത്തോലിക്കാ നേതൃത്വം പരിശ്രമിക്കുകയാണ്. ഫൈസലാബാദ് രൂപതാദ്ധ്യക്ഷന്‍കൂടിയായ ബിഷപ്പ് ആര്‍ഷദാണ് ദേശീയമെത്രാന്‍ സമിതിക്കുവേണ്ടി നവമായ ഈ പദ്ധതി പ്രസ്താവനയിലൂടെ, വത്തിക്കാന്‍ റേഡിയോയെ അറിയിച്ചത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ, വിശിഷ്യാ കത്തോലിക്കാ സ്ക്കൂളുകളിലൂടെയും കോളെജുകളിലൂടെയും യുവജനങ്ങളെ കാരുണ്യപ്രവര്‍ത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ഇന്ന് പാക്കിസ്ഥാനില്‍ നിലനില്ക്കുന്ന മതമൗലിക ചിന്തയുടെയും വിഭാഗീയതയുടെയും കലുഷിതമായ അന്തരീക്ഷത്തില്‍ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചിന്ത വളര്‍ത്താന്‍ കാരുണ്യപ്രവൃത്തികളുടെ പരിശീലനം വളരുന്ന തലമുറയ്ക്ക് പ്രയോജനപ്രദമാകുന്നുണ്ടെന്ന് ബിഷപ്പ് ആര്‍ഷദ് വിശദമാക്കി.

വര്‍ഗ്ഗീയതയുടെയും മതവിദ്വേഷത്തിന്‍റെയും അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളിലെ സ്ഥാപനങ്ങളാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. അവിടങ്ങളിലെ യുവജനങ്ങളെയും കുട്ടികളെയും കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ട് കരുണയുടെ സന്ദേശം പങ്കുവയ്ക്കുവാനും അതുവഴി സമൂഹത്തെ സാഹോദര്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും ഉണര്‍ത്തുവാനാകുമെന്ന പ്രത്യാശയാണ് ജൂബിലിവര്‍ഷം നല്ക്കുന്നത്. ബിഷപ്പ് ആര്‍ഷദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂല്യാധിഷ്ഠതി വിദ്യഭ്യാസത്തിനു മാത്രമേ രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വരുംതലമുറയെ നന്മയില്‍ വളര്‍ത്തുവാനും പ്രകാശപൂര്‍ണ്ണമാക്കുവാനും സാധിക്കുകയുള്ളൂ. ഈ നവമായ വീക്ഷണത്തിലും ബോധ്യത്തിലുമാണ് ദേശീയതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാരുണ്യവര്‍ഷം ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് ബിഷപ്പ് ആര്‍ഷദ് പറഞ്ഞു.








All the contents on this site are copyrighted ©.