2016-01-16 16:37:00

മനുഷ്യന്‍റെ പരിമിതികളും ദൈവകൃപയുടെ വലിയ ‌അത്ഭുതങ്ങളും


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 1-12

മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ  വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവിടുത്തോടു പറഞ്ഞു. അവര്‍ക്കു വീഞ്ഞില്ല.

യേശു പറഞ്ഞു. സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല. അവിടുത്തെ അമ്മ പരിചാരകരോടു പറഞ്ഞു. അവിടുന്നു പറയുന്നതുപോലെ ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണ  കര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിനും രണ്ടോ മൂന്നോ അളവു വലുപ്പമുണ്ടായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്നും യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്‍റെ അടുത്തുകൊണ്ടു ചെല്ലുവിന്‍ എന്ന് അവിടുന്നു പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. വീഞ്ഞായി മാറിയ വെള്ളം കലവറക്കാകരന്‍ രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു. എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍ നിങ്ങള്‍ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിച്ചു.

ഇതിനുശേഷം അവിടുന്ന് തന്‍റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫര്‍ണാമിലേയ്ക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു.

ഇന്നത്തെ സുവിശേഷത്തില്‍ വിശുദ്ധ യോഹന്നാന്‍ പറയുന്നതനുസരിച്ച്, ജീവിതത്തില്‍ ഈശോ ആദ്യം പ്രവര്‍ത്തിച്ച അത്ഭുതം കാനായിലെ കല്യാണ വിരുന്നിലായിരുന്നു. ഇതില്‍ ശ്രദ്ധേയമാകുന്നൊരു വചനം, സംഭവത്തിന്‍റെ അവസാനം... കലവറക്കാരന്‍ മണവാളനോടു പറയുന്നൊരു വചനമുണ്ട്. “നീ നല്ല വീഞ്ഞ് അവസാനംവരെ സൂക്ഷിച്ചുവല്ലോ?!” അതിനു മുന്‍പു പറഞ്ഞത്, “മേല്‍ത്തരം വീഞ്ഞ് സാധാരണഗതിയില്‍ ആദ്യം വിളമ്പുന്നു. നീ മേല്‍ത്തരം വീഞ്ഞ് അല്ലെങ്കില്‍ നല്ല വീഞ്ഞ് അവാസനംവരെ സൂക്ഷിച്ചുവച്ചുവല്ലോ!”

നമ്മുടെ ജീവിതത്തില്‍ മേല്‍ത്തരം വീഞ്ഞ്, നല്ല വീഞ്ഞ് ഉണ്ടാകുവാനുള്ള സൂത്രം! അതാണ് ഇന്നത്തെ തിരുവചനത്തില്‍ ഈശോ നമ്മോടു പറഞ്ഞുതരുന്നത്. ജീവിതത്തില്‍ ആനന്ദവും നന്മയും നിറയുന്നത് അതിന്‍റെ ആഘോഷങ്ങളിലാണ്. ആഘോഷം അതിന്‍റെ ഒരു പ്രതീകമാണ്. അങ്ങനെ ജീവിതമാകുന്ന ഈ ആഘോഷത്തില്‍, മേല്‍ത്തരം വീഞ്ഞുണ്ടാക്കാന്‍, നല്ല വീഞ്ഞുണ്ടാക്കാന്‍ എന്തുചെയ്യണം? അതിനുള്ള വഴിയാണ് കാനായിലെ അത്ഭുതത്തില്‍‍ ഒളിഞ്ഞു കിടക്കുന്നത്. കാരണം, ഏതു ജീവിതാനുഭവങ്ങളിലും ആരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവങ്ങള്‍! വീഞ്ഞു തീര്‍ന്നുപോകാം.  അത് ഏതു ദിവസം വേണമെങ്കിലും തീര്‍ന്നുപോകാം. ഏത് അവസരത്തതില്‍ വേണമെങ്കിലും തീര്‍ന്നുപോകാം. അത് എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ സംഭവിക്കാം. അങ്ങനെ വീഞ്ഞ് തീര്‍ന്നുപോകുന്ന അനുഭവങ്ങളെ നമുക്ക് രണ്ടുരീതിയില്‍ സമീപിക്കാം.

ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടാകുന്നു, പിന്നെ ജീവിതത്തില്‍ നിരാശയുണ്ടാകുന്നു. എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വരുന്നു. അങ്ങനെ പരാജയത്തിന്‍റെയും നിരാശയുടെയും അവസരങ്ങളെ, വീഞ്ഞു തീര്‍ന്നുപോകുന്ന അവസരങ്ങളെ ഒരു പ്രശ്നമായിട്ടു കാണാം. പ്രശ്നമായിട്ടു കണ്ടാല്‍ എന്താണു സംഭവിക്കുക? സംഭവിക്കുന്നത്, നാം പ്രശ്നങ്ങളില്‍ നിരാശരാകുന്നു, കുടുങ്ങിപ്പോകുന്നു. അതിനോട് പഴിചാരും, പഴിപറയും. ഇതൊരു സമീപനരീതിയാണ്. നേരെ വിരുദ്ധമായൊരു സമീപനമാണ് രണ്ടാമത്തേത്. വീഞ്ഞു തീര്‍ന്നുപോകുന്ന ഏതു അവസരങ്ങളെയും ഒരു സാദ്ധ്യതയായി കാണാം. അതിനെ മേല്‍ത്തരം വീഞ്ഞാക്കി എടുക്കുവാനുള്ള അവസരമായി കാണാം. അപ്പോഴാണ് നമുക്ക് പ്രത്യാശയുണ്ടാകുന്നത്, പ്രത്യാശ ഉളവാകുന്നത്. അങ്ങനെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നല്ല വീഞ്ഞുണ്ടാക്കുവാനുള്ള അവസരമങ്ങളാക്കി മാറ്റാം? അതാണ് സുവിശേഷം നമുക്കിന്ന് പറഞ്ഞു തരുന്നത്.

വീഞ്ഞു തീര്‍ന്നുപോയി എന്നു പറഞ്ഞു തരുന്നത് അമ്മയാണെന്ന കാര്യം മനസ്സിലാക്കണം. യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യകാമറിയമാണ് പറഞ്ഞത്, “മകനേ, അവര്‍ക്കു വീഞ്ഞില്ല!” മാത്രമല്ല, അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ഈശോ ഉടനെ ഇടപെടുകയാണ്. സുവിശേഷത്തില്‍ ഈ സംഭവം തുടങ്ങുമ്പോള്‍ത്തന്നെയുള്ള വചനം പറയുന്നുണ്ട്, ഈശോയുടെ അമ്മയും അവിടെയുണ്ടായിരുന്നു. യേശുവും ക്ഷണിക്കപ്പെട്ടിരുന്നു. ജീവിതത്തില്‍ വീഞ്ഞു തീര്‍ന്നുപോകുന്ന ഏതു അനുഭവത്തിലും ഈ രണ്ടു പേരുമുണ്ട്. ഈശോയുണ്ട്, അവിടുത്തെ അമ്മയുമുണ്ട്. എന്താ ചെയ്യേണ്ടത്? തീര്‍ന്നുപോകുന്ന വീഞ്ഞ്, വീഞ്ഞില്ലാതെ പോകുന്ന ജീവിതത്തിന്‍റെ മണ്‍കലങ്ങള്‍, കര്‍ത്താവിന്‍റെ കരങ്ങളിലേയ്ക്ക് സമര്‍പ്പിക്കാനാവുക. പിന്നെ യേശുവിന്‍റെ ഹിതമനുസരിച്ച്... എല്ലാം അവിടുത്തെ വാക്കുകളില്‍ വെള്ളം നിറയ്ക്കപ്പെടുമ്പോഴാണ് മേല്‍ത്തരം വീഞ്ഞുണ്ടാകുന്നത്. നിന്‍റെ ജീവിതത്തിന്‍റെ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവങ്ങളെ ഈശോയുടെ കരങ്ങളിലേയ്ക്കു സമര്‍പ്പിക്കുവാനും, സമര്‍പ്പിച്ചിട്ട് അവിടുത്തേയ്ക്ക് ഇടപഴകുവാനുമുള്ള അവസരങ്ങളാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നത്, മാനുഷികമായ നമ്മുടെ പരിമിതികള്‍ ദൈവത്തിന്‍റെ സാദ്ധ്യതകളായി മാറുന്നു, കൃപയുടെ വലിയ അത്ഭുതങ്ങളായി അവ പരിവര്‍ത്തനംചെയ്യപ്പെടുന്നു. ആ സാദ്ധ്യതകള്‍ അനന്തമാണ്! മേല്‍ത്തരം വീഞ്ഞ് ഉണ്ടാക്കത്തക്ക രീതികള്‍ അനന്തമായി മാറുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. വീഞ്ഞ് തീര്‍ന്നുപോയ കാര്യം ആദ്യം അറിയുന്നത് അമ്മയാണ്. യേശുവിന്‍റെ അമ്മയാണ്. കല്യാണവീട്ടില്‍ വീഞ്ഞു തര്‍ന്നുപോയെന്ന്!! ഏതു മനുഷ്യന്‍റെ ജീവിതത്തിലും അമ്മയുടെ ഇടപെടല്‍ ഹൃദ്യമാണ്! അമ്മമാരാണ് തിരിച്ചറിയേണ്ടത്. വീഞ്ഞു തീര്‍ന്നുപോകുന്നത് അവര്‍ക്ക് പെട്ടന്ന് അനഭവവേദ്യമാകുന്നു. ജീവിതത്തിന്‍റെ ഇല്ലായ്മകള്‍ തിരിച്ചറിയുന്ന അമ്മമാരാണ് മേല്‍ത്തരം വീഞ്ഞുണ്ടാകുവാനുള്ള സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നത്.

ഒരു സംഭവം പറയാം. ഈയിടെ ഒരു കുടുംബനാഥന്‍ പറഞ്ഞതാണ്. അദ്ദേഹത്തിനു മൂന്നു മക്കളാണ്. അതില്‍ ഇളയത് രണ്ട് ഇരട്ടക്കുട്ടികളായിരുന്നു! രണ്ടും ഭിന്നശേഷിയുള്ളവര്‍, അല്ലെങ്കില്‍ ബുദ്ധി വികസിക്കാത്തവര്‍! ചെറുപ്പംമുതലേ രണ്ടുപേര്‍ക്കും എഴുന്നേറ്റു നടക്കുവാന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നു.  അത്രത്തോളം ബുദ്ധി വികാസമില്ലായിരുന്നു. അതില്‍ ഇളയവന്‍റെ കാര്യം തീരെ പോക്കാണ്. പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. അവരെ ആ മനുഷ്യന്‍ വളര്‍ത്തി. ഒരാള്‍ 13-ാമത്തെ വസ്സില്‍ മരിച്ചു. മറ്റെയാള്‍ പിന്നെയും 6 മാസം കഴിഞ്ഞപ്പോള്‍ അന്തരിച്ചു. അങ്ങനെ രണ്ടു കുട്ടികളും കടന്നുപോയി. മരണ സര്‍ട്ടിഫിക്കറ്റു മറ്റു രേഖകളും ശരിയാക്കുന്നതിനായി സര്‍ക്കാര്‍ ആഫീസില്‍ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി ചെന്ന ദിവസം. സന്ദര്‍ഭവശാല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൂട്ടുകാരനായിരുന്നു. ചെന്നതിന്‍റെ ഉദ്ദേശം ആരാഞ്ഞു. ഈ രണ്ടു കുഞ്ഞുങ്ങളെയും വേര്‍പിരിഞ്ഞതിന്‍റെ... നഷ്ടമായതിന്‍റെ സങ്കടത്തില്‍ നില്ക്കുമ്പോഴാണ്... കൂട്ടുകാരന്‍ ഒരു ചോദ്യം ചോദിച്ചു. അതായത്, കുഞ്ഞുങ്ങളുമായുള്ള ഈ കഷ്ടപ്പാടിന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം ഉളവാക്കിയ നിമിഷം ഏതായിരുന്നുവെന്ന്. അപ്പോള്‍ ഈ അപ്പന്‍, മദ്ധ്യവയ്ക്കനാണ്.... ഇല്ല! വേണമെങ്കില്‍ ചെറുപ്പക്കാരനാണെന്നു പറയാം. അദ്ദേഹം പറയുന്നുണ്ട്. ഞാന്‍ 13 വര്‍ഷവും ഈ രണ്ടു മക്കളെയും വളര്‍ത്തി. അതില്‍ എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമെന്നു പറയുന്നത്... അതില്‍ ഇളയവനുമായി ബന്ധപ്പെട്ടതായിരുന്നു. അവനായിരുന്നു തീരെ അവശന്‍. എഴുന്നേല്‍ക്കാന്‍പോലും പറ്റില്ലായിരുന്നു. സംസാരിക്കാന്‍ കഴിവില്ലായിരുന്നു. എന്നാല്‍  ദിവസത്തിന്‍റെ ചില സമയങ്ങളില്‍ അവന്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ആ ശബ്ദം എന്തിനുവേണ്ടിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് 5-ാമത്തെ വര്‍ഷത്തിലാണ്. ആ ശബ്ദം  പുറപ്പെടുവിക്കുന്നത് അവന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്കായിരുന്നു. അത് തിരിച്ചറിഞ്ഞ ദിവസം, എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നെന്ന് ഓര്‍ക്കുന്നു. അവ‍ന്‍റെ ആവശ്യം! എന്‍റെ ബലഹീനനായ കുഞ്ഞിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ ആ നിമിഷം! അപരന്‍റെ ജീവിതത്തിലെ വീഞ്ഞു തീര്‍ന്നുപോകുന്നത് തരിച്ചരിയാന്‍ നമുക്കു പറ്റുന്നുണ്ടോ? നിന്‍റെ കൂടെയുള്ള, എന്‍റെ കൂടെയുള്ള പ്രിയപ്പെട്ടവന്‍റെ ജീവിതത്തില്‍ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവങ്ങള്‍! സന്ദര്‍ഭങ്ങള്‍!! അത് തിരിച്ചറിയാന്‍ പറ്റുക എന്നുള്ളത് ജീവിത സന്തോഷമായി മാറും. നല്ല വീഞ്ഞ്, പുതുവീഞ്ഞ് ഉണ്ടാക്കിയെടുക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി അതാണ്.

തിരിച്ചറിവിന്‍റെ, അപരന്‍റെ ആവശ്യങ്ങളെ അറിയുന്ന ഹൃദയമുള്ളരാകാന്‍ ഈശോ നമ്മോട് ആവശ്യപ്പെടുന്നു. പരിശുദ്ധഅമ്മയും ആവശ്യപ്പെടുന്നു.! വീഞ്ഞു തീര്‍ന്നുപോകുന്ന നിന്‍റെ തൊട്ടുടത്തുള്ള, നിന്‍റെ സ്വന്തപ്പെട്ടവരുടെ ജീവിതത്തില്‍ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവം ഉണ്ടാകുമ്പോള്‍ അത് തിരിച്ചറിയുവാനുള്ള ശ്രദ്ധ, തിരിച്ചറിയുവാനുള്ള മനസ്സ്, തിരിച്ചരിയുവാനുള്ള ഹൃദയം.... എന്നിട്ട് ഇടപെടാന്‍...! അപ്പോഴണ് നല്ല വീഞ്ഞ്, മേല്‍‍ത്തരം വീഞ്ഞ് ഉണ്ടാകുവാനുള്ള വഴി തുറന്നുകിട്ടുന്നത്.

നമുക്കു പ്രാ‍ര്‍ത്ഥിക്കാം. ഈശോയേ, എന്‍റെ ജീവിതത്തിന്‍റെ അനുഭവങ്ങളെ നിന്‍റെ കരങ്ങളിലേയ്ക്കു തരുന്നു. ഒപ്പം അങ്ങ് എന്നെ ഏല്പിച്ചു തരുന്ന എന്‍റെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങളെയും സമര്‍പ്പിക്കുന്നു. എന്‍റെയും അവരുടെയും ജീവിതത്തില്‍ ആനന്ദിത്തിന്‍റെ, സന്തോഷത്തിന്‍റെ, സമൃദ്ധിയുടെ... ദൈവാനുഗ്രഹത്തിന്‍റെ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവങ്ങള്‍ വരുമ്പോള്‍... യേശുവേ, അവരുടെ ജീവിതത്തില്‍ തീര്‍ന്നുപോകുന്നത് അറിയുവാനുള്ള മനസ്സു തരണമേ! പരിശുദ്ധ അമ്മയുടെ അറിയാനുള്ള ഹൃദയം എനിക്കും തരണമേ. അത്രയധികം ശ്രദ്ധയോടെ ജീവിക്കാന്‍, വീഞ്ഞു തീരുന്നതു തിരിച്ചറിയുവാനുള്ള ശ്രദ്ധയോടെ ജീവിക്കാന്‍, അത് തിരിച്ചറിഞ്ഞിട്ട്, ആ തിരിച്ചറിവ് എളിമയോടെ അങ്ങേ കരങ്ങളിലേയ്ക്കു സമര്‍പ്പിക്കാന്‍.. ഒഴിഞ്ഞ മണ്‍കുടങ്ങളെ ഒരുക്കിവയ്ക്കാന്‍, ജീവിതത്തിന്‍റെ ഒഴിഞ്ഞ മണ്‍കുടങ്ങളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍വേണ്ട കൃപയും, ശ്രദ്ധയും ദൈവാശ്രയവും എനിക്കു തരണമേ... ആമേന്‍!








All the contents on this site are copyrighted ©.