2016-01-14 19:00:00

പാപ്പാ ഫ്രാ‍ന്‍സിസ് യുവജനങ്ങളെ ജൂബിലിക്കു ക്ഷണിക്കുന്നു


പൂജരാജാക്കളുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ലോകത്തുള്ള സകല യുവജനങ്ങള്‍ക്കുമായി അയച്ച ക്ഷണക്കത്ത്:

13-നും 16-നും  ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളെ ഉദ്ദേശിച്ചാണ് പാപ്പാ ക്ഷണക്കത്ത് അയച്ചത്. പെഹസഹാക്കാലത്തെ നാലാം ഞായറാഴ്ച ഏപ്രില്‍ 24-ാം തിയതി ‘യുവജനങ്ങളുടെ കാരുണ്യദിന’മായി വത്തിക്കാനില്‍ മാത്രമല്ല, പ്രാദേശിക സഭകളിലും ആഘോഷിക്കുമെന്ന് സന്ദേശത്തിലൂടെ പാപ്പാ യുവജനങ്ങളെ അറിയിച്ചു.

പ്രിയ യുവജനങ്ങളേ,

സഭ വിശുദ്ധവത്സരം ആഘോഷിക്കുയാണല്ലോ. കൃപയുടെയും സമാധാനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും സന്തോഷത്തിന്‍റെയും സമയമാണിത്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ജൂബിലി. എല്ലാപ്രായക്കാര്‍ക്കും അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും വേണ്ടിയാണ്. ഒരു ഭിത്തിക്കോ, ദൂരത്തിനോ, മനുഷ്യന്‍റെ പ്രതിബന്ധങ്ങള്‍ക്കോ ദൈവപിതാവിന്‍റെ ഈ കാരുണ്യാശ്ലേഷത്തെ തടയുവാനോ തള്ളിക്കളയുവാനോ സാദ്ധ്യമല്ല. കാരുണ്യകവാടങ്ങള്‍ റോമിലും ലോകത്തുള്ള എല്ലാ രൂപതകളിലും തുറന്നുകഴിഞ്ഞു.

പ്രിയ യുവജനങ്ങളേ, കൃപയുടെ ഈ നാളുകള്‍ നിങ്ങള്‍ക്കുമുള്ളതാണ്. അതില്‍ സജീവമായി പങ്കുചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ നിങ്ങള്‍ ഒരോരുത്തരും ദൈവത്തിന്‍റെ മകളും മകനുമാണെന്ന് അറിയുവാന്‍ വേണ്ടിയാണ് (1യോഹ. 3, 1). ക്രിസ്തുവാണ് നിങ്ങളെ ജൂബിലിക്കു ക്ഷണിക്കുന്നത്. അതുപോലെ, ഞാനും നിങ്ങളെ വ്യക്തിപരമായി ക്ഷണിക്കുന്നു. കാരണം നിങ്ങള്‍ക്കറിയാമോ? കരുണയുടെയും അനുരജ്ഞനത്തിന്‍റെയും അലിവിന്‍റെയും സ്രോതസ്സായ ദൈവപിതാവിന്‍റെ ഹൃദയത്തില്‍ നിങ്ങളുടെ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്ക 10, 20).

നാമെല്ലാവരും വിശുദ്ധിയില്‍ വളരാന്‍ അവസരം നല്കുന്നതും ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്നതുമായ ആഘോഷമാണ് ജൂബിലി. സഹോദര്യത്തിലുള്ള ഒത്തുചേരല്‍ ഏറെ മനോഹരമാണെന്നു മനസ്സിലാക്കുവാനുള്ള സംഗമമാണിത്. പരിശുദ്ധാരൂപിയില്‍ സന്തോഷിക്കുവാന്‍ ക്രിസ്തു പഠിപ്പിച്ചിട്ടുള്ള സാഹോദര്യക്കൂട്ടായ്മയുടെ ആഘോഷമാണിത്.

ആരെയും മാറ്റിനിറുത്താതെ സകലരെയും ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിലുള്ള കൂട്ടായ്മയാണിത്. അതുകൊണ്ടാണ് യുവജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും  ജൂബിലി ആഘോഷിക്കുവാനും ഞാന്‍ പ്രത്യേക ആഗ്രഹം പ്രകടമാക്കിയത്. ഏപ്രില്‍ മാസത്തില്‍ നിങ്ങളെ എല്ലാവരെയുമല്ലെങ്കിലും, കുറെപ്പേരെയെങ്കിലും ഒരുമിച്ചു കാണുവാന്‍ അതിയായി ആഗ്രഹിക്കുന്നു.

“പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍.” ഇതാണ് ജൂബിലിയുടെ പ്രതിപാദ്യവിഷയം. നിങ്ങളെ ഒരോരുത്തരെയും ക്രിസ്തുനാമത്തില്‍ ജൂബിലിക്കു ക്ഷണിച്ചുകൊണ്ട് ഉരുവിടുന്ന പ്രാര്‍ത്ഥനയുമാണിത്. കരുണകാണിക്കുക എന്നുവച്ചാല്‍ ധൈര്യപൂര്‍വ്വവും ഔദാര്യത്തോടെയും യഥാര്‍ത്ഥമായ സ്നേഹത്തില്‍ വളരുകയെന്നാണ്. ശാരീരക വളര്‍ച്ചപോലെതന്നെ ആത്മീയ വളര്‍ച്ചയുമാണത്. അങ്ങനെ സമാധാനപൂര്‍ണ്ണമായൊരു ലോകം വളര്‍ത്താന്‍ യുവജനങ്ങളായ നിങ്ങള്‍ മെല്ലെ മെല്ലെ ഉറച്ച തിരൂമാനങ്ങളും തിരഞ്ഞെടുപ്പുകളും എടുത്തുകൊണ്ട് കരുത്തുള്ള ക്രൈസ്തവരായി വളരണം.

അമ്പരപ്പിക്കുന്ന മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എന്തും സാദ്ധ്യമാണെന്നും സാദ്ധ്യമല്ലെന്നും ഒരുപോലെയും പെട്ടന്നും തോന്നുന്നൊരു കാലം! ഒരു യുവജനസംഘത്തോടു പറഞ്ഞ കാര്യങ്ങള്‍ താഴെ ആവര്‍ത്തിക്കട്ടെ:

“ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് വിശ്വാസജീവിതത്തില്‍ മുന്നേറുക. ഇതായിരിക്കട്ടെ നിങ്ങളുടെ ജീവിതസൂക്തം! ഒഴുക്കിനെതിരെ നീന്തുവാനുള്ള കരുത്ത് ദൈവം നിങ്ങള്‍ക്കു നല്കും. അനുദിന ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ പെടാതിരിക്കാന്‍ ജാഗ്രതപാലിക്കണം. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുന്നത് നല്ലതാണ്. ക്രിസ്തു നിങ്ങള്‍ക്ക് അതിനുള്ള ശക്തി നല്കും! .... അവിടുത്തോടു ചേര്‍ന്നു നിങ്ങള്‍ക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്യാനാകും. അവിടുത്തെ ശിഷ്യരും സാക്ഷികളുമാകുന്നതിന്‍റെ സന്തോഷം നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള ആദര്‍ശധീരത വളര്‍ത്തിയെടുക്കുക! ദൈവം നമ്മെ വലിയ കാര്യങ്ങളാണ് ഭരമേല്പിച്ചിരിക്കുന്നത്. അതിനാല്‍ ഉന്നതമായ ആദര്‍ശങ്ങള്‍ക്കായി ജീവിക്കുകയും എപ്പോഴും നിലകൊള്ളുകയും വേണം”  ( Reflection at the Conferral of the Sacrament of Confirmation, 2013).

യുദ്ധത്തിന്‍റെയും, കൊടുംപട്ടിണിയുടെയും, ജീവിത വ്യഗ്രതയുടെയും ഏകാന്തതയുടെയും സാഹചര്യങ്ങളില്‍ ജീവിക്കുന്ന യുവജനങ്ങളെ ഇത്തരുണത്തില്‍ മറക്കാനാവില്ല. നിങ്ങള്‍ പ്രത്യാശ കൈവെടിയരുത്! ദൈവത്തിനു നിങ്ങളെക്കുറിച്ച് വലിയ സ്വപ്നങ്ങളാണുള്ളത്. അവ നിങ്ങളുടെ സഹായത്തോടെ യാഥാര്‍ത്ഥ്യമാക്കേണ്ടവയുമാണ്! നിങ്ങളുടെ സമപ്രായക്കാര്‍, നിങ്ങളെക്കാള്‍ മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍, നിങ്ങളെ മറക്കില്ലെന്നും അറിയിക്കുവാന്‍ ഞാന്‍ ഇത്തരുണത്തില്‍ ആഗ്രഹിക്കുന്നു. അവര്‍ എല്ലായിടത്തും എല്ലാവരുടെയും സമാധാനത്തിനും നീതിക്കുമായി പരിശ്രമിക്കുന്നുണ്ട്. ചുറ്റുമുള്ള ഭീകരതയുടെയും വിദ്വേഷത്തിന്‍റെയും ചുറ്റുപാടുകള്‍ കണ്ടു നിങ്ങള്‍ പകച്ചുപോകരുത്.   

ചുറ്റും കേള്‍ക്കുന്ന അതിക്രമങ്ങളുടെ നിഷേധാത്മകമായ വിശേഷങ്ങള്‍ നിങ്ങളെ നിരാശരാക്കരുത്. പ്രത്യാശയോടെ നന്മയോടു കൂട്ടുചേരുക. ആവശ്യക്കാരെ സഹായിക്കുവാനും മടിക്കരുത്. ധൈര്യത്തോടെ ഒഴുക്കിനെതിരെ നീന്തുക. ‘സമാധാന രാജാവാ’യ ക്രിസ്തുവിന്‍റെ കൂട്ടുകാരായിരിക്കുക (ഏശയ 9, 6). അവിടുന്ന് സമ്പൂര്‍ണ്ണ കാരുണ്യമാണ്; കരുണയല്ലാതൊന്നും അവിടുന്നിലില്ല.

നിങ്ങള്‍ക്കെല്ലാവര്‍ക്കും റോമില്‍ വരുവാന്‍ പറ്റില്ലെന്ന് എനിക്കറിയാം. എന്നാല്‍ ജൂബിലി എല്ലാവര്‍ക്കുമുള്ളതാണല്ലോ! അതിനാല്‍ അത് നിങ്ങളുടെ രൂപതയിലും ഇടവകകളിലുമൊക്കെ ആചരിക്കുന്നുണ്ട്. ഈ സന്തോഷത്തിലേയ്ക്ക് നിങ്ങളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കെട്ടും ഭാണ്ഡവുമേന്തിയ നീണ്ടയാത്രയെക്കാള്‍ നിങ്ങളുടെ ഹൃദയങ്ങളും മനസ്സുകളും ഒരുക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. ജൂബിലിനാളില്‍ പങ്കുചേരുവാന്‍ പോകുന്ന അനുരജ്ഞനത്തിന്‍റെയും കൂട്ടായ്മയുടെയും കൂദാശകളില്‍ നിങ്ങള്‍ ഈശോയ്ക്ക് എന്തെല്ലാം ആശകളും പ്രത്യാശകളുമാണ് സമര്‍പ്പിക്കാന്‍ പോകുന്നതെന്ന് ശരിയായി ചിന്തിക്കുക.

ജീവിതവിശുദ്ധിയില്‍ നിങ്ങള്‍ വളരുവാനും, ദിവ്യകാരുണ്യത്താലും സുവിശേഷത്താലും, വചനത്താലും ജീവന്‍റെ അപ്പത്താലും പരിപോഷിതരാകുവാനും, അങ്ങനെ കൂടുതല്‍ നീതിയും സാഹോദര്യവുമുള്ളൊരു ലോകം വളര്‍ത്തുവാനുമുള്ള ജീവിത സമര്‍പ്പണത്തിന്‍റെ അടയാളമാണ് നിങ്ങള്‍ പ്രവേശിക്കുന്ന വിശുദ്ധകവാടം. ജൂബിലി കവാടത്തിലേയ്ക്കുള്ള നിങ്ങളുടെ യാത്രയെ ദൈവം അനുഗ്രഹിക്കട്ടെ! നിങ്ങളുടെ ഓരോ ചുവടുവയ്പും പരിശുദ്ധാരൂപി നയിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും, നിങ്ങളെ നന്മയില്‍ വളരാന്‍ സഹായിക്കുന്ന സകലരെയും കരുണ്യത്തിന്‍റെ കവാടമായ പരിശുദ്ധ കന്യകാനാഥ കാത്തുപാലിക്കട്ടെ!

വതതിക്കാനില്‍നിന്നും പൂജരാജക്കളുടെ മഹോത്സവത്തില്‍

6 ജനുവരി 2016

സ്നേഹപൂര്‍വ്വം

+ പാപ്പാ ഫ്രാന്‍സിസ്

 








All the contents on this site are copyrighted ©.